മുഖ്യമന്ത്രിയും ഗവർണറും മൂന്നാറിലെത്തി: പെട്ടിമുടി സന്ദർശിക്കും
ഇടുക്കി:മണ്ണിടിച്ചിലിൽ 55പേർ മരിച്ച മൂന്നാറിലെ പെട്ടിമുടി സന്ദർശിക്കാൻ മുഖ്യമന്ത്രി പിണറായി വിജയനും ഗവർണർ ആരിഫ് മുഹമ്മദ് ഖാനും മൂന്നാറിലെത്തി. ഹെലികോപ്ടറിലാണ് ഇവർ മൂന്നാറിലെത്തിയത്. റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരനും ഡി ജി പി ലോക്നാഥ് ബെഹ്റയും സംഘത്തോടൊപ്പം ഉണ്ടായിരുന്നു. സ്ഥലത്ത് ക്യാമ്പ് ചെയ്തിരുന്ന മന്ത്രി എം. എം മണി ഗവർണറെയും മുഖ്യമന്ത്രിയെയും സ്വീകരിക്കാൻ എത്തിയിരുന്നു. മൂന്നാറിൽ നിന്ന് റോഡുമാർഗമാണ് നാൽപ്പതുകിലോമീറ്റർ അകലെയുളള രാജമലയിലേക്ക് സംഘം പോകുന്നത്. ഒന്നരമണിക്കൂറിനുളളിൽ ഇവർ രാജമലയിലെത്തും. തുടർന്ന് ദുരന്തമുണ്ടായ പെട്ടിമുടി സന്ദർശിക്കും. പിന്നീട് മൂന്നാറിൽ നടക്കുന്ന അവലോകന യോഗത്തിൽ മുഖ്യമന്ത്രി പങ്കെടുക്കും.ഏറെ രാഷ്ട്രീയ വിവാദങ്ങൾക്കുശേഷമാണ് മുഖ്യമന്ത്രി രാജമലയിൽ എത്തുന്നത്. കരിപ്പൂർ ദുരന്തമുണ്ടായപ്പോൾ സ്ഥലം സന്ദർശിച്ച മുഖ്യമന്ത്രി രാജമല സന്ദർശിക്കാത്തതിനെ പ്രതിപക്ഷവും ബി ജെ പിയും രൂക്ഷമായി വിമർശിച്ചിരുന്നു. പ്രതിപക്ഷ നേതാവും കേന്ദ്രമന്ത്രി വി മുരളീധരനും രാജമല സന്ദർശിച്ചിരുന്നു. മൂന്നുപേരുടെ മൃതദേഹങ്ങൾകൂടി ബുധനാഴ്ച കണ്ടെത്തിയതോടെ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 55 ആയി. 15 പേരെക്കൂടി കണ്ടെത്താനുണ്ട്. ദുരന്തമേഖലയിൽനിന്ന് അഞ്ചുകിലോമീറ്റർ ദൂരത്തുള്ള ഗ്രാവൽ ബാങ്കിന് മറുകരയിൽനിന്നും പുഴയിൽനിന്നുമാണ് ബുധനാഴ്ച മൃതദേഹങ്ങൾ കണ്ടെത്തിയത്. ഒരു പെൺകുട്ടിയുടെ മൃതദേഹം അഴുകിയ നിലയിലായിരുന്നു. അഞ്ച് മണ്ണുമാന്തിയന്ത്രങ്ങളും നൂറ് രക്ഷാപ്രവർത്തകരും ചേർന്നാണ് ഗ്രാവൽ ബാങ്ക് ഭാഗത്ത് തിരച്ചിൽ നടത്തുന്നത്.