‘ശിവശങ്കരൻ വഞ്ചകന്, ദുർഗന്ധം മുഖ്യമന്ത്രിയുടെ ഓഫിസിലേക്ക് എത്തിയിട്ടില്ല’: ജി സുധാകരന്
ഐഎഎസുകാരിൽ ദുർ സ്വഭാവക്കാരുണ്ട്. ദുർഗന്ധം ശിവശങ്കരൻ വരെ മാത്രമേയുള്ളൂ, മുഖ്യമന്ത്രിയുടെ ഓഫിസിലേക്ക് എത്തിയിട്ടില്ലെന്നും ശിവശങ്കരൻമാരെ സൃഷ്ടിക്കാൻ സമ്മതിക്കില്ലെന്നും ജി സുധാകരന്
തിരുവനന്തപുരം: ലൈഫ് മിഷൻ പദ്ധതി കോൺട്രാക്ടറിൽ നിന്ന് സ്വപ്ന പണം വാങ്ങിയതിന് ഞങ്ങൾ എന്ത് പിഴച്ചുവെന്ന് ജി സുധാകരന്. ശിവശങ്കരൻ വഞ്ചകനാണ്. പക്ഷേ സ്വർണ്ണകടത്തിൽ ശിവശങ്കരന് പങ്കുണ്ടെന്ന് തെളിഞ്ഞിട്ടില്ല. ശിവശങ്കരന് സര്‍ക്കാരിനോട് വിശ്വാസ വഞ്ചന കാട്ടി അതാണ് സസ്പെൻഷന് കാരണം. ഐഎഎസുകാരിൽ ദുർസ്വഭാവക്കാരുണ്ട്.
ദുർഗന്ധം ശിവശങ്കരൻ വരെ മാത്രമേയുള്ളൂ, മുഖ്യമന്ത്രിയുടെ ഓഫിസിലേക്ക് എത്തിയിട്ടില്ലെന്നും ജി സുധാകരന് പറയുന്നു. ശിവശങ്കരൻമാരെ സൃഷ്ടിക്കാൻ സമ്മതിക്കില്ലെന്നും ജി സുധാകരന് കൂട്ടിച്ചേര്‍ത്തു.മുഖ്യമന്ത്രി അറിഞ്ഞ് കൊണ്ട് ഒരു തെറ്റും ചെയ്തിട്ടില്ലെന്നും അറിയാതെ ചെയ്ത കുറ്റങ്ങൾക്ക് ഭരണഘടനാ ബാധ്യതയില്ലെന്നും ജി സുധാകരൻ പറഞ്ഞു.
ഇതാദ്യമായാണ് സർക്കാറിലെ ഉന്നതസ്ഥാനത്തിരിക്കുന്ന ഓരാൾ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയെ ഈ രിതിയിൽ പരസ്യമായി തള്ളിപ്പറയുന്നത്. ശിവശങ്കറിന് മേൽ വിവിധ അന്വേഷണ ഏജൻസികൾ പിടിമുറുക്കുന്നതിനിടെയാണ് കുറ്റപ്പെടുത്തി കയ്യൊഴിയൽ . പ്രതികളും ശിവശങ്കറും തമ്മിലെ കൂടുതൽ ബന്ധങ്ങളാണ് ഓരോ ദിവസവും പുറത്ത് വരുന്നത്. ശിവശങ്കറിന് അപ്പുറത്തേക്ക് മുഖ്യമന്ത്രിയുടെ ഓഫീസിൽ ആർക്കും ഇടപാടിൽ ബന്ധമില്ലെന്ന സിപിഎം നിലപാട് ആവർത്തിച്ചാണ് സുധാകരൻറെ വിമർശനം
മാധ്യമങ്ങളോട് മാന്യമായി പെരുമാറണമെന്ന് ഞങ്ങൾ തീരുമാനിച്ചിട്ടുണ്ട്. ഞങ്ങളോടും മാധ്യമങ്ങൾ നീതി കാണിക്കണമെന്നും ജി സുധാകരന് ആവശ്യപ്പെട്ടു.വിമർശനം ആകാം പക്ഷെ നല്ലത് കണ്ടില്ലെന്ന് നടിക്കരുതെന്നും ജി സുധാകരൻ പറഞ്ഞു. ദേശിയപാത അതോറിറ്റി കേരളത്തോട് നീതി കാണിച്ചില്ല ഇതാണ് സംസ്ഥാനത്ത് ദേശീയപാത വികസനം വൈകാൻ കാരണമായത്. മുഖ്യമന്ത്രിയെ വേട്ടയാടുന്നവർ എന്തിന് അദ്ദേഹത്തിന്റെ കുടുംബത്തെ വേട്ടയാടുന്നു. മാധ്യമ പ്രവർത്തകരെ വേട്ടയാടുന്നത് ശരിയല്ലെന്നും ജി സുധാകരന് പറഞ്ഞു.