വിജിലൻസിന്റെ പല്ല് അടിച്ച് കൊഴിച്ചു; പമ്പ മണൽക്കടത്തിൽ കോടതിയെ സമീപിക്കുമെന്ന്
ചെന്നിത്തല
തിരുവനന്തപുരം: പമ്പ മണൽക്കടത്തിൽ കോടതിയെ സമീപിക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഒരു പരാതിയിലും വിജിലൻസ് അന്വേഷണം നടത്തുന്നില്ല. അന്വേഷണം നടക്കാത്തതു കൊണ്ടാണ് കോടതിയിലേക്ക് പോകാൻ തീരുമാനമെടുത്തിരിക്കുന്നത്. ജനാധിപത്യത്തിൽ വിജിലൻസിന്റെ പല്ല് മുഴുവൻ സംസ്ഥാന സർക്കാർ അടിച്ച് കൊഴിച്ചിരിക്കുകയാണ്. വൻ അഴിമതിയാണ് മണൽക്കടത്തിൽ നടന്നിരിക്കുന്നതെന്നും പ്രതിപക്ഷനേതാവ് ആരോപിച്ചു. ഒരു വിജിലൻസ് അന്വേഷണവും കേരളത്തിൽ നടക്കുന്നില്ല. അഴിമതികളൊന്നും പുറത്തുവരാതിരിക്കാൻ വിജിലൻസിനെ പൂർണമായും വന്ധ്യംകരിച്ച സർക്കാരാണിതെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.മുൻ ചീഫ് സെക്രട്ടറി ടോം ജോസ് വിരമിക്കുന്നതിന് തലേന്ന് ഹെലികോപ്റ്ററിൽ പമ്പയിലെത്തി മണൽനീക്കം പരിശോധിച്ചത് വിവാദമായിരുന്നു. വിവാദത്തെ തുടർന്ന് മണൽ ക്ലേസ് ആന്റ് സെറാമിക്സിന് നൽകാനുളള തീരുമാനം സർക്കാർ പിൻവലിച്ചിരുന്നു. വിജിലൻസ് അന്വേഷണമെന്ന ആവശ്യം സർക്കാർ തളളിയതോടെയാണ് നിയമനടപടികളുമായി മുന്നോട്ടുപോകാൻ പ്രതിപക്ഷം തീരുമാനിച്ചിരിക്കുന്നത്.അന്വേഷണം വേണമെന്ന പ്രതിപക്ഷ നേതാവിന്റെ ആവശ്യം തള്ളിയ സർക്കാർ മണൽനീക്കം ദുരന്തനിവാരണ നിയമപ്രകാരമുളള നടപടിയെന്നാണ് വിശദീകരിക്കുന്നത്. പ്രളയത്തെ തുടർന്ന് അടിഞ്ഞുകൂടിയ മണ്ണ് പമ്പ ത്രിവേണിയിൽ നിന്ന് നീക്കം ചെയ്യാൻ കേരള ക്ലേയ്സ് ആന്റ് സെറാമിക്സ് പ്രൊഡക്ട്സ് ലിമിറ്റഡിന് അനുമതി നൽകിയിരുന്നു. അനുമതിയുടെ മറവിൽ ക്ലേസ് ആന്റ് സെറാമിക്സ് സ്വകാര്യ കമ്പനികൾക്ക് മണൽ മറച്ച് വിൽക്കുന്നുവെന്നായിരുന്നു ആക്ഷേപം. അനുമതി നൽകിയുള്ള പത്തനംതിട്ട ജില്ലാകളക്ടറുടെ നടപടിയിൽ അഴിമതിയുണ്ടെന്നാണ് പ്രതിപക്ഷനേതാവിന്റെ ആക്ഷേപം. ആരോപണം ഉയർന്നതോടെ മണൽ കൊണ്ടുപോകരുതെന്ന് കാണിച്ച് വനം വകുപ്പും ഉത്തരവിട്ടിരുന്നു.