കാബൂൾ ഗുരുദ്വാരയിലെ ചാവേറാക്രമണത്തിനു പിന്നിൽ കാസർകോട് സ്വദേശിയാണെന്ന് ഉറപ്പിച്ച് ഡി.എൻ.എ ഫലം
ന്യൂഡൽഹി: അഫ്ഗാനിസ്ഥാനിലെ കാബൂൾ ഗുരുദ്വാര ആക്രമണത്തിന് പിന്നിൽ മലയാളിയെന്ന് റിപ്പോർട്ട്. തൃക്കരിപ്പൂർ സ്വദേശി മുഹമ്മദ് മുഹ്സീനാണ് ആക്രമണത്തിന് പിന്നിലെന്ന് ഡി.എൻ.എ പരിശോധനയിൽ സ്ഥിരീകരിച്ചു. ഇത് സ്ഥിരീകരിക്കുന്നതിനായി പരിശോധനക്ക് വേണ്ടി മുഹ്സീന്റെ ബന്ധുക്കളുടെ ഡി.എൻ.എ ശേഖരിച്ചിരുന്നു. പരിശോധന ഫലം എൻ.ഐ.എക്ക് കൈമാറിയതായാണ് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. കഴിഞ്ഞ മാർച്ചിൽ നടന്ന ചാവേറാക്രമണത്തിൽ 27 പേർ കൊല്ലപ്പെട്ടിരുന്നു. അഫ്ഗാനിസ്ഥാനിലുള്ള തീവ്രവാദ സംഘത്തിന്റെ ഭാഗമായിരുന്നു മുഹ്സീനെന്നാണ് വിവരം.വിദേശരാജ്യത്ത് നടന്ന ഒരു ചാവേർ സ്ഫോടനത്തിൽ ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെടുകയും ഇന്ത്യൻ പൗരൻ ചാവേറായി പങ്കെടുക്കുകയും ചെയ്തുവെന്ന റിപ്പോർട്ടുകളുടെ ഗൗരവം ഉൾക്കൊണ്ട് ദേശീയ അന്വേഷണ എജൻസി(എൻ.ഐ.എ) സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു. തുടർന്ന് ചാവേറുകളായവരുടെ ഡി.എൻ.എ പരിശോധന നടത്തുകയായിരുന്നു. ഐഎസ് പിന്തുണയോടെ അഫ്ഗാനിസ്ഥാനിൽ പ്രവർത്തിക്കുന്ന ഇസ്ലാമിക് സ്റ്റേറ്റ് ഖൊറാസൻ പ്രൊവിൻസ് (ഐ.എസ്.കെ.പി) സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിരുന്നു.29 പേരുടെ മരണത്തിന് ഇടയാക്കിയ ഓഗസ്റ്റ് മൂന്നിലെ ജലാലാബാദ് ജയിൽ ആക്രമണത്തിന് പിന്നിലും മലയാളി ഭീകരനുണ്ടെന്ന് സൂചന ലഭിച്ചിരുന്നു. 2016ൽ ഐഎസിൽ ചേരാനായി മുഹ്സിനൊപ്പം ഹൈദരാബാദിൽ നിന്ന് പോയ സംഘത്തിലെ കല്ലുകെട്ടിയപുരയിൽ ഇജാസാണ് ജലാലാബാദ് ജയിലിലുണ്ടായ ഭീകരാക്രമണത്തിൽ പങ്കെടുത്തതെന്നാണ് സൂചന. ജലാലാബാദ് സ്ഫോടനത്തിനു പിന്നിൽ അഫ്ഗാനിലെ ഹഖാനി ഗ്രൂപ്പാകാം പ്രവർത്തിച്ചതെന്നാണ് ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസികളുടെ പ്രാഥമിക വിലയിരുത്തൽ.