കോവിഡ് :ജനം ആശങ്കയിൽ കാസർകോട്ട് പിഞ്ചുകുഞ്ഞടക്കം നാലു മരണം
കാസര്‍കോട്: കാസര്‍കോട് ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ച നാലുപേര്‍ കൂടി മരണത്തിന് കീഴടങ്ങി. വിഷം അകത്തുചെന്ന് ചികിത്സയിലായിരുന്ന കോളിച്ചാല്‍ ഒറോട്ടിക്കാനത്തെ മാധവന് (54), പൈവളിഗെ ചിപ്പാര്പദവിലെ അബ്ദുല്റഹ്മാന്-മുംതാസ് ദമ്പതികളുടെ മകള്‍ റിസ ഫാത്തിമ(ഏഴ്), ബൈക്കപകടത്തില്‍ പരിക്കേറ്റ ചെറുവത്തൂര്‍ കുഴിഞ്ഞൊടി പെട്രോള്‍ പമ്പിലെ ജീവനക്കാരന് പിലിക്കോട് മട്ടലായിയിലെ പനയിന് പിയൂസ്(61), വീഴ്ചയില്‍ തുടയെല്ല് പൊട്ടി ചികിത്സയിലായിരുന്ന കൊറക്കോട് ബയല്റോഡിലെ ഗുളികന് ദേവസ്ഥാനം പ്രധാന പൂജാരി മോഹനപൂജാരി(75) എന്നിവരാണ് വ്യത്യസ്ത ദിവസങ്ങളില്‍ മരിച്ചത്. കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്നതിനിടെയാണ് മാധവന് മരിച്ചത്. ആഗസ്ത് നാലിനാണ് മാധവനെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്. പരിശോധനയില്‍ കോവിഡ് സ്ഥിരീകരിച്ചിരുന്നു. കോവിഡ് നിരീക്ഷണത്തില്‍ ചികിത്സയില്‍ കഴിയുന്നതിനിടെ ശനിയാഴ്ചയാണ് മാധവന് മരിച്ചത്. മരണശേഷം നടത്തിയ പരിശോധനയിലും കോവിഡ് സ്ഥിരീകരിച്ചതോടെ മൃതദേഹം സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ച് കോളിച്ചാലിലെ വീട്ടുവളപ്പില്‍ സംസ്കരിച്ചു. ഭാര്യ: രുഗ്മ ിണി. മക്കള്‍: മഹേഷ്, മായ. മരുമകള്‍: രേവതി.
ഏഴുവയസുകാരി റിസ ഫാത്തിമയും കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജിലാണ് മരിച്ചത്. ന്യൂമോണിയ ബാധിച്ചതിനെ തുടര്‍ന്ന് റിസയെ ഒരാഴ്ച മുമ്പാണ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്. ഇവിടെ നടത്തിയ പരിശോധനയില്‍ കോവിഡ് സ്ഥിരീകരിച്ചു. ഞായറാഴ്ച മരണം സംഭവിക്കുകയായിരുന്നു. അഹമ്മദ് അയാന് സഹോദരനാണ്.
പയ്യന്നൂരിലെ സ്വകാര്യാസ്പത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെയാണ് പനയിന് പിയൂസ് മരിച്ചത്. ആഗസ്ത് ഏഴിന് രാത്രി 7.30ന് കുഴിഞ്ഞൊടിയിലെ പെട്രോള്‍ പമ്പില്‍ നിന്ന് ജോലി കഴിഞ്ഞ് വീട്ടിലേക്ക് നടന്നുപോകുമ്പോള്‍ മേല്‍പ്പാലത്തിനടുത്ത് വെച്ച് പിയൂസിനെ ബൈക്ക് ഇടിച്ചുവീഴ്ത്തുകയായിരുന്നു. ഗുരുതരമായി പരിക്കേറ് പിയൂസ് ആസ്പത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെ നടത്തിയ പരിശോധനയില്‍ കോവിഡ് പോസിറ്റീവാണെന്ന് കണ്ടെത്തി. കഴിഞ്ഞ ദിവസമായിരുന്നു മരണം. മൃതദേഹം കോവിഡ് പ്രോട്ടോക്കോള്‍ പ്രകാരം തൃക്കരിപ്പൂര്‍ നടക്കാവ് സെന്റ് പോള്‍സ് സെമിത്തേരിയില്‍ സംസ്കരിച്ചു. ഭാര്യ: എന്‍. ഹെല്‍ന. മക്കള്‍: മാര്ട്ടിന് ജോയ് (ഡ്രൈവര്‍), ലൂയിസ ജോസ് (അധ്യാപിക കയ്യൂര്‍ ഐ.ടി.ഐ). മരുമകന്: റെജി. സഹോദരങ്ങള്‍: ഡൊമിനിക്, പരേതനായ സെബാസ്റ്റ്യന്‍.
വീഴ്ചയെ തുടര്‍ന്ന് കാസര്‍കോട് ജനറല്‍ ആസ്പത്രിയില്‍ ചികിത്സയിലായിരുന്ന മോഹനപൂജാരിയെ നില ഗുരുതരമായതിനെ തുടര്‍ന്ന് കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയിരുന്നു. തുടര്‍ന്നാണ് കോവിഡ് സ്ഥിരീകരിച്ചത്. ശ്വാസതടസവും ഹൃദയസംബന്ധമായ അസുഖങ്ങളും മോഹനപൂജാരിയെ അലട്ടിയിരുന്നു. കുടുംബാംഗങ്ങളില്‍ ചിലര്‍ക്കും കോവിഡ് പോസിറ്റീവാണ്. മൃതദേഹം മെഡിക്കല്‍ കോളേജില്‍ നിന്ന് ആരോഗ്യപ്രവര്‍ത്തകര്‍ കാസര്‍കോട് ജനറല്‍ ആസ്പത്രിയിലേക്ക് മാറ്റി. മക്കളടക്കം ക്വാറന്റൈനില്‍ കഴിയുന്നതിനാല്‍ മൃതദേഹം കോവിഡ് മാനദണ്ഡപ്രകാരം ആരോഗ്യപ്രവര്‍ത്തകര്‍ കാസര്‍കോട് നുള്ളിപ്പാടി ചെന്നിക്കരയിലെ വാതകശ്മശാനത്തില്‍ സംസ്കരിക്കും.