ആർക്കും സംശയം തോന്നാതിരിക്കാന്‍ കാണിച്ച അതിബുദ്ധി ആപത്തായി, കൊലയാളി ആൽബിനാണെന്ന് കണ്ടെത്തിയത് ഇങ്ങനെ
കാസർകോട്: സ്വത്ത് തട്ടിയെടുക്കാനായി സഹോദരിയെ വിഷം നൽകി കൊലപ്പെടുത്തിയ ഇരുപത്തിരണ്ടുകാരനായ ആൽബിനെതിരെ നിർണായക വിവരങ്ങൾ പുറത്ത്. പിതാവ് വാങ്ങിക്കൊടുത്ത ഫോൺ ഉപയോഗിച്ചാണ് ഇയാൾ കൊലപാതകം ആസൂത്രണം ചെയ്തത്. എത്ര ഡോസ് വിഷം നൽകണമെന്നുൾപ്പെടെ ആൽബിൻ ഇന്റർനെറ്റിലൂടെയാണ് മനസിലാക്കിയത്.അച്ഛനും അമ്മയ്ക്കും സഹോദരിക്കും കൊടുത്ത ശേഷം വിഷം കലർത്തിയ ഐസ്ക്രീം ബാക്കി വന്നപ്പോൾ അത് തന്റെ വളര്‍ത്തുനായക്ക് നല്കാന് വീട്ടുകാർ ആവശ്യപ്പെട്ടെങ്കിലും ആല്ബിന് തയ്യാറായില്ല. ശേഷം ആരും അറിയാതെ ഐസ്ക്രീം നശിപ്പിച്ചു. വീട്ടിൽ എല്ലാവർക്കും അസ്വസ്ഥതകൾ അനുഭവപ്പെട്ടപ്പോൾ, ആർക്കും സംശയം തോന്നാതിരിക്കാന്‍ ഇയാൾ ശാരീരിക അസ്വസ്ഥത നടിച്ച്, ആശുപത്രിയില്‍ ചികിത്സ തേടി. കുടുംബത്തിലെ ബാക്കിയുള്ളവരുടെ ശരീരത്തില്‍ എലി വിഷത്തിന്റെ അംശം കണ്ടെത്തിയെങ്കിലും ആല്‍ബിന്റെ ശരീരത്തില്‍ വിഷം കണ്ടെത്താന്‍ സാധിച്ചില്ല. ഇത് സംശയങ്ങള്‍ക്ക് വഴിവെച്ചു. വിഷം നൽകിയ ശേഷം പാവത്താനായി അഭിനയിച്ചു കഴിഞ്ഞ ആൽബിനെ വെള്ളരിക്കുണ്ട് ഇൻസ്പെക്ടർ കെ. പ്രേംസദന്റെ നേതൃത്വത്തിലുള്ള അന്വേഷണം സംഘം വിദഗ്ദ്ധമായി കുടുക്കുകയായിരുന്നു.ബളാലിൽ തന്നെയുള്ള ബന്ധുവീട്ടിൽ പാർപ്പിച്ച ശേഷം പ്രത്യേക നിരീക്ഷണം ഏർപ്പെടുത്തി ആൽബിന്റെ ഫോൺ കോളുകൾ പരിശോധിക്കുകയും, വിഷം ചേർക്കുന്ന വിധം കണ്ടെത്താൻ ഗൂഗിളിൽ തിരഞ്ഞതിന്റെ വിവരങ്ങൾ സൈബർ സെല്ലിന്റെ സഹായത്തോടെ കണ്ടെത്തിയുമാണ് കൊല നടത്തിയത് യുവാവ് ആണെന്ന് പൊലീസ് തിരിച്ചറിഞ്ഞത്.പിടിയിലായ ആൽബിൻ പൊലീസിന് നൽകിയ മൊഴി ആരെയും നടുക്കുന്നതാണ്. അച്ഛനെയും അമ്മയെയും അനുജത്തിയേയും വിഷം നൽകി കൊന്നതിന് ശേഷം കൂട്ട ആത്മഹത്യയാണെന്ന് വരുത്തി തീർക്കാൻ ആയിരുന്നു പ്ലാൻ. കുടുംബം മുഴുവൻ ആത്മഹത്യ ചെയ്തു, ഈ വീട്ടിൽ ഇനി എനിക്ക് നിൽക്കാൻ കഴിയില്ല അതുകൊണ്ട് നാലേക്കർ റബ്ബർ തോട്ടവും വീടും വിൽക്കുകയാണ്. മറ്റേതെങ്കിലും നാട്ടിൽ പോയി താമസിക്കുകയാണ് എന്ന് പറയാനായിരുന്നു പദ്ധതി തയ്യാറാക്കിയതെന്ന് ആൽബിൻ പൊലീസിന് മൊഴി നൽകി.വീട്ടിൽ പന്നിയും വളർത്തുമൃഗങ്ങളും ഉള്ളതിനാലാണ് അച്ഛനെയും സഹോദരിയെയും നോക്കാൻ ആശുപത്രിയിൽ പോകാതിരുന്നത് എന്നായിരുന്നു ഇയാൾ പൊലീസിനോട് പറഞ്ഞത്. പയ്യന്നൂർ സ്വകാര്യ ആശുപത്രിയിൽ കഴിയുന്ന പിതാവ് ഓലിക്കൽ ബെന്നി (48) അപകട നില തരണം ചെയ്തതായി ഡോക്ടർമാർ അറിയിച്ചു. ബെന്നിയിൽ നിന്നും അന്വേഷണ സംഘത്തലവൻ ഇൻസ്പെക്ടർ പ്രേംസദൻ മൊഴി എടുത്തിരുന്നു.