മാധ്യമ വിചാരണക്കെതിരെ ഹൈക്കോടതി; ക്രിമിനൽ കേസ് വിശദാംശങ്ങൾ മാധ്യമങ്ങളിലൂടെ പുറത്തുവരാൻ പാടില്ല
കൊച്ചി : മാധ്യമ വിചാരണ പാടില്ലന്നും ക്രിമിനൽ കേസുകളുടെ അന്വേഷണ വിശദാംശങ്ങൾ മാധ്യമങ്ങളിലൂടെ പുറത്തു വരുന്നത് തടയണമെന്നും ഹൈക്കോടതി. ക്രിമിനൽ കേസുകളിലെ അന്വേഷണത്തെക്കുറിച്ചു അന്വേഷണ ഉദ്യോഗസ്ഥർ മാധ്യമങ്ങളിലൂടെ പ്രസ്താവനകൾ നടത്തരുതെന്നും കോടതി പറഞ്ഞു. ഈ പ്രവണത വർദ്ധിച്ചു വരുകയാണന്ന് കോടതി നിരീക്ഷിച്ചു.
അന്വേഷണ ഉദ്യോഗസ്ഥർ പത്രസമ്മേളനം നടത്തുന്നതിന് നിയമപരമായി വിലക്കുണ്ട്. പത്രസമ്മേളനങ്ങൾ തെളിവുകൾ ദുർബലപ്പെടുത്തും. കസ്റ്റഡിയിലുള്ള പ്രതികളെ മാധ്യമങ്ങൾക്കു മുന്നിൽ പ്രദർശിപ്പിക്കുകയോ ഫോട്ടോ പ്രസിദ്ധികരിക്കുകയോ ചെയ്യാൻ പാടില്ല. ഇക്കാര്യത്തിൽ പൊലീസ് നിയമത്തിലെ വ്യവസ്ഥകൾ കർശനായി പാലിക്കണം. ഇത് സംബന്ധിച്ചു ഡിജിപി സർക്കുലറുകൾ പുറപ്പെടുവിച്ചിട്ടുണ്ടെങ്കിലും അന്വേഷണ ഉദ്യോഗസ്ഥർ തങ്ങളുടെ വ്യക്തിപരമമായ അഭിപ്രായങ്ങൾ മാധ്യമങ്ങളോട് പറയുന്നത് അനുവദിക്കാനാവില്ലെന്നും കോടതികളാണ് കേസുകളിൽ തീർപ്പു കൽപിക്കേണ്ടതെന്നും ജസ്റ്റിസുമാരായ എ ഹരിപ്രസാദും എൻ അനിൽകുമാറും അടങ്ങുന്ന ഡിവിഷൻ ബെഞ്ച് പറഞ്ഞു.
ഹരിഹര വർമ്മ കൊലക്കേസിൽ അന്വേഷണ പുരോഗതി വിശദീകരിച്ച് ഐജി.വാർത്താ സമ്മേളനം നടത്തിയതിലൂടെ പ്രതികളെ വിചാരണക്ക് മുൻപ് തിരിച്ചറിയാൻ ഇടയാക്കിയെന്ന പ്രതിഭാഗത്തിന്റെ വാദം പരിശോധിച്ചാണ് കോടതി മാധ്യമ വിചാരണ പാടില്ലന്ന് നിർദ്ദേശിച്ചത്.
ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.