എസ് ഡിപിഐയ്ക്കെതിരേ ഹിന്ദുത്വരുടെ ആരോപണം പൊളിഞ്ഞു; ശൃംഗേരി ശങ്കരാചാര്യ പ്രതിമയില്‍ ഇസ്ലാമിക ചിഹ്നമുള്ള കൊടിയിട്ട ഹിന്ദു യുവാവ് അറസ്റ്റില്‍
ബംഗളൂരു: കര്‍ണാടക ശൃംഗേരിയിലെ ശങ്കരാചാര്യ പ്രതിമയ്ക്കു മുകളില്‍ ഇസ്ലാമിക ചിഹ്നമുള്ള കൊടി സ്ഥാപിച്ച ഹിന്ദു യുവാവ് അറസ്റ്റിലായി. 28കാരനായ മിലിന്ദ് എന്ന ഹിന്ദു യുവാവാണ് അറസ്റ്റിലായത്. പ്രതിമയ്ക്ക് മുകളില്‍ ഇസ്ലാമിക ചിഹ്നമുള്ള കൊടി സ്ഥാപിച്ചതിന്റെ മറവില്‍ എസ് ഡിപിഐയെ പ്രതിക്കൂട്ടിലാക്കാനും കലാപം അഴിച്ചുവിട്ട് രാഷ്ട്രീയമുതലെടുപ്പ് നടത്താനുമുള്ള ഹിന്ദുത്വശക്തികളുടെ തന്ത്രമാണ് പൊളിഞ്ഞത്. ബുധനാഴ്ച രാത്രിയിലാണ് ശൃംഗേരി പട്ടണത്തിലുള്ള ശങ്കരാചാര്യ പ്രതിമയ്ക്കു മുകളില്‍ ഇസ്ലാമിക ചിഹ്നമുള്ള കൊടി പ്രത്യക്ഷപ്പെട്ടത്.
ഹിന്ദു ദേവാലയത്തിന് മുകളില്‍ എസ് ഡിപിഐ പതാക സ്ഥാപിച്ചെന്നാരോപിച്ച് ബിജെപി എംപി ശോഭ കരന്തലജെ ഉള്‍പ്പടെയുള്ള ബിജെപി നേതാക്കള്‍ പ്രതിഷേധവുമായി രംഗത്തെത്തി. ഏറ്റവും കൂടുതല്‍ അസഹിഷ്ണുത പുലര്‍ത്തുന്ന പാര്‍ട്ടിയാണ് എസ്ഡിപിഐ എന്നും അവരുടെ അജണ്ട നടപ്പാക്കാന്‍ സാമൂഹികവിരുദ്ധരെ പ്രേരിപ്പിക്കുകയാണെന്നും ശോഭ ട്വീറ്റ് ചെയ്തു. പ്രതിമയ്ക്ക് മുകളില്‍ പതാക സ്ഥാപിച്ച നടപടി അപലപിക്കുന്നതായും ഇതിന് പിന്നിലുള്ളവര്‍ക്കെതിരേ ശക്തമായ നടപടിയെടുക്കണമെന്നും അവര്‍ ആവശ്യപ്പെട്ടിരുന്നു.
കുറ്റവാളികളെ അറസ്റ്റുചെയ്യണമെന്നാവശ്യപ്പെട്ട് മുന്‍ ശൃംഗേരി ബിജെപി എംഎല്‍എ ഡി എന്‍ ജീവരാജ് നഗരത്തില്‍ പ്രതിഷേധപ്രകടനവും നടത്തി. എസ് ഡിപിഐ പ്രവര്‍ത്തകരാണ് കൊടി സ്ഥാപിച്ചതെന്നും പ്രതികളെ അറസ്റ്റുചെയ്തില്ലെങ്കിലും പോലിസ് സ്റ്റേഷന് മുന്നില്‍ പ്രതിഷേധം സംഘടിപ്പിക്കുമെന്നും മുന്നറിയിപ്പ് നല്കി. അതേസമയം, സംഭവം എസ്ഡിപിഐ നേരത്തെ ശക്തമായി നിഷേധിച്ചിരുന്നു. ശൃംഗേരിയില്‍ പാര്‍ട്ടി ശക്തമല്ലെന്നും പാര്‍ട്ടിയുടെ പ്രതിച്ഛായയ്ക്ക് കളങ്കമുണ്ടാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണിതെന്നുമാണ് എസ് ഡിപിഐ ദേശീയ ജനറല്‍ സെക്രട്ടറി അബ്ദുല്‍ മജീദ് മൈസൂര്‍ ദി കോഗ്നേറ്റിനോട് പ്രതികരിച്ചത്.
