രാജ്യത്ത് നിയമസഭക്കായി സഭാ ടിവി തുടങ്ങുന്ന ആദ്യ സംസ്ഥാനമായി കേരളം; ഉദ്ഘാടനം 17ന്
തിരുവനന്തപുരം : നിയമസഭയുടെ ‘സഭാ ടിവി’ ഉദ്ഘാടനം തിങ്കളാഴ്ച പകൽ 12ന് ലോക്സഭാ സ്പീക്കർ ഓം ബിർള ഓൺലൈനിൽ നിർവഹിക്കുമെന്ന് സ്പീക്കർ പി ശ്രീരാമകൃഷ്ണൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ഡെപ്യൂട്ടി സ്പീക്കർ വി ശശി തുടങ്ങിയവരും ഓൺലൈനിൽ പങ്കെടുക്കും. രാജ്യത്ത് ആദ്യമായാണ് നിയമസഭക്കായി സഭാ ടിവി തുടങ്ങുന്നത്. സ്വന്തമായി ഒടിടി പ്ലാറ്റ്ഫോം താമസിയാതെ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു
വിവിധ ചാനലുകളിൽ സമയം വിലയ്ക്ക് വാങ്ങിയാണ് സഭാ ടിവി തയ്യാറാക്കുന്ന എപ്പിസോഡുകളുടെ സംപ്രേഷണം. നിയമസഭയുടെ പ്രവർത്തനം വിശദമാക്കുന്ന സഭയും സമൂഹവും, ബില്ലിന്റെ രൂപീകരണത്തിന്റെ വിവിധ ഘട്ടങ്ങൾ വിശദീകരിക്കുന്ന കേരള ഡയലോഗ്, പ്രമുഖരുടെ അഭിമുഖം ഉൾപ്പെടുത്തിയ സെൻട്രൽ ഹാൾ, നിയമസഭാ മണ്ഡലങ്ങളെക്കുറിച്ചുള്ള നാട്ടുവഴി എന്നിങ്ങനെ നാല് വിഭാഗമായണ് എപ്പിസോഡുകൾ. 90 എണ്ണംവരെ തയ്യാറാണ്. ആഴ്ചയിൽ രണ്ട് എപ്പിസോഡുണ്ടാവും. ഒടിടി പ്ലാറ്റ് ഫോം ഉള്ള ആദ്യ നിയമസഭയും കേരളത്തിന്റേതാകും. ഭാവിയിൽ സാമൂഹ്യ പ്രാധാന്യമുള്ള സിനിമകൾ ഇതുവഴി റിലീസ് ചെയ്യുന്നതും ആലോചിക്കും.
ഇ നിയമസഭ യാഥാർഥ്യമാകും
ഇ -നിയമസഭ അടുത്ത സഭാസമ്മേളനത്തോടെ പൂർണമായി യാഥാർഥ്യമാകും. 20 എംഎൽഎമാരെ ഉൾപ്പെടുത്തി പൈലറ്റ് പദ്ധതി ആരംഭിക്കും. മികച്ച രണ്ട് എംഎൽഎമാർക്ക് പുരസ്കാരം നൽകും. മണ്ഡലങ്ങളിൽ ഇ സാക്ഷരതാ പദ്ധതി തുടങ്ങും. മുഖ്യമന്ത്രിയുടെ മണ്ഡലമായ ധർമടം, സ്പീക്കറുടെ മണ്ഡലമായ പൊന്നാനി, പ്രതിപക്ഷ നേതാവിന്റെ മണ്ഡലമായ ഹരിപ്പാട് എന്നിവിടങ്ങളിൽ കൈറ്റിന്റെ സഹായത്തോടെ മാതൃകാപദ്ധതി നടപ്പാക്കുമെന്നും സ്പീക്കർ പറഞ്ഞു.