നിയമസഭ 24ന് ചേരും; ധനബില്‍ പാസാക്കുന്നതും രാജ്യസഭാ തിരഞ്ഞെടുപ്പും അജണ്ട
ധനബില്‍ പാസാക്കുന്നതിന് സഭ കഴിഞ്ഞമാസം അവസാനം ചേരാന്‍ തീരുമാനിച്ചിരുന്നുവെങ്കിലും കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലും തിരുവനന്തപുരം നഗരം കണ്ടെയ്ന്മെന്റ് ആയ സാഹചര്യത്തിലും മാറ്റിവയ്ക്കുകയായിരുന്നു.
തിരുവനന്തപുരം: നിയമസഭാ സമ്മേളനം ഈ മാസം 24ന് വിളിച്ചുചേര്‍ക്കാന്‍ ഗവര്‍ണറോട് ശിപാര്‍ശ ചെയ്യാന്‍ ഇന്നു ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ തീരുമാനം. ധനബില്‍ പാസാക്കുന്നതും രാജ്യസഭാ തെരഞ്ഞെടുപ്പുമാണ് അജണ്ട. എം.പി വീരേന്ദ്രകുമാര്‍ അന്തരിച്ചതോടെ ഒഴിവുവന്ന സീറ്റിലേക്കാണ് രാജ്യസഭാ തിരഞ്ഞെടുപ്പ്.
ധനബില്‍ പാസാക്കുന്നതിന് സഭ കഴിഞ്ഞമാസം അവസാനം ചേരാന്‍ തീരുമാനിച്ചിരുന്നുവെങ്കിലും കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലും തിരുവനന്തപുരം നഗരം കണ്ടെയ്ന്മെന്റ് ആയ സാഹചര്യത്തിലും മാറ്റിവയ്ക്കുകയായിരുന്നു. സഭ ചേരുമ്പോള്‍ സ്വര്‍ണക്കടത്ത് കേസിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാരിനെതിരെ അവിശ്വാസം കൊണ്ടുവരാന്‍ പ്രതിപക്ഷവും തീരുമാനിച്ചിരുന്നു. ഇതിനായി നോട്ടീസും നല്‍കിയിരുന്നു. അവിശ്വാസവും സ്വര്‍ണക്കടത്ത് കേസിലെ വിമര്‍ശനവും നേരിടാന്‍ കഴിയാതെ സര്‍ക്കാര്‍ ഒളിച്ചോടുകയാണെന്ന് പ്രതിപക്ഷം വിമര്‍ശിച്ചിരുന്നു.