ബവ്ക്യൂ ആപ്പ് വില്ലനാകുന്നു; ബെവ്കോയ്ക്ക് കെ.എസ്.ആർ.ടി.സിയുടെ സ്ഥിതിയുണ്ടാകുമെന്ന് ജീവനക്കാരുടെ മുന്നറിയിപ്പ്
തിരുവനന്തപുരം: ബവ്ക്യൂ ആപ്പ് ബിവറേജസ് കോർപ്പറേഷന് തിരിച്ചടിയാകുന്നു. ബവ്ക്യൂ ആപ്പിലൂടെ മദ്യം വിതരണം ചെയ്ത് തുടങ്ങിയ ശേഷം വിൽപ്പന മൂന്നിലൊന്നായി ഇടിഞ്ഞെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ഇതോടെ സംസ്ഥാനത്തെ ബാറുകൾ വൻ നേട്ടമാണ് കൊയ്യുന്നത്. ബിവറേജസ് കോർപ്പറേഷന്റെ വിൽപ്പനശാലകളിൽ പ്രതിദനം ശരാശരി 35 കോടിയുടെ വിപ്പനയാണുണ്ടായിരുന്നത്. ബാറുകളിൽ ഇത് 10 കോടിയോളമായിരുന്നു.ബവ്കോ ആപ്പ് നിലവിൽ വന്നതോടെ ബാറുകളുടെ വിൽപ്പനയിൽ വൻ കുതിച്ചുചാട്ടമാണുണ്ടായത്. കഴിഞ്ഞ മാസം ബിവറേജസ് കോർപ്പറേഷന്റെ വിൽപ്പനശാലകൾ വഴി 380 കോടിയുടെ വിൽപ്പനായാണ് നടന്നത്. എന്നാൽ വെയർഹൗസിൽ നിന്നും ബാറുകൾ വഴി 766 കോടിയുടെ മദ്യം വിറ്റു. ഈ നില തുടർന്നാൽ ബെവ്കോയ്ക്ക് കെ.എസ്.ആർ.ടി.സിയുടെ സ്ഥിതിയുണ്ടാകുമെന്ന് ചൂണ്ടിക്കാട്ടിയാണ് ജീവനക്കാരുടെ സംഘടന എം.ഡിക്ക് കത്തയച്ചത്.ബിവറേജസ് കോർപ്പറേഷന്റെ വിൽപ്പനശാലകളിൽ ജീവനക്കാർക്ക് മറ്റ് സർക്കാർ സ്ഥാപനങ്ങളിലേത് പോലെ കൊവിഡ് കാല പരിഗണനയില്ലാത്തതും വലിയ പരാതികൾക്കാണ് വഴിയൊരുക്കുന്നത്. രാവിലെ 9 മുതൽ വൈകിട്ട് 5 വരെ എല്ലാ ജിവനക്കാരും പ്രവർത്തിക്കണം. ഒരാൾക്ക് കൊവിഡ് വന്നാൽ മുഴുവൻ തൊഴിലാളികളും നിരീക്ഷണത്തൽ പോകേണ്ട സാഹചര്യമാണുള്ളത്. പകുതി ജീവനക്കാരെ വീതം ഒന്നിടവിട്ട ദിവസങ്ങളിൽ നിയോഗിച്ച് ഈ പ്രശ്നം പരിഹരിക്കണമെന്നാണ് ജീവനക്കാരുടെ ആവശ്യം.