കോടതിയലക്ഷ്യ കേസ്: പ്രശാന്ത് ഭൂഷൺ കുറ്റക്കാരനെന്ന് സുപ്രീം കോടതി, കേസുമായി മുന്നോട്ട് പോകും
ന്യൂഡൽഹി : മുതിർന്ന അഭിഭാഷകന് പ്രശാന്ത് ഭൂഷൺ കോടതിയലക്ഷ്യ കേസിൽ കുറ്റക്കാരനെന്ന് സുപ്രീംകോടതി. ഗുരുതരമായ കോടതിയലക്ഷ്യമാണ് പ്രശാന്ത് ഭൂഷൺ നടത്തിയത്. അദ്ദേഹത്തിനെതിരായ കോടതി അലക്ഷ്യ കേസ് നിലനിൽക്കുമെന്നും കേസുമായി മുന്നോട്ട് പോകുമെന്നും സുപ്രീംകോടതി വ്യക്തമാക്കി. ഓഗസ്റ്റ് 20ന് ശിക്ഷയിൽ വാദം കേൾക്കും.
ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡേക്കെതിരെ ട്വിറ്ററിൽ നടത്തിയ പരാമര്‍ശത്തിന് സുപ്രീംകോടതി സ്വമേധയയാണ് പ്രശാന്ത് ഭൂഷണെതിരെ കോടതി അലക്ഷ്യത്തിന് കേസെടുത്തത്. ബോബ്ഡേ 50 ലക്ഷം രൂപ വിലയുള്ള ഹാര്‍ലി ഡേവിഡ്സണ് ബൈക്കിൽ ഇരിക്കുന്ന ചിത്രം പോസ്റ്റ് ചെയ്ത് ട്വിറ്ററിൽ നടത്തിയ പരാമര്‍ശത്തിനാണ് ഭൂഷനെതിരെ സുപ്രീംകോടതി സ്വമേധയാ കേസെടുത്തത്. കേസിൽ പ്രശാന്ത് ഭൂഷണ് നൽകിയ വിശദീകരണം തൃപ്തികരമല്ലെന്ന് കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു.