പി.എസ്.സിയിൽ അടിമുടി പരിഷ്കരണം; ഇനി മുതൽ പരീക്ഷയ്ക്ക് രണ്ട് ഘട്ടം
തിരുവനന്തപുരം: പി.എസ്.സിയുടെ പരീക്ഷാ രീതിയിൽ കാതലായിട്ടുള്ള മാറ്റങ്ങൾ കൊണ്ടുവരാൻ തീരുമാനമായെന്ന് പി.എസ്.സി ചെയർമാൻ എം.കെ സക്കീർ അറിയിച്ചു.
പി.എസ്.സി രൂപീകരിച്ചതു മുതൽ ഒറ്റ പരീക്ഷയിലൂടെ ഉദ്യോഗാർത്ഥികളെ റാങ്ക് ചെയ്യുന്ന സംവിധാനമാണ് ഇതുവരെ ഉണ്ടായിരുന്നത്. ഇത് പരിഷ്കരിച്ചുകൊണ്ട് സെൻട്രൽ സർവ്വീസുകളിൽ ഉള്ളതു പോലെ പരീക്ഷകൾ നടത്താനാണ് തീരുമാനമായിരിക്കുന്നത്.
രണ്ട് ഘട്ടങ്ങളിലായാണ് പി.എസ്.സി പരീക്ഷ ഇനി നടക്കുക. സ്ക്രീനിങ്ങ് ടെസ്റ്റ് നടത്തിയതിന് ശേഷമായിരിക്കും ഉദ്യോഗാർത്ഥികളെ രണ്ടാം ഘട്ടത്തിലേക്ക് കടത്തിവിടുക. രണ്ടാം ഘട്ട പരീക്ഷയുടെ മാർക്കിന്റെ അടിസ്ഥാനത്തിലാണ് റാങ്ക് ലിസ്റ്റ് തയ്യാറാക്കുക.
പി.എസ്.സിയിൽ ഈ പുതിയ പരിഷ്കരണം തിങ്കളാഴ്ച്ച മുതൽ നിലവിൽ വന്നുവെന്നു അദ്ദേഹം അറിയിച്ചു. സ്ക്രീനിങ്ങ് പരീക്ഷയിൽ ഉദ്യോഗാർത്ഥികൾ നേടിയ മാർക്ക് റാങ്ക് ലിസ്റ്റിനെ ബാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
കൊവിഡ് കാലത്ത് പി.എസ്.സിയുടെ പ്രവർത്തനങ്ങളിൽ തടസപ്പെട്ടില്ലെന്നും പന്ത്രാണ്ടായിരത്തിലധികം നിയമന ശുപാർശകൾ നടന്നുവെന്നും പി.എസ്.സി ചെയർമാൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു