പെട്ടിമുടിയിൽ മരണം 58 ആയി: ഇന്ന് കണ്ടെത്തിയത് രണ്ട് മൃതദേഹങ്ങൾ ഇനി 12പേരെ കണ്ടെത്തണം
ഇടുക്കി: മൂന്നാർ പെട്ടിമുടിയിലുണ്ടായ മണ്ണിടിച്ചിലിൽ മരിച്ചവരുടെ എണ്ണം 58 ആയി. ഇന്ന് രണ്ട് സ്ത്രീകളുടെ മൃതദേഹങ്ങൾ കണ്ടെത്തിയതോടെയാണ് മരണ സംഖ്യ ഉയർന്നത്. പുഴയുടെ സമീപം ഇന്ന് നടത്തിയ തെരച്ചിലിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. പന്ത്രണ്ടുപേരെയാണ് ഇനി കണ്ടെത്താനുളളത്. ദുരന്തം നടന്ന സ്ഥലത്തിന് സമീപത്തെ പുഴ കേന്ദ്രീകരിച്ചാണ് ഇപ്പോൾ തിരച്ചിൽ നടക്കുന്നത്. കഴിഞ്ഞദിവസം പുഴയിൽ ഇറങ്ങി നടത്തിയ തെരച്ചിലിൽ രണ്ടുവയസുകാരി ധനുഷ്കയുടെ മൃതദേഹം കണ്ടെത്തിയിരുന്നു. കളിക്കൂട്ടുകാരനായ വളർത്തുനായയാണ് മൃതദേഹം കണ്ടെത്താൻ സഹായിച്ചത്. തെരച്ചിൽ വരും ദിവസങ്ങളിലും തുടരും. കൂടുതൽ മണ്ണ് ഒഴുകിയെത്തി അടിഞ്ഞുകൂടിയ പ്രദേശത്ത് മണ്ണുമാന്തി യന്ത്രങ്ങൾ എത്തിച്ചും തെരച്ചിൽ നടത്തുന്നുണ്ട്. മഴ കുറഞ്ഞത് രക്ഷാപ്രവർത്തനത്തിന്റെ വേഗത കൂട്ടിയിട്ടുണ്ട്.