നീലേശ്വരം നഗരസഭയ്ക്ക് സമ്പൂര്‍ണ്ണ ശുചിത്വ പദവി കേരളത്തിലെ ചുരുക്കം ചില നഗരസഭകള്‍ക്ക് മാത്രമാണ് ഈ അംഗീകാരം ലഭിച്ചത്
നീലേശ്വരം:നീലേശ്വരം നഗരസഭയ്ക്ക് സമ്പൂര്‍ണ്ണ ശുചിത്വ പദവി നല്കി കൊണ്ടുള്ള പ്രഖ്യാപനം നടന്നു. ഹരിത കേരള മിഷന് എക്സിക്യൂട്ടീവ് വൈസ് ചെയര്‍പേഴ്സണ്‍ ഡോ: ടി എന്‍ സീമയാണ് ശുചിത്വ പദവി പ്രഖ്യാപനം നടത്തിയത്. ഹരിത ശുചിത്വ നീലേശ്വരം എന്ന ലക്ഷ്യത്തോടെ ,പത്തുവര്‍ഷത്തിലേറെയായി പൂട്ടി കിടന്നിരുന്ന ചിറപ്പുറത്തെ മാലിന്യസംസ്കരണ പ്ലാന്റ് തുറന്നു പ്രവര്‍ത്തിക്കുകയും പ്ലാസ്റ്റിക് ഷ്രെഡിംഗ് യൂണിറ്റ്, ബെയിലിംഗ് യൂണിറ്റ് തുടങ്ങിയ ആധുനിക യന്ത്രസാമഗ്രികള്‍ സ്ഥാപിച്ച് പ്ലാസ്റ്റിക് മാലിന്യങ്ങള്‍ പൊടിച്ചു ക്ലീന്‍ കേരള പദ്ധതിക്ക് കൈമാറാന്‍ തുടങ്ങിയതോടെയാണ് നീലേശ്വരം പ്രദേശം പ്ലാസ്റ്റിക് മാലിന്യങ്ങളില്‍ നിന്നും രക്ഷനേടാന്‍ തുടങ്ങിയത്.
അതോടൊപ്പം പ്ലാന്റില്‍ യന്ത്രങ്ങള്‍ ഉപയോഗിച്ച് പൊടിച്ച പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ റോഡ് നിര്‍മാണത്തിനുള്ള ടാര്‍ മിശ്രിതമായി ഉപയോഗിക്കാന്‍ സാധിച്ചതും, മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നവര്‍ക്ക് പിഴ ഈടാക്കാന്‍ തുടങ്ങിയതും നീലേശ്വരം നഗരസഭയുടെ ശുചിത്വ പദവി ലഭിക്കുന്നതിനുള്ള മാനദണ്ഡങ്ങളായി മാറി.
നീലേശ്വരം ഹരിത കര്‍മ്മ സേനയുടെ പ്രവര്‍ത്തനങ്ങള്‍ തികച്ചും മാതൃകാപരമാണെന്നും ശുചിത്വ പദവി പ്രഖ്യാപിച്ചു കൊണ്ട് ഡോ: ടി.എന്‍.സീമ അഭിപ്രായപ്പെട്ടു. കേരളത്തിലെ ചുരുക്കം ചില നഗരസഭകള്‍ക്ക് മാത്രമാണ് ഈ അംഗീകാരം ലഭിച്ചത്.