പെൺകുട്ടികളുടെ വിവാഹ പ്രായം ഉയർത്തും; പത്തംഗ സമിതിയെ നിയോഗിച്ചതായി പ്രഖ്യാപിച്ച് പ്രധാനമന്ത്രി
ന്യൂഡൽഹി: രാജ്യത്ത് പെൺകുട്ടികളുടെ കുറഞ്ഞ വിവാഹപ്രായം നിലവിലുള്ള പതിനെട്ട് വയസിൽ നിന്നും ഉയർത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇക്കാര്യം പരിശോധിക്കാനായി പ്രത്യേക സമിതിയെ നിയോഗിച്ചു. സമിതിയുടെ റിപ്പോർട്ട് കിട്ടുന്നതനുസരിച്ച് ഇക്കാര്യത്തിൽ തുടർനടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.സ്ത്രീകൾക്ക് അവസരം ലഭിച്ചപ്പോഴെല്ലാം അവർ ഇന്ത്യയെ ശക്തിപ്പെടുത്തി. ഇന്ന് അവർക്ക് സ്വയം തൊഴിൽ, തൊഴിൽ എന്നിവയ്ക്ക് തുല്യ അവസരങ്ങൾ നൽകാൻ രാഷ്ട്രം ദൃഢനിശ്ചയം എടുത്തിരിക്കുകയാണ്. ഇന്ന് സ്ത്രീകൾ കൽക്കരി ഖനികളിലും യുദ്ധവിമാനങ്ങളിലും ജോലി ചെയ്യുന്നുവെന്നും പ്രധാനമന്ത്രി ചെങ്കോട്ടയിൽ നടത്തിയ സ്വാതന്ത്ര്യദിനപ്രസംഗത്തിൽ പറഞ്ഞു. സത്രീകളുടെ വിവാഹ പ്രായം ഉയർത്തുന്നതിന് ജയ ജയ്റ്റ്ലിയുടെ നേതൃത്വത്തിലുള്ള സമിതിയിൽ പത്ത് അംഗങ്ങളാണുള്ളത്. വിവാഹ പ്രായവും മാതൃത്വവും തമ്മിലുള്ള പരസ്പരബന്ധം ഉൾപ്പെടെയുള്ള കാര്യങ്ങൾ പരിശോധിച്ചായിരിക്കും സമിതി സർക്കാരിന് റിപ്പോർട്ട് കൈമാറുക.ഗ്രാമങ്ങളിൽ ഒപ്റ്റിക്കൽ ഫൈബറുകൾഇന്ത്യയിലെ എല്ലാ ഗ്രാമങ്ങളെയും ആയിരം ദിവസത്തിനുള്ളിൽ ഒപ്റ്റിക്കൽ ഫൈബർ കേബിൾ ശൃംഖലയുമായി ബന്ധിപ്പിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വാതന്ത്ര്യദിന പ്രസംഗത്തിൽ പറഞ്ഞു. 2014 ന് മുമ്പ് രാജ്യത്ത് അഞ്ച് ഡസൻ പഞ്ചായത്തുകൾ മാത്രമേ ഒപ്റ്റിക്കൽ ഫൈബർ ശൃംഖലയുമായി ബന്ധപ്പെട്ടിരുന്നുള്ളൂ. എന്നാൽ കഴിഞ്ഞ അഞ്ച് വർഷത്തിനുള്ളിൽ രാജ്യത്ത് വലിയ കുതിച്ചു ചാട്ടമാണുണ്ടായത്. ഡിജിറ്റൽ രംഗത്ത് രാജ്യം പുതിയ അദ്ധ്യായമെഴുതി. അതിന്റെ തുടർച്ചയാണ് വരും വർഷങ്ങളിൽ നടക്കാൻ പോകുന്നത്. ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള ദേശീയ ജനാധിപത്യ സഖ്യം (എൻ.ഡി.എ) അധികാരത്തിൽ വന്നതിനുശേഷം രാജ്യത്തെ ഒന്നര ലക്ഷം പഞ്ചായത്തുകൾ ഓൺലൈനായെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.പുതിയ ഇന്ത്യയെ രൂപപ്പെടുത്തുംദേശീയ വിദ്യാഭ്യാസ നയം നമ്മുടെ വിദ്യാർത്ഥികളെ ആഗോള പൗരന്മാരാക്കാൻ സഹായിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഞങ്ങൾ അടുത്തിടെ ഒരു പുതിയ വിദ്യാഭ്യാസ നയം അവതരിപ്പിച്ചു. ഇത് ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഇന്ത്യയെ രൂപപ്പെടുത്തും. പുതിയ ഇന്ത്യയെ രൂപപ്പെടുത്തുന്ന പൗരന്മാരെ നമുക്ക് ഉടൻ ലഭിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. പുതിയ നയം ഇന്ത്യയെ നിർമ്മിക്കുന്നതിനുള്ള ഗവേഷണത്തിലും വികസനത്തിലുമാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നതെന്നും തന്റെ ഏഴാമത് സ്വാതന്ത്ര്യദിന പ്രസംഗത്തിൽ നരേന്ദ്രമോദി വ്യക്തമാക്കി.