പരിസ്ഥിതി ആഘാത പഠന വിജ്ഞാപനം; കേന്ദ്രത്തിനെതിരെ കോടതി അലക്ഷ്യ നോട്ടീസ് അയച്ച് ഡൽഹി ഹൈക്കോടതി
ന്യൂഡൽഹി: പരിസ്ഥിതി ആഘാത പഠന വിജ്ഞാപനത്തിൽ കേന്ദ്രസർക്കാരിനെതിരെ കോടതി അലക്ഷ്യ നോട്ടീസ് അയച്ച് ഡൽഹി ഹൈക്കോടതി. പ്രാദേശിക ഭാഷകളിൽ കരട് വിജ്ഞാപനം ഇറക്കാൻ നേരത്തെ കേന്ദ്രസർക്കാരിനോട് കോടതി നിർദേശിച്ചിരുന്നു. ഇത് പാലിക്കാത്തതിനാണ് കേന്ദ്രത്തിന് കോടതി അലക്ഷ്യ നോട്ടീസ് അയച്ചത്. പരിസ്ഥിതി ആഘാത പഠനത്തിനുള്ള വ്യവസ്ഥകൾ ഭേദഗതി ചെയ്തുകൊണ്ടുള്ള കരട് വിജ്ഞാപനത്തെക്കുറിച്ച് പൊതുജനാഭിപ്രായം നൽകുന്നതിനുള്ള അവസാന തീയതി ഇന്ന് അവസാനിക്കാനിരിക്കെയാണ് കേന്ദ്രത്തിന് നോട്ടീസ് അയക്കാനുള്ള കോടതി തീരുമാനം ഉണ്ടായിരിക്കുന്നത്. ഇതുവരെ നാലര ലക്ഷത്തിലധികം കത്തുകളാണ് പരിസ്ഥിതി മന്ത്രാലയത്തിന് കിട്ടിയത്.കരട് വിജ്ഞാപനത്തിനെതിരെ പരിസ്ഥിതി സംഘടനകളും പ്രവർത്തകരും കടുത്ത എതിർപ്പാണുയർത്തിയിരിക്കുന്നത്. വ്യവസ്ഥകൾ നടപ്പായാൽ രാജ്യവ്യാപകമായി പരിസ്ഥിതി പ്രശ്നങ്ങൾക്കും കുഴപ്പങ്ങൾക്കും കാരണമാകുമെന്ന് രാഹുൽഗാന്ധി ഉൾപ്പെടെയുള്ള നേതാക്കൾ ആരോപണം ഉന്നയിച്ചിരുന്നു. എന്നാൽ, പ്രതിഷേധം അനാവശ്യമാണെന്നും അന്തിമ വിജ്ഞാപനമായിട്ടില്ലെന്നുമാണ് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രി പ്രകാശ് ജാവദേക്കർ മാദ്ധ്യമങ്ങളോട് പറഞ്ഞത്. എല്ലാ അഭിപ്രായങ്ങളും ഉൾക്കൊള്ളുന്നതായിരിക്കും അന്തിമ വിജ്ഞാപനമെന്നും അദ്ദേഹം പറഞ്ഞു.ഇന്ന് വൈകുന്നേരം വരെ കിട്ടുന്ന അഭിപ്രായങ്ങളും നിർദേശങ്ങളും പരിശോധിച്ചാകും അന്തിമ വിജ്ഞാപനം ഇറക്കുക. മാർച്ച് 23നാണ് പരിസ്ഥിതി ആഘാത പഠനത്തിനുള്ള നിർദേശങ്ങളിലെ ഭേദഗതിക്കായുള്ള കരട് വിജ്ഞാപനം തയ്യാറാക്കിയത്. ഏപ്രിൽ 11നാണ് കരട് വിജ്ഞാപനം പൊതുജനങ്ങളുടെ അഭിപ്രായത്തിനായി പ്രസിദ്ധീകരിച്ചത്. ആവർത്തിക്കുന്ന പ്രകൃതി ദുരന്തങ്ങൾ കാണാതെയുള്ള കേന്ദ്ര സർക്കാരിന്റെ നടപടി വലിയ അപകടത്തിലേക്കെന്നാണ് പ്രതിഷേധക്കാരുടെ മുന്നറിയിപ്പ്.