പ്രതിമയ്ക്ക് മുകളിലുള്ള കൊടി എസ് ഡിപിഐയുടെ പതാകയോട് സാമ്യമുള്ളതാണെന്നും എന്നാല്‍ അത് പാര്ട്ടിയുടേതല്ലെന്നുമുള്ള പോലിസിന്റെ വാദം ആരോപണങ്ങള്‍ക്ക് ശക്തിപകര്‍ന്നു. പ്രതിഷേധം ശക്തമായതോടെ എസ്ഡിപിഐ, പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരായ നാലുപേരെ പ്രതിചേര്‍ത്ത് ശൃംഗേരി പോലിസ് കേസ് രജിസ്റ്റര്‍ ചെയ്തു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് വസ്തുതകള്‍ പുറത്തുവന്നത്. കേസിന്റെ ഗൗരവം കണക്കിലെടുത്ത് പ്രത്യേകസംഘം രൂപീകരിച്ചാണ് അന്വേഷണം ആരംഭിച്ചത്.
ശൃംഗേരി പട്ടണത്തിലെ വിവിധ സ്ഥലങ്ങളില്‍ സ്ഥാപിച്ചിരിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചായിരുന്നു പ്രധാന അന്വേഷണം. ഇതിനൊടുവിലാണ് പ്രതിമയ്ക്ക് മുകളില്‍ കൊടി സ്ഥാപിച്ചത് ഹിന്ദു യുവാവാണെന്ന് വ്യക്തമായത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഹിന്ദു യുവാവിനെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തു. ഇയാള്‍ മദ്യലഹരിയിലാണ് ഇസ്ലാമിക ചിഹ്നമുള്ള കൊടി ശങ്കരാചാര്യ പ്രതിമയ്ക്ക് മുകളില്‍ സ്ഥാപിച്ചതെന്നാണ് ചിക്കമംഗളൂരു എസ്പി അറിയിച്ചത്. ശക്തമായ മഴയില്‍നിന്ന് രക്ഷനേടാനായി അടുത്തുള്ള ശൃംഗേരി ജാമിഅ മസ്ജിദിന് മുന്നില്‍നിന്ന് കൊടിയെടുത്ത് തലമൂടുകയും പിന്നീട് ഇത് പ്രതിമയ്ക്ക് മുകളില്‍ ഇടുകയുമായിരുന്നുവെന്ന് ചോദ്യംചെയ്യലില്‍ മിലിന്ദ് പറഞ്ഞതായി പോലിസ് വിശദീകരിക്കുന്നു.
ഈദ് ആഘോഷത്തിന്റെ ഭാഗമായി മസ്ജിദില്‍ സ്ഥാപിച്ച കൊടിയായിരുന്നു അത്. ഒരു ദൈവത്തിന്റെ കൊടിയെടുത്തുവെന്ന് വ്യക്തമായ താന്‍ മറ്റൊരു ദൈവത്തിന്റെ മുകളില്‍ ബഹുമാനപൂര്‍വം അത് വയ്ക്കുകയായിരുന്നുവെന്നാണ് ഇയാള്‍ പറഞ്ഞത്. ഇയാള്‍ക്ക് മത, രാഷ്ട്രീയസംഘടനകളുമായി യാതൊരു ബന്ധവുമില്ലെന്ന് അന്വേഷണത്തില്‍ വ്യക്തമായതായും മദ്യലഹരിയിലാണ് ഇത് ചെയ്തതെന്നും എസ്പി പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ വിശദീകരിക്കുന്നു. കര്‍ണാടകയില്‍ 2012 ലും സമാനമായ ഒരു സംഭവം പുറത്തുവന്നിരുന്നു.
വടക്കന്‍ കര്‍ണാടക പട്ടണമായ സിന്ധഗിയില്‍ ശ്രീരാമസേന പ്രവര്‍ത്തകരെ അറസ്റ്റുചെയ്തപ്പോള്‍ വര്‍ഗീയ അക്രമം അഴിച്ചുവിടുന്നതിന്റെ ഭാഗമായി മിനി വിധാന്‍ സൗധ പരിസരത്ത് പാകിസ്താന് പതാക ഉയര്‍ത്തുകയും അത് മുസ്ലിംകളുടെ തലയില്‍ കെട്ടിവയ്ക്കാന്‍ ശ്രമം നടത്തുകയും ചെയ്തിരുന്നു. എന്നാല്‍, യാഥാര്‍ഥ്യം പുറത്തുവന്നതോടെ ഹിന്ദുത്വശക്തികളുടെ കലാപ പദ്ധതി പൊളിയുകയായിരുന്നു.