ദുർബലനായ മന്ത്രിയെന്ന് ചിത്രീകരിച്ചു, ഭാര്യയുടെ പേരും വലിച്ചിഴച്ചു, എല്ലാം ചെയ്തത് അവർ- തുറന്നുപറഞ്ഞ് അനൂപ് ജേക്കബ്
തിരുവനന്തപുരം: യു.ഡി.എഫ് ഭരണകാലത്ത് തനിക്കെതിരെ വിജിലൻസ് കേസുകൾ കെട്ടിച്ചമച്ചത് ചില നിക്ഷിപ്ത കേന്ദ്രങ്ങളാണെന്നും അവർ ഇപ്പോഴും സജീവമാണെന്നും മുൻ ഭക്ഷ്യ മന്ത്രിയും കേരള കോൺഗ്രസ് (ജേക്കബ്) ലീഡറുമായ അനൂപ് ജേക്കബ്. പാർട്ടിയിൽ ഉണ്ടായിരുന്ന ചിലർക്ക് ഇതിൽ പങ്കുണ്ട്. എനിക്കെതിരെ ഉയർന്നതെല്ലാം വ്യാജ പരാതികളാണെന്ന് അന്നു തന്നെ ഞാൻ പറഞ്ഞിരുന്നു. അഞ്ചോളം വിജിലൻസ് കേസുകളാണ് നേരിടേണ്ടി വന്നത്. വ്യാജ പരാതികൾ ബോധപൂർവ്വം ഈ കേന്ദ്രങ്ങൾ വിജിലൻസിന് കൊടുത്തതാണ്. സമൂഹമദ്ധ്യത്തിൽ എന്നെ അവഹേളിക്കാനുള്ള ശ്രമങ്ങളാണ് നടന്നത്. ഒരു പരാതി കിട്ടികഴിഞ്ഞാൽ വിജിലൻസ് പ്രാഥമിക അന്വേഷണം നടത്തും. അത്തരത്തിൽ അന്വേഷണം നടക്കുമ്പോൾ മന്ത്രിക്കെതിരെ വിജിലൻസ് അന്വേഷണമെന്ന രീതിയിൽ വലിയ വാർത്ത വരും. ഇത്തരത്തിൽ എനിക്കെതിരെ അന്വേഷണം നടത്താനുള്ള ശ്രമങ്ങൾ നടത്തിയതെല്ലാം പാർട്ടിയിൽ ഉണ്ടായിരുന്ന ചില കേന്ദ്രങ്ങൾ ആയിരുന്നു. എല്ലാ പരാതികളും വ്യാജമാണെന്ന് കണ്ടെത്തിയ കോടതി പിന്നീട് ചെലവ് സഹിതമാണ് അവയൊക്കെ തള്ളിയത്. മന്ത്രിയായിരുന്ന സമയത്ത് എന്റെ ബോദ്ധ്യത്തിൽ സത്യസന്ധമായ കാര്യങ്ങൾ മാത്രമേ ഞാൻ ചെയ്തിട്ടുള്ളൂ. ദുർബലനായ മന്ത്രിയാണ് ഞാനെന്ന് ചിത്രീകരിക്കാനുള്ള ശ്രമങ്ങൾ കരുതിക്കൂട്ടി തന്നെ നടന്നിരുന്നു. ഒരു മാസം നീണ്ടു നിന്ന ഓണച്ചന്ത ഞാൻ മന്ത്രിയായിരുന്ന സമയത്താണ് ആരംഭിക്കുന്നത്. ഈ സർക്കാർ പത്ത് ദിവസം മാത്രമാണ് ഓണച്ചന്തകൾ നടത്തുന്നത്. കമ്പ്യൂട്ടറൈസേഷന് തുടക്കം കുറിച്ചതും രജിസ്ട്രേഷൻ വകുപ്പിൽ ഓൺലൈൻ സേവനങ്ങൾ ആരംഭിച്ചതും പൊതു വിതരണ സമ്പ്രദായത്തിൽ കൃത്യമായ വിതരണ തോത് നടപ്പാക്കിയതും ഞാൻ മന്ത്രിയായിരുന്ന സമയത്താണ്. സിവിൽ സപ്ലൈസ് വകുപ്പിൽ പ്രാദേശികമായ ഷോപ്പിംഗ് മാളുകൾ, മാവേലി സ്റ്റോറുകളിൽ മോണിറ്ററിംഗ് കമ്മിറ്റി, സഞ്ചരിക്കുന്ന ആധുനിക സപ്ലൈകോ മാവേലി സ്റ്റോറുകൾ, കർഷകരുടെ അക്കൗണ്ടിലേക്ക് പണം എത്തുന്ന പി.ആർ.എസ് സംവിധാനം തുടങ്ങി നൂതനമായ ആശയങ്ങളെല്ലാം ഞാൻ നടത്തിയതാണ്. അതിൽ ഇന്നും ഞാൻ അഭിമാനിക്കുന്നു. പക്ഷേ, എന്നെ കരിവാരി തേയ്ക്കാനുള്ള ശ്രമങ്ങളാണ് അക്കാലത്ത് നടന്നത്. കാലം അതെല്ലാം തെളിയിച്ച് കൊണ്ടിരിക്കുകയാണ്.അനൂപ് ജേക്കബ് ഫ്ലാഷിനോട് സംസാരിക്കുന്നു..ഭാര്യയുടെ നിയമനംഎന്റെ ഭാര്യയ്ക്ക് യു.ഡി.