പൊലീസ് വേഷത്തിൽ തട്ടിപ്പ്: അകത്തായത് ഡൽഹി സ്വദേശിനി, പണം ഉപയോഗിച്ചത് അടിപൊളിക്ക്
rന്യൂഡൽഹി: എ എസ് ഐ ചമഞ്ഞ് കൊവിഡ് മാനദണ്ഡങ്ങൾ ലംഘിക്കുന്നവരിൽ നിന്ന് പണം തട്ടുന്നത് പതിവാക്കിയ ഡൽഹി സ്വദേശിയായ യുവതിയെ പൊലീസ് അറസ്റ്റുചെയ്തു. പേരുവിവരം വ്യക്തമല്ല. യൂണിഫോം ധരിച്ച് ഒറിജിനലിനെ വെല്ലുന്ന തരത്തിലായിരുന്നു യുവതിയുടെ പ്രകടനം. കറങ്ങി നടന്നാണ് പണപ്പിരിവ് നടത്തിയിരുന്നത്. കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചതിന് കേസെടുക്കാതിരിക്കണമെങ്കിൽ പണം നൽകണമെന്ന് യുവതി ആവശ്യപ്പെടും. കേസെടുത്താൽ ഉണ്ടാവുന്ന പ്രശ്നങ്ങൾ ഭയന്ന് ഒട്ടുമിക്കവരും പണം നൽകി രക്ഷപ്പെടും.പൊലീസിന് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് യുവതി പിടിയിലായത്. താൻ യഥാർത്ഥ പൊലീസ് ഉദ്യോഗസ്ഥയാണെന്നാണ് പിടിയായപ്പോൾ യുവതി പറഞ്ഞിരുന്നത്. എന്നാൽ ഒറിജിനൽ പൊലീസ് തിരിച്ചറിയൽ രേഖകൾ ഉൾപ്പടെ ചോദിച്ചതോടെ യുവതി കുറ്റം സമ്മതിച്ചു. നാളുകളായി ഇവർ തട്ടിപ്പുനടത്തിവരികയായിരുന്നു എന്നാണ് സംശയിക്കുന്നത്.പറ്റിച്ചെടുക്കുന്ന പണം അടിപൊളി ജീവിതത്തിനാണ് ഉപയോഗിച്ചിരുന്നതെന്നാണ് പൊലീസ് പറയുന്നത്. യുവതി ഉപയോഗിച്ചിരുന്ന യൂണിഫോമും പിടിച്ചെടുത്തു. തട്ടിപ്പിന് പിന്നിൽ മറ്റാരെങ്കിലും ഉണ്ടോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.