ചെന്നിത്തലയെ ഏറ്റെടുത്ത് ജസ്റ്റിസ് കെമാൽ പാഷ കോവിഡിന്റെ മറവിൽ അഴിമതി മൂടിവെക്കാൻ ശ്രമിക്കുന്നു. പോലീസിന്റെ കോവിഡ് വിവര ശേഖരണം ആപത്ത്.
കൊച്ചി: കോവിഡിന്റെ മറവിൽ അഴിമതി മൂടിവെക്കാൻ ശ്രമിക്കുന്നുവെന്ന് ഹൈകോടതി മുൻ ജഡ്ജി ജസ്റ്റിസ് ബി. കെമാൽപാഷ. നാടുകത്തുന്ന തരത്തിലുള്ള പ്രക്ഷോഭങ്ങൾക്ക് വഴിവെക്കുന്ന അഴിമതി ആരോപണങ്ങളും തെളിവുകളുമാണ് പുറത്തുവരുന്നത്. നിരോധനം നിലനിൽക്കുന്നതിനാൽ ഇതിനെതിരെ പ്രതികരിക്കാനോ പ്രക്ഷോഭം നടത്താനോ പൊതുജനങ്ങൾക്ക് സാധിക്കില്ല. വ്യക്തികളുെട അവകാശങ്ങൾ അടിച്ചമർത്താനായി കോവിഡിനെ ഉപയോഗിക്കുന്നതായും കെമാൽപാഷ മീഡിയവൺ അഭിമുഖത്തിൽ പറഞ്ഞു.
കോവിഡ് രോഗികളുടെ ഫോൺ രേഖകൾ ശേഖരിക്കുന്നത് സ്വകാര്യതയുടെ ലംഘനമാണ്. സംസ്ഥാന സർക്കാറിന്റെ നടപടി ഭരണഘടനാ വിരുദ്ധമാണ്. പൊലീസ് വിവരങ്ങൾ ദുരുപയോഗം ചെയ്യാൻ സാധ്യതയുണ്ട്. വിവരം ശേഖരിക്കാനുള്ള അധികാരം പൊലീസിന് കൊടുക്കാനാവില്ല. ആരോഗ്യ വകുപ്പാണ് ഈ രേഖകൾ ശേഖരിക്കേണ്ടത്. ജനങ്ങളെ ഉപദ്രവിക്കാനുള്ള ചട്ടുകമായി പൊലീസിനെ സർക്കാർ ഉപയോഗിക്കുന്നു. സർക്കാർ തീരുമാനത്തെ സുപ്രീംകോടതിയിൽ അടക്കം ചോദ്യം ചെയ്യാമെന്നും കെമാൽ പാഷ വ്യക്തമാക്കി.
രോഗം ഒരു കുറ്റമല്ല. ആർക്ക് വേണമെങ്കിലും രോഗം പകരാം. രോഗിയെയും അല്ലാത്തവരെയും വേർതിരിച്ചു കാണാൻ ഭരണഘടന അധികാരം കൊടുക്കുന്നില്ല. ആർട്ടിക്കിൾ 14 പറയുന്ന നിയമങ്ങളുടെ മുമ്പിലുള്ള തുല്യതയും നിയമങ്ങളുടെ തുല്യ പരിരക്ഷയും എല്ലാവർക്കും ഉള്ളതാണ്. രോഗി, വർഗം, വിഭാഗം, ജാതി, രാഷ്ട്രീയക്കാർ അടക്കമുള്ളവർക്ക് വ്യത്യാസമില്ല. രോഗം ഉള്ളവരെയും ഇല്ലാത്തവരെയും വേർതിരിക്കരുതെന്ന് പറയുന്നത് കൊണ്ടാണ് എയ്ഡ്സ് രോഗികളെ സമൂഹത്തിൽ ഒറ്റപ്പെടുത്തരുതെന്ന കാഴ്ചപ്പാട് ഉള്ളതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ആർട്ടിക്ൾ 15 (4), 16 (4) എന്നിവയിൽ പറയുന്ന കാര്യങ്ങൾക്ക് മാത്രമാണ് വിവേചനം കാണിക്കാവുന്നത്. സമൂഹികവും സാമ്പത്തികവുമായി പിന്നാക്കമുള്ള വിഭാഗങ്ങൾക്കാണ് ഈ ആനുകൂല്യം ലഭിക്കുന്നത്. ജനങ്ങളെ വേർതിരിച്ചു കാണാനുള്ള അധികാരം സർക്കാറിന് ഭരണഘടന കൊടുക്കുന്നില്ലെന്നും കെമാൽപാഷ പറഞ്ഞു.
അതിനിടെ റിട്ട. ജസ്റ്റിസിന്റെ പ്രസ്താവന പ്രതിപക്ഷ നേതാവ് ഇന്നലെ പറഞ്ഞത് ഏറ്റുപിടിക്കുന്നതാണെന്ന് എൽ ഡി എഫ് കേന്ദ്രങ്ങൾ പറഞ്ഞു. ഇത് കഥ അറിയാതുള്ള രാഷ്ട്രീയ കളികളാണ്. അല്ലെങ്കിൽ മനഃപൂർവം നടത്തുന്ന പ്രസ്താവനകളുമാകാം. എൽ ഡി എഫ് വിശദീകരിച്ചു.