എഫ് സർക്കാർ ജോലി നൽകിയെന്നാണ് അന്ന് ചിലർ പറഞ്ഞു നടന്നത്. ഒരു ജോലിയും ആരും ഭാര്യയ്ക്ക് നൽകിയിട്ടില്ല. അവർ ഭാഷ ഇൻസ്റ്റിറ്റ്യൂട്ടിൽ ഡെപ്യൂട്ടേഷനിലാണ് ജോലിയിൽ പ്രവേശിച്ചത്. അതിനെ സർക്കാർ നിയമനം നൽകിയെന്നായിരുന്നു പ്രചരിപ്പിച്ചത്. ഡെപ്യൂട്ടേഷനും നിയമനവും രണ്ടും രണ്ടാണ്. ഭാര്യയ്ക്കെതിരെവരെ വിജിലൻസ് കേസുണ്ടായിരുന്നു. മന:പൂർവ്വം ഉണ്ടാക്കിയ നാടകങ്ങളായിരുന്നു ഇവയെല്ലാം. ഞാൻ മന്ത്രിയാകുന്നതിന് മുമ്പാണ് ഭാര്യയ്ക്ക് ഡെപ്യൂട്ടേഷൻ ലഭിക്കുന്നത്. അതിനെയാണ് മന്ത്രിയുടെ ഭാര്യയ്ക്ക് സർക്കാർ നിയമനം എന്ന വാർത്ത പ്രചരിപ്പിച്ചത്.ജോണി നെല്ലൂരും നാമമാത്രമായ ആൾക്കാരുംജോണി നെല്ലൂരും ചില നേതാക്കന്മാരും അടക്കം നാമമാത്രമായ ആൾക്കാർ മാത്രമാണ് പാർട്ടി വിട്ടുപോയത്. അവരിൽ ഭൂരിപക്ഷം പേരും തിരിച്ചുവന്നുകൊണ്ടിരിക്കുകയാണ്. ജോണി നെല്ലൂരിന്റെ തട്ടകമായ മൂവാറ്റുപുഴയിൽ ഉണ്ടായിരുന്നവർ വരെ മാതൃസംഘടനയിലേക്ക് തിരിച്ചുവരികയാണ്. ആലപ്പുഴയിൽ നിന്ന് അദ്ദേഹത്തിന് ഒപ്പം പോയ അരൂർ, ചേർത്തല ഭാഗത്ത് നിന്നുള്ളവരെല്ലാം തിരിച്ചുവന്നു. കണ്ണൂരും കൊല്ലത്തും ഉള്ളവരാണ് ഇനി വരാനുള്ളത്. അവർ അടുത്ത ദിവസങ്ങളിൽ തന്നെ മടങ്ങിവരും. കേരളകോൺഗ്രസിലെ എല്ലാവരും ലയിക്കുന്നുവെന്ന് പറഞ്ഞ് തെറ്റിദ്ധരിപ്പച്ചതിന്റെ അടിസ്ഥാനത്തിലാണ് ഇവരെല്ലാം ജോണിനെല്ലൂരിനൊപ്പം പോയത്. യാഥാർത്ഥ്യം തിരിച്ചറിഞ്ഞാണ് അവരെല്ലാം മടങ്ങിവരുന്നത്. ഇവിടെതന്നെ നിന്നിരുന്നങ്കിൽ വരുന്ന നിയമസഭ തിരഞ്ഞെടുപ്പിൽ ജോണി നെല്ലൂരിന് സീറ്റ് ഉറപ്പായിരുന്നു. പാർട്ടി ചെയർമാൻ എന്ന നിലയിലും യു.ഡി.എഫ് സെക്രട്ടറി എന്ന നിലയിലും അദ്ദേഹത്തിന് സീറ്റ് ഉണ്ടാകുമായിരുന്നു. കോൺഗ്രസ് നേതൃത്വവുമായി നടന്ന അനൗദ്യോഗിക ചർച്ചകളിലെല്ലാം ജോണി നെല്ലൂരിന് സീറ്റ് കൊടുക്കാം എന്ന ഏകദേശ അഭിപ്രായ ഐക്യമുണ്ടായിരുന്നു. യു.ഡി.എഫ് നേതൃത്വം തത്വത്തിൽ അത് അംഗീകരിച്ചിരുന്നു.കൂടുതൽ സീറ്റ് കിട്ടുംതദ്ദേശ തിരഞ്ഞെടുപ്പിൽ പാർട്ടിക്ക് അർഹമായ പ്രാതിനിധ്യം മുന്നണിയിൽ കിട്ടും. ജോണി നെല്ലൂർ അപ്പുറത്ത് പോയത് കൊണ്ട് പാർട്ടിക്ക് പ്രാതിനിധ്യം കിട്ടാതിരിക്കില്ല. പതിറ്റാണ്ടുകളായി യു.ഡി.എഫിനൊപ്പം നിൽക്കുന്ന പാർട്ടിയാണിത്. നിയമസഭയിൽ ഒന്നിൽ കൂടുതൽ സീറ്റിൽ പാർട്ടി മത്സരിക്കും. നാല് സീറ്റിൽ വരെ മത്സരിച്ചിട്ടുള്ള പാർട്ടിയാണിത്. കഴിഞ്ഞ തവണ ഒരു സീറ്റിൽ പാർട്ടി ഒതുങ്ങാനുള്ള കാരണം ജോണി നെല്ലൂർ ഉടുമ്പൻചോല സീറ്റ് സ്വീകരിക്കാത്തത് കൊണ്ടാണ്. ഒന്നിൽ കൂടുതൽ എം.എൽ.എമാരും പാർട്ടിക്ക് അടുത്ത തവണയുണ്ടാകും.