കാസർകോട് ടാറ്റ കോവിഡ് ഗവ. ആശുപത്രിക്ക് 5.31 കോടി കൂടി
കാസർകോട് :ചട്ടഞ്ചാലിൽ ടാറ്റയുടെ സഹകരണത്തോടെസംസ്ഥാന സർക്കാർ സ്ഥാപിക്കുന്ന ആശുപത്രിക്ക് സംസ്ഥാന സർക്കാർ 5,31,01,000 രൂപകൂടി അനുവദിച്ചു. നേരത്തെ അനുവദിച്ച 2.3 കോടി രൂപയ്ക്ക് പുറമെയാണിത്. ആശുപത്രിയുടെ നിർമാണം 99 ശതമാനവും പൂർത്തിയായി. റോഡും കുടിവെള്ളവും വൈദ്യുതിയും ഒരുക്കാനാണ് കൂടുതൽ തുക അനുവദിച്ചത്. ആശുപത്രിയും അനുബന്ധ ഉപകരണങ്ങളും ടാറ്റയാണ് നൽകുന്നത്.
തെക്കിൽ അമ്പട്ട വളവിൽനിന്നും ആശുപത്രിയിലേക്കുള്ള റോഡ് ടാർ ചെയ്യുന്നതിനായി 2.81 കോടിയും ബാവിക്കരയിൽനിന്നും വെള്ളമെത്തിക്കുന്നതിനായി 67.6 ലക്ഷം രൂപയും വൈദ്യുതി കണക്ഷനുവേണ്ടി 1,82,41,000 രൂപയുമാണ് അനുവദിച്ചത്. നേരത്തെ ജനറേറ്റർ ഉൾപ്പെടെയുള്ളവയ്ക്കായി 2.3 കോടി രൂപ അനുവദിച്ചിരുന്നു. ഇതിന്റെ ടെൻഡർ നടപടിയായി.
ആശുപത്രി പൂർണസജ്ജമാക്കാനുള്ള നടപടിയാണ് സ്വീകരിക്കുന്നതെന്ന് കലക്ടർ ഡോ. ഡി സജിത്ബാബു പറഞ്ഞു.