കരിപ്പൂർ, തിരുവനന്തപുരം വിമാനത്താവളങ്ങളിൽ വൻ സ്വർണ്ണ വേട്ട, നാല് യാത്രക്കാർ പിടിയിൽ
കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ 566 ഗ്രാം സ്വർണ്ണവും തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ഒരു കിലോ സ്വർണ്ണവുമാണ് കണ്ടെത്തിയത്
കോഴിക്കോട്/തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ട് വിമാനത്താവളങ്ങളിൽ നിന്നായി ലക്ഷങ്ങൾ വിലമതിക്കുന്ന സ്വർണ്ണം പിടികൂടി. കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ 566 ഗ്രാം സ്വർണ്ണവും തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ഒരു കിലോ സ്വർണ്ണവുമാണ് കണ്ടെത്തിയത്. കരിപ്പൂരിലെത്തിയ ഒറ്റപ്പാലം സ്വദേശികളായ രണ്ട് പേരെയും തിരുവനന്തപുരത്ത് എത്തിയ കാസർകോട് സ്വദേശികളായ രണ്ട് പേരെയും പൊലീസ് പിടികൂടി.
കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് 29 ലക്ഷം രൂപയുടെ സ്വര്‍ണ്ണമാണ് കണ്ടെടുത്തത്. ഷാര്‍ജയില്‍ നിന്നെത്തിയ യാത്രക്കാരിൽ നിന്നാണ് സ്വർണ്ണം പിടിച്ചത്. മിശ്രിത രൂപത്തിലാക്കി സോക്സിനുള്ളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു 336 ഗ്രാം സ്വര്‍ണ്ണം. 230 ഗ്രാം തൂക്കമുള്ള സ്വര്‍ണ്ണമാലയും ഇവരുടെ പക്കൽ നിന്നും പിടിച്ചെടുത്തു. തിരുവനന്തപുരം വിമാനത്താവളത്തിൽ ഒരു കിലോഗ്രാം തൂക്കം വരുന്ന സ്വർണ്ണമാണ് പിടികൂടിയത്. ദുബൈയിൽ നിന്നെത്തിയ യാത്രക്കാരെ കസ്റ്റഡിയിലെടുത്തു.