കേരളത്തെ പൊലീസ് സ്റ്റേറ്റാക്കാൻ ശ്രമം, രോഗികളുടെ വിവരം ശേഖരിക്കുന്നതിനെ എതിർത്ത് ചെന്നിത്തല
തിരുവനന്തപുരം: കൊവിഡ് രോഗികളുടെ സ്വകാര്യ വിവരങ്ങൾ പൊലീസ് ശേഖരിക്കുന്നതിനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ലോകം ഒരു വ്യക്തിയുടെയും മനുഷ്യാവകാശങ്ങളെ വിലയിരുത്തുന്നില്ല. രോഗി ഒരു കുറ്റവാളിയല്ല. മുഖ്യമന്ത്രി നിയമം വായിച്ച് മനസിലാക്കണം. ടെലഗ്രാഫ് ആക്ടിൽ പറഞ്ഞിട്ടുള്ള കാര്യങ്ങൾ പരിശോധിക്കണം. പൗരൻ്റെ അടിസ്ഥാന അവകാശങ്ങളുടെ മേലുള്ള കടന്ന് കയറ്റമാണിതെന്നും അദ്ദേഹം പറഞ്ഞു.
സ്പ്രിംഗ്ളറിൽ എന്ത് ഗുണമുണ്ടായി? അമേരിക്കൻ കമ്പനിയുടെ സഹായം ഇല്ലെങ്കിൽ മഹാമാരിയെ നേരിടാനാവില്ലെന്ന് സംസ്ഥാന സർക്കാർ കോടതിയിൽ പറഞ്ഞതാണ്. അവരുടെ സേവനം ഇപ്പോഴും ലഭ്യമാക്കുന്നുണ്ടെന്നാണ് സർക്കാർ ആവർത്തിച്ച് പറഞ്ഞത്. സ്പ്രിംക്ലർ ഇടപാട് പരിശോധിക്കാൻ സർക്കാർ കമ്മിറ്റിയെ വച്ചു. അതിലെ ഒരംഗം രാജിവച്ച് പോയി. മറ്റൊരാളെ വെച്ചില്ല. ഒരു മാസത്തിനകം റിപ്പോർട്ട് കിട്ടണമായിരുന്നു. അതുണ്ടായില്ല. പൊലീസും രോഗികളുടെ വിവരം ശേഖരിക്കുന്നുണ്ടെന്നാണ് സർക്കാർ പറയുന്നത്.
ഇതിന്റെ വിശദാംശങ്ങൾ പരിശോധിച്ചു. ദുരുപയോഗിക്കരുത് എന്നാണ് ഇന്നലെ താൻ പറഞ്ഞത്. രോഗികളുടെ വിവരം ശേഖരിക്കാൻ അമേരിക്കൻ കമ്പനി പ്രവർത്തിക്കുന്ന സാഹചര്യത്തിൽ, എന്തിനാണ് കേരള പൊലീസ് സിഡിആർ ശേഖരിക്കുന്നത്. പൊലീസിന് ഇക്കാര്യത്തിൽ സി ഡി ആർ ശേഖരിക്കാനുള്ള അവകാശമില്ല. എന്ത് ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് വിവരങ്ങൾ എടുക്കുന്നതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു. ഭരണഘടനയുടെ 21 ആം അനുഛേദത്തിന്റെ നഗ്നമായ ലംഘനമാണിതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
അസുഖം വന്നവരെ കുറ്റവാളികളായി കണ്ട് സ്വകാര്യതയിലേക്ക് കടന്നു കയറരുത്. ചീഫ് സെക്രട്ടറി ഇതറിഞ്ഞതാണോ? മുഖ്യമന്ത്രി നിയമലംഘനത്തിന് നേതൃത്വം നൽകുകയാണ്. എത്ര നാളായി ഇത് നടക്കുന്നു, എത്ര പേരുടെ വിവരങ്ങൾ എടുത്തു, രോഗിയുടെ അനുമതി തേടിയോ, ഈ ചോദ്യങ്ങൾക്ക് ഉത്തരം വേണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.
സൈബർ ആക്രമണത്തിൽ സ്വന്തം ആളുകളുടെ കുറ്റം മറച്ചുവെച്ചാണ് മുഖ്യമന്ത്രി സംസാരിക്കുന്നത്. എതിരാളികളെ എന്തും പറയാം എന്ന മാതൃക മുഖ്യമന്ത്രി കാട്ടികൊടുക്കുന്നു. സ്വന്തം ആളുകളുടെ കുറ്റങ്ങൾ മറച്ചു വച്ചു. എല്ലാ ഹിംസകളുടെയും പ്രഭവ കേന്ദ്രം മുഖ്യമന്ത്രി. എതിരാളികളെ എന്തും പറയാം എന്ന മാതൃക മുഖ്യമന്ത്രി കാട്ടികൊടുക്കുന്നു. അക്രമികൾക്ക് പ്രോത്സാഹനം നൽകുന്നു. സൈബർ ഇടങ്ങളിൽ ഏറ്റവും കൂടുതൽ ആക്രമണം നടന്നത് തനിക്കെതിരെയാണ്. മുഖ്യമന്ത്രി ഇതുവരെ ഇടപെട്ടോ? മുഖ്യമന്ത്രി ശൈലി മാറ്റാതെ ഒന്നും മാറില്ലെന്നും അദ്ദേഹം പറഞ്ഞു.
കോൺഗ്രസുകാർ സൈബർ ആക്രമണം നടത്തിയാൽ ഇടപെടും. വരമ്പത്ത് കൂലി യുഡിഎഫ് നയമല്ല. കെകെ രമക്കെതിരെ സൈബർ ആക്രമണമുണ്ടായി. എന്ത് നടപടിയാണ് സ്വീകരിച്ചത്. പ്രതിപക്ഷത്തിരിക്കുമ്പോൾ മാധ്യമങ്ങളോട് സ്നേഹം ഭരണത്തിലിരിക്കുമ്പോൾ വെറുപ്പ്, ഇതാണ് സർക്കാരിന്റെ നിലപാട്. ചാരക്കേസ് റിപ്പോർട്ട് ചെയ്യാൻ മുന്നിൽ നിന്നത് സിപിഎം പത്രം ദേശാഭിമാനിയാണ്.
ഏഷ്യാനെറ്റ് ന്യൂസ് ബഹിഷ്ക്കരണം എന്തിൻ്റെ അടിസ്ഥാനത്തിലാണ്? രാജാവ് നഗ്നനാണെന്ന് പറയുന്ന മാധ്യമ പ്രവർത്തകരെ ആക്രമിക്കുകയാണ് ചെയ്യുന്നത്. സൈബർ ആക്രമണങ്ങളെ മുഖ്യമന്ത്രി അപലപിക്കാതിരുന്നത് തെറ്റാണെന്നും ചെന്നിത്തല പറഞ്ഞു. ഇത് മുഖ്യമന്ത്രിയുടെ സ്ഥാനത്തിന് ചേർന്ന നടപടിയല്ലെന്നും ചെന്നിത്തല പറഞ്ഞു.