അച്ഛൻ മരിച്ചിട്ടില്ല, ജീവനോടെയുണ്ട്. വ്യാജവാർത്തകൾ വിശ്വസിക്കരുതെന്ന് പ്രണബ് മുഖർജിയുടെ മക്കൾ
ന്യൂഡൽഹി: മുൻ രാഷ്ട്രപതിപ്രണബ് കുമാർ മുഖർജിയുടെ ആരോഗ്യനിലയെക്കുറിച്ച് ഊഹാപോഹങ്ങൾ പ്രചരിക്കുന്നതിൽ പ്രതിഷേധമറിയിച്ച് അദ്ദേഹത്തിന്റെ മകനും മകളും രംഗത്തെത്തി. തങ്ങളുടെ പിതാവ് ജീവിച്ചിരിപ്പുണ്ടെന്നും വ്യാജവാർത്തകളിലും ഊഹാപോഹങ്ങളിലും വീണുപോകരുതെന്നും അവർ ജനങ്ങളോട് അഭ്യർഥിച്ചു. സമൂഹമാധ്യമങ്ങളിലൂടെ വളരെ പ്രശസ്തരായ ജേണലിസ്റ്റുകൾ പോലും വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നുണ്ടെന്നും പുത്രൻ അഭിജിത് മുഖർജി ട്വിറ്ററിലൂടെ ആരോപിച്ചു.
‘എന്റെ പിതാവ് പ്രണബ് മുഖർജി ഇപ്പോഴും ജീവിച്ചിരിക്കുന്നു. പ്രഗത്ഭരായ ജേണലിസ്റ്റുകൾ പോലും ഊഹാപോഹങ്ങളും വ്യാജവാർത്തകളും പ്രചരിപ്പിക്കുന്നു എന്നതിന് അർഥം ഇന്ത്യ വ്യാജവാർത്തകളുടെ ഒരു ഫാക്ടറി ആയി മാറിയിരിക്കുന്നു എന്നാണ്.’ അഭിജിത് ട്വീറ്റ് ചെയ്തു.
‘പ്രചരിക്കുന്നത് തെറ്റായ വാർത്തയാണ്. ഒരു അഭ്യർഥനയുണ്ട്. പ്രത്യേകിച്ചും മാധ്യപ്രവർത്തകരോട്. ആശുപത്രിയിൽ നിന്നുള്ള വിളികൾക്ക് വേണ്ടി എന്റെ ഫോൺ ഫ്രീ ആക്കി വെക്കേണ്ടതിനാൽ ദയവായി ഫോണിൽ വിളിക്കരുത്.’ മകൾ ശർമിഷ്ഠ മുഖർജി ട്വീറ്റ് ചെയ്തു.
അതേസമയം, മുൻ പ്രസിഡന്റ് പ്രണബ് മുഖർജിയുടെ ആരോഗ്യനില മാറ്റമില്ലാതെ തുടരുകയാണെന്ന് സൈനിക ആശുപത്രിc വൃത്തങ്ങൾ അറിയിച്ചു. വെന്റിലേറ്ററിൽ തുടരുന്ന പ്രണബ് അബോധാവസ്ഥയിലാണ്. തലച്ചോറിൽ രക്തം കട്ടപിടിച്ചതിനെ തുടർന്ന് പ്രണബിന്റെ ആരോഗ്യനില ഗുരുതരരമായിരുന്നു. തുടർന്ന് ശസ്ത്രക്രിയക്ക് വിധേയനാക്കിയെങ്കിലും ആരോഗ്യനിലയിൽ പുരോഗതിയുണ്ടായില്ല. ഇതിനിടെ. കോവിഡ് ബാധ സ്ഥിരീകരിച്ചതും സ്ഥിതി സങ്കീർണമാക്കിയിട്ടുണ്ട്.