കാസർകോട്: കാസർകോട് ജില്ലയില്‍ കോവിഡ് രോഗികളുടെ എണ്ണം വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ പി.സി.ആര്, ആന്റിജന്‍ പരിശോധനകളില്‍ പോസിറ്റീവായി കണ്ടെത്തിയിട്ടുള്ളതും എന്നാല്‍ രോഗലക്ഷണമില്ലാത്തവരുമായ സര്‍ക്കാര്‍ അനുവദിക്കുന്ന രോഗികള്‍ക്ക് നിബന്ധനകളോടെ സ്വഭവനങ്ങളില്‍ താമസിച്ച് ചികിത്സ തേടാമെന്ന് ജില്ലാ കളക്ടര്‍ ഡോ ഡി സജിത് ബാബു അറിയിച്ചു. വീടുകളില്‍ കഴിയുന്ന രോഗികള്‍ക്ക് ശരിയായ ആരോഗ്യ പരിരക്ഷ ഉറപ്പുവരുത്തുന്നതിനായി ടെലി മെഡിസിന് അടക്കമുള്ള എല്ലാ സംവിധാനങ്ങളും ഒരുക്കും. രോഗികള്‍ക്ക് സാന്ത്വനം നല്‍കുന്നതിനും രോഗവിവരം അറിയുന്നതിനും നിശ്ചിത ഇടവേളകളില്‍ ബന്ധപ്പെടുന്നതിനുമുള്ള സംവിധാനവും ഒരുക്കും. ഇതിന്റെ ചുമതല ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) നിര്‍വ്വഹിക്കും.
വാര്‍ഡ് തല ജാഗ്രതാസമിതികളുടെ നിരീക്ഷണം ഊര്‍ജിതപ്പെടുത്തണം
കോവിഡ് പോസിറ്റീവ് രോഗികളെ പാര്‍പ്പിക്കുന്ന വീടുകളില്‍ വാര്‍ഡ് തല ജാഗ്രതാസമിതികളുടെ നിരീക്ഷണം കൂടുതല്‍ കാര്യക്ഷമമാക്കണം. വീട്ടില്‍ ആവശ്യമായ സൗകര്യങ്ങള്‍(പ്രത്യേകം റൂം, ബാത്ത് റൂം സൗകര്യം തുടങ്ങിയവ) ഉണ്ടെന്ന് ഉറപ്പു വരുത്തിയതിനു ശേഷം മാത്രമേ രോഗികളെ വീടുകളിലേക്ക് വിടുന്നതിന് ജാഗ്രതാ സമിതികള്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് ശുപാര്‍ശ നല്കാന് പാടുള്ളൂ. എല്ലാ മുനിസിപ്പല്‍ ,{ഗാമപഞ്ചായത്തുകളും തനത്പ്ലാന്‍ ഫണ്ട് ഉപയോഗിച്ച് കുറഞ്ഞത് 10 ഫിഗര്‍ ടിപ് പള്‍സ് ഓക്സിമീറ്ററുകള്‍ വാങ്ങി പുനരുപയോഗ സമ്പ്രദായത്തില്‍, അതാത് തദ്ദേശ സ്വയം ഭരണ സ്ഥാപന പരിധിയിലെ വീടുകളില്‍ കഴിയുന്ന കോവിഡ് പോസിറ്റീവ് രോഗികള്‍ക്ക് താല്ക്കാലികാടിസ്ഥാനത്തില് വിതരണം ചെയ്യാന്‍ മുനിസിപ്പല്‍, ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാരെ ചുമതലപ്പെടുത്തി. കോവിഡ് രോഗികള്‍ മറ്റുള്ളവരുമായി ബന്ധപ്പെടുന്ന സാഹചര്യം ഒഴിവാക്കുന്നതിനുള്ള ശക്തമായ നീരീക്ഷണം ജില്ലയില്‍ പോലീസ് ഏര്‍പ്പെടുത്തും.
