സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം; മരിച്ചത് കണ്ണൂർ സ്വദേശി
കണ്ണൂർ: സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി സ്ഥിരീകരിച്ചു. കണ്ണൂർ പടിയൂർ സ്വദേശി സൈമണാണ് മരിച്ചത്. 60 വയസായിരുന്നു. കണ്ണൂർ സർക്കാർ മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയവെയാണ് സൈമൺ മരണത്തിന് കീഴടങ്ങിയത്. ശ്വാസകോശ സംബന്ധമായ അസുഖത്തിന് ചികിത്സയിലായിരുന്നു ഇദ്ദേഹം. ഇരിട്ടി താലൂക്ക് ആശുപത്രിയിൽ നടത്തിയ കൊവിഡ് പരിശോധനയിലാണ് കൊവിഡ് പോസിറ്റീവ് കണ്ടെത്തിയത്.ഗുരുതരാവസ്ഥയിൽ ആയതോടെ ഈ മാസം 7ന് മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു. ഇരിട്ടി ആശുപത്രി ഐ.സി.യുവിൽ നിന്ന് സമ്പർക്കത്തിലൂടെയാണോ രോഗം ബാധിച്ചത് എന്നാണ് സംശയം. സ്രവം കൂടുതൽ പരിശോധനയ്ക്കായി ആലപ്പുഴ ലാബിലേക്ക് അയച്ചു. ഇദ്ദേഹത്തിന്റെ അടുത്ത രണ്ട് ബന്ധുക്കൾക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു.