എന്തുകൊണ്ടാണ് പ്രധാനമന്ത്രി ക്വാറന്റീനില്‍ പോകാന്‍ തയ്യാറാകാത്തത്? ചോദ്യവുമായി ശിവസേന, ഒപ്പം ആത്മനിര്‍ഭര്‍ പദ്ധതിക്ക് പരിഹാസവും
ന്യൂഡല്‍ഹി : അയോദ്ധ്യയില്‍ രാമക്ഷേത്ര നിര്‍മ്മാണത്തിന്റെ ഭൂമിപൂജ ചടങ്ങില്‍ പങ്കെടുത്ത നൃത്യ ഗോപാല്‍ ദാസിന് കൊവിഡ് സ്ഥിരീകരിച്ചിട്ടും പ്രധാനമന്ത്രി നരേന്ദ്ര മോദി എന്തുകൊണ്ടാണ് ക്വാറന്റീനില്‍ പോവാത്തതെന്ന് ശിവസേന. മുഖപത്രമായ സാമ്നയിലൂടെ ശിവസേന എം.പിയും പാര്‍ട്ടി നേതാവുമായ സഞ്ജയ് റാവത്താണ് മോദിയോട് ഈ ചോദ്യം ചോദിക്കുന്നത്.
ആഗസ്റ്റ് 5ന് അയോദ്ധ്യയിലെ രാമക്ഷേത്രത്തിന്റെ ശിലാസ്ഥാപന ചടങ്ങില്‍ ദിവസങ്ങള്‍ക്കുള്ളില്‍ കോവിഡ് സ്ഥിരീകരിച്ച നൃത്യ ഗോപാല്‍ ദാസുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തിടപഴകിയ സാഹചര്യം ചൂണ്ടിക്കാട്ടിയാണ് ശിവസേനയുടെ വിമര്‍ശനം. ഭൂമി പൂജ ചടങ്ങില്‍ ട്രസ്റ്റ് അധ്യക്ഷന്‍ ഹസ്തദാനം നല്കിയ മോദി ഇപ്പോള്‍ ക്വാറിന്റീനിലാണോ എന്നും അങ്ങനെ പോകുവാന്‍ തയാറാകുമോയെന്നും ശിവസേന നേതാവ് ചോദിച്ചു.
‘ഭൂമി പൂജ ചടങ്ങില്‍ 75 കാരനായ ട്രസ്റ്റ് അദ്ധ്യക്ഷന്‍ വേദിയില്‍ ഉണ്ടായിരുന്നു. അദ്ദേഹം മാസ്ക് ഉപയോഗിച്ചില്ലെന്നും വ്യക്തമായി കണ്ടു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആര്.എസ്.എസ് മേധാവി മോഹന്‍ ഭഗവത്തും ട്രസ്റ്റ് അദ്ധ്യക്ഷനുമായി ഇടപഴകിയിരുന്നു. പ്രധാനമന്ത്രി മോദി ഭക്തിയോടെ കൈ പിടിച്ചു. അതിനാല്‍, ഞങ്ങളുടെ പ്രധാനമന്ത്രിയെയും ക്വാറന്റീനില്‍ പ്രവേശിക്കേണ്ടതല്ലേ?’ സഞ്ജയ് റാവത്ത് ചോദിക്കുന്നു.
ഈ സാഹചര്യത്തില്‍ മന്ത്രിമാരും ഉദ്യോഗസ്ഥരും ജനപ്രതിനിധികളുമെല്ലാം ഈ രോഗഭീഷണിയുടെ നിഴലിലാണെന്നും റാവത്ത് സാമ്നയിലെ തന്റെ ലേഖനത്തിലൂടെ പറയുന്നു. 175 പേരാണ് അയോദ്ധ്യയില്‍ നടന്ന ഭൂമി പൂജാ ചടങ്ങളില്‍ പങ്കെടുത്തത്. ശക്തമായ സുരക്ഷയും കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടുമായിരുന്നു ചടങ്ങുകള്‍ നടത്തിയത്.
റഷ്യ കൊവിഡ് വാക്സിന് ഗവേഷണം പുറത്തിറക്കിയ സാഹചര്യത്തില്‍ മോദി സര്‍ക്കാരിന്റെ ആത്മനിര്‍ഭര്‍ ഭാരത് മുദ്രാവാക്യത്തെയും സഞ്ജയ് റാവത്ത് പരിഹസിച്ചു. ആദ്യ കൊവിഡ് വാക്സിന് പുറത്തിറക്കി സ്വയംപര്യാപ്തത എന്നാല്‍ എന്താണെന്ന് റഷ്യ കാണിച്ചു തന്നുവെന്നും എന്നാല്‍ ഇന്ത്യയില്‍ സംസാരത്തില്‍ മാത്രമാണ് സ്വയംപര്യാപ്തതയെന്നും റാവത്തിന്റെ പരിഹാസം. ‘അമേരിക്കയുമായി പ്രണയത്തിലായതിനാല്‍’ ഇന്ത്യന്‍ രാഷ്ട്രീയക്കാര്‍ റഷ്യയുടെ ഉദാഹരണം പിന്തുടരില്ലെന്നും റാവത്ത് പറയുന്നു