നിലവില്‍ രോഗലക്ഷണമുള്ളവരും അല്ലാത്തവരുമായ മുഴുവന്‍ രോഗികളെയും സര്‍ക്കാര്‍ സംവിധാനങ്ങളില്‍ പാര്‍പ്പിച്ചാണ് ചികിത്സിച്ചു വരുന്നത്. സര്‍ക്കാര്‍ സംവിധാനത്തില്‍ മുഴുവന്‍ രോഗികള്‍ക്കും മെച്ചപ്പെട്ട ചികില്‍സ നല്‍കുന്നതിനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ട്. ജില്ലയില്‍ 21 സി എഫ് എല്‍ ടി സി കളിലായി 4283 രോഗികളെ ചികിത്സിക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിന് നടപടി സ്വീകരിച്ചു. ഡോക്ടര്‍മാരുടെ അഭാവത്തില്‍ 10 സി എഫ് എല്‍ ടി സി കളിലായി 1090 ബെഡുകളാണ് പ്രവര്‍ത്തന സജ്ജമായിട്ടുള്ളത്. കൂടുതല്‍ രോഗികളെ ഒരേ സമയം സി എഫ് എല്‍ ടി സി കളില്‍ പ്രവേശിപ്പിക്കുന്നതിന് പ്രയാസം നേരിടുന്ന സാഹചര്യത്തിലാണ് പുതിയ തിരുമാനം.
വീട്ടിൽ ചികിത്സയിലുള്ള കോവിഡ് -19 രോഗികൾ ചുവടെ ചേർത്ത നിർദേശങ്ങൾ കൃത്യമായി പാലിക്കേണ്ടതാണ്.
a) പോഷക സമൃദ്ധമായ ആഹാരം കഴിക്കുക
b) ധാരാളം ശുദ്ധ ജലം കുടിക്കുകയും ശരീരത്തിൽ ജലാംശം നില നിർത്തുകയും ചെയ്യുക
c)ദിവസവും രാത്രി 7-8 മണിക്കൂർ ഉറങ്ങുകയും വിശ്രമിക്കുകയും ചെയ്യുക
d)രോഗലക്ഷങ്ങളോ മറ്റു പ്രധാന മുന്നറിയിപ്പുകളോ ഉണ്ടോയെന്ന് സ്വയം പരിശോധിക്കുകയും വിലയിരുത്തുകയും ചെയ്യുക
രോഗലക്ഷണങ്ങൾ :പനി ,ചുമ,ക്ഷീണം ,വിശപ്പില്ലായ്മ ,ശ്വാസതടസ്സം ,മൂക്ക് ചുണ്ട് എന്നിവ വിളറി നീല നിറമാകുക ,പേശിവേദന ,തൊണ്ടവേദന ,മണം -രുചി എന്നിവ അറിയാനുള്ള സംവേദന ശേഷി നഷ്ടപ്പെടുക ,വയറിളക്കം ,ഓക്കാനം ,ഛർദി
e) മറ്റു പ്രധാന മുന്നറിയിപ്പുകൾ; സ്ഥലകാല വിഭ്രമം, ശ്വാസതടസ്സം, നെഞ്ച് വേദന, തലചുറ്റൽ, ചുമച്ചു രക്തം തുപ്പുക, അമിതക്ഷീണം, അല്പനേരത്തേക്കുള്ള ബോധക്ഷയം, ഹൃദയമിടിപ്പ് വേഗത്തിലാകുകയും സ്വയം അനുഭവപ്പെടുകയും ചെയുക.
