‘ഖുറാന് ഒളിച്ച് കടത്തേണ്ട ഒന്നല്ല’; മതത്തേയും മതഗ്രന്ഥത്തേയും സ്വര്‍ണക്കടത്ത് കേസിലേക്ക് വലിച്ചിട്ടത് ശരിയായില്ലെന്ന് പി.കെ കുഞ്ഞാലിക്കുട്ടി
മലപ്പുറം: സ്വര്‍ണ്ണക്കടത്ത് വിവാദത്തിലേക്ക് മതത്തേയും മതഗ്രന്ഥത്തെയും മന്ത്രി കെ. ടി ജലീല്‍ വലിച്ചിഴച്ചത് ശരിയായില്ലെന്ന് പി. കെ കുഞ്ഞാലിക്കുട്ടി. ഖുറാന് ഒളിച്ച് കൊണ്ട് വരേണ്ട ഒന്നല്ലെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്ര സര്‍ക്കാര്‍ ഏജന്‍സികളുടെ അന്വേഷണം മാത്രമാണ് ഇപ്പോള്‍ നടക്കുന്നതെന്നും വിജിലന്‍സ് അന്വേഷണം സര്‍ക്കാര്‍ അട്ടി മറിക്കുകയാണെന്നും കുഞ്ഞാലിക്കുട്ടി ആരോപിച്ചു.
പി.എസ്.സി റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ക്ക് നിയമനം നല്‍കാതെ സര്‍ക്കാര്‍ കളിപ്പിക്കുകയാണ്. വിമാനദുരന്തത്തിന്റെ പേരില്‍ കരിപ്പൂര്‍ വിമാനത്താവളത്തെ തകര്‍ക്കാനുള്ള ആസൂത്രിത ശ്രമമാണ് നടക്കുന്നത്. ഇത് അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
നേരത്തെ മന്ത്രി കെ. ടി ജലീല്‍ പ്രോട്ടോകോള്‍ ലംഘിച്ച് യു.എ.ഇ കോണ്‍സുലേറ്റുമായി ഇടപെട്ടതായി അന്വേഷണ ഏജന്‍സികള്‍ വിദേശ കാര്യ മന്ത്രാലയത്തിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
മന്ത്രിമാര്‍ നേരിട്ട് വിദേശ രാജ്യങ്ങളുടെ ഓഫീസുമായി ബന്ധപ്പെടരുതെന്ന നിര്‍ദേശം ജലീല്‍ പലവട്ടം ലംഘിച്ചെന്നും, യു.എ.ഇ നയതന്ത്ര പ്രതിവിധികളുമായി നേരിട്ട് ഇടപെടരുതെന്നും റിപ്പോര്‍ട്ടിലുണ്ട്.
അതേസമയം സ്വര്‍ണക്കടത്ത് കേസില്‍ മതഗ്രന്ഥങ്ങളെ മറയാക്കി ജലീല്‍ രക്ഷപ്പെടാന്‍ ശ്രമിക്കുകയാണെന്ന് കെ. മുരളീധരന് എം.പിയും പറഞ്ഞിരുന്നു. എന്‍.ഐ.എ അന്വേഷണത്തിന് പകരം സിബിഐ അന്വേഷണം കൊണ്ട് വന്നാല്‍ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ പങ്കും വെളിപ്പെടുമെന്നു അദ്ദേഹം ആരോപിച്ചിരുന്നു.