ഇവ അനുഭവപ്പെട്ടാൽ ആരോഗ്യ കേന്ദ്രത്തിലോ ജില്ലാ കൺട്രോൾ സെല്ലിലേക്കോ -994600293 ,9946895555 -എന്ന നമ്പറിലേക്കോ ഗവ മെഡിക്കൽ കോളേജ് കാസര്‍ഗോഡിലെ ഡ്യൂട്ടി മെഡിക്കൽ ഓഫിസറെയോ -9072533388 ബന്ധപ്പെടേണ്ടതാണ്
g) രോഗലക്ഷണങ്ങൾ കൃത്യമായി രേഖപ്പെടുത്തുന്നതിനായി രോഗി ഒരു ഡയറി സൂക്ഷിക്കേണ്ടതാണ്
h) ആരോഗ്യവകുപ്പിൽ നിന്നുള്ള ഫോൺ കാളുകൾ കൃത്യമായി അറ്റൻഡ് ചെയ്യുകയും ശരിയായ വിവരങ്ങൾ കൈമാറുകയും ചെയ്യേണ്ടതാണ്
i)രോഗിക്ക് ഭക്ഷണം, മറ്റത്യാവശ്യ സാധനങ്ങൾ എന്നിവ കൈമാറുമ്പോൾ രോഗിയും പരിചരിക്കുന്നയാളും ത്രീലെയർ മാസ്ക് ധരിക്കുകയും 2 മീറ്റർ ശാരീരിക അകലം പാലിക്കുകയും ചെയ്യണം.
j) വീട്ടിലുള്ള മറ്റുളളവർ ഭക്ഷണം കഴിക്കുന്നയിടമോ, ഉറങ്ങുന്ന സ്ഥലമോ രോഗി ഉപയോഗിക്കരുത്. വീട്ടിലുള്ള മറ്റു അംഗങ്ങളുമായി ഒരു കാരണവശാലും ഇടപഴകരുത്.
k) വീട്ടിലെ മറ്റുളളവർ ഉപയോഗിക്കുന്ന ടി. വി റിമോട്ട് ,മൊബൈൽ ഫോൺ ,പാത്രങ്ങൾ ,ഗ്ലാസ്സുകൾ ,മറ്റു നിത്യോപയോഗ സാധനങ്ങൾ എന്നിവ രോഗി ഉപയോഗിക്കരുത്
l) രോഗിയുടെ വസ്ത്രങ്ങൾ ബാത്റൂമിൽ വെച്ച് രോഗി തന്നെ അലക്കേണ്ടതാണ്. അലക്കിയ വസ്ത്രങ്ങൾ ഉണക്കുന്നതിനായി പരിചരിക്കുന്നയാൾക്കു കൈമാറേണ്ടതാണ് .രോഗി സ്പർശിച്ച സ്ഥലങ്ങൾ ഉടൻ തന്നെ അണുവിമുക്തമാക്കേണ്ടതാണ്
m) ഈ വീട്ടിൽ മറ്റു സന്ദർശകരെ ഒരുകാരണവശാലും അനുവദിക്കരുത്
n) ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും മൂക്കും വായും തൂവാല കൊണ്ട് അടച്ചു പിടിക്കേണ്ടതാണ്
o) കൈകൾ ഇടയ്ക്കിടെ വെള്ളവും സോപ്പും ഉപയോഗിച്ച് കഴുകുകയോ ആൽക്കഹോൾ അടങ്ങിയ ഹാൻഡ് സാനിറ്റൈസർ ഉപയോഗിച്ച് കൊണ്ട് അണുവിമുക്തമാക്കുകയോ ചെയ്യേണ്ടതാണ്
p) വീടിനകത്തെ മാലിന്യങ്ങൾ വീടിനു പുറത്തു വെച്ച് കത്തിച്ചു കളയുക, കത്തിച്ചു കളയാൻ പറ്റാത്ത മാലിന്യങ്ങൾ ബ്ലീച്ചിങ് സൊല്യൂഷൻ ഉപയോഗിച്ച് അണുവിമുക്തമാക്കുക, ജൈവ മാലിന്യങ്ങൾ മണ്ണിൽ കുഴിച്ചിടുക.