‘ഏറെ വൈകാരികമായാണ് അദ്ദേഹം ഞങ്ങള്‍ക്ക് സല്യൂട്ടേകിയത്, ഇതിന്റെ പേരില്‍ നടപടി വന്നേക്കുമെന്ന് കേട്ടപ്പോള്‍ വലിയ വിഷമം’: കരിപ്പൂരിലെ രക്ഷാപ്രവര്‍ത്തകര്‍
മലപ്പുറം: കരിപ്പൂര്‍ വിമാനപകടത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തി ക്വാറന്റൈനില്‍ കഴിയുന്നവരെ പൊലീസുകാരന് വീട്ടിലെത്തി സല്യൂട്ട് ചെയ്തത് വിവാദമായിരുന്നു. ഇതുസംബന്ധിച്ച് പൊലീസ് അന്വേഷണവും നടന്നു. എന്നാല്‍ ഒരു സല്യൂട്ടിന്റെ പേരില്‍ പൊലീസുകാരനെതിരെ നടപടി വന്നേക്കുമെന്ന് കേട്ടപ്പോള്‍ വിഷമം തോന്നിയെന്ന് രക്ഷാപ്രവര്‍ത്തനത്തിലേര്‍പ്പെട്ട ജുനൈദ് മുക്കൂട് പറഞ്ഞു.
‘സ്വന്തം ജീവന് പോലും വകവയ്ക്കാതെ രക്ഷാപ്രവര്‍ത്തനം നടത്തിയ നിങ്ങള്‍ക്ക് പകരമായി നല്കാന് എന്റെ കൈയിലൊന്നുമില്ല. എല്ലാ പൊലീസുകാര്‍ക്കും വേണ്ടി ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്നൊരു അഭിവാദ്യം. ഇതുപറഞ്ഞ് ഏറെ വൈകാരികമായി അദ്ദേഹം ഞങ്ങള്‍ക്ക് സല്യൂട്ടേകി. ഇതിന്റെ പേരില്‍ നടപടി വന്നേക്കുമെന്ന് കേട്ടപ്പോള്‍ വലിയ വിഷമം’. കരിപ്പൂരിലെ വിമാനദുരന്തത്തില്‍ രക്ഷാപ്രവര്‍ത്തനത്തിന് ആദ്യമെത്തിയവരില്‍ ഉള്‍പ്പെട്ട ജുനൈദ് മുക്കൂട് പറഞ്ഞു.
തൊട്ടടുത്തുള്ള മൂന്ന് വീടുകളിലായി 18 പേരാണ് ക്വാറന്റൈനില്‍ കഴിയുന്നത്. ഞായറാഴ്ച വൈകിട്ട് അഞ്ചോടെയാണ് സീനിയര്‍ സിവില്‍ പൊലീസ് ഓഫീസറായ നിസാര്‍ അരിപ്ര ഓരോ വീട്ടിലുമെത്തി രക്ഷാപ്രവര്‍ത്തകരോടുള്ള ആദരസൂചകമായി സല്യൂട്ടേകിയത്. പിന്നാലെ രക്ഷാപ്രവര്‍ത്തകരെ കേരള പൊലീസ് ആദരിച്ചെന്ന കുറിപ്പോടെ ചിത്രം പ്രചരിച്ചു. നടന്മാരായ സണ്ണിവെയ്നും സുരാജ് വെഞ്ഞാറമൂടുമടക്കമുള്ളവര് ചിത്രം പങ്കുവച്ചു. കരിപ്പൂരിലെ വിവിധ വീടുകളിലായി കൂട്ടമായും തനിച്ചും 300ഓളം പേരാണ് ക്വാറന്റൈനില്‍ കഴിയുന്നത്.
മലപ്പുറം കണ്ട്രോള് റൂമില്‍ നിന്ന് വിമാനദുരന്തമുണ്ടായ സ്ഥലത്തേക്ക് സ്പെഷ്യല്‍ ഡ്യൂട്ടിക്കെത്തിയതായിരുന്നു നിസാര്‍. സമീപത്ത് ക്വാറന്റൈനില്‍ കഴിയുന്നവരുണ്ടെന്ന വിവരമറിഞ്ഞ് നാട്ടുകാരന്റെ സഹായത്തോടെയാണ് വീടുകളിലെത്തിയത്.10 മിനിട്ട് ഓരോയിടത്തും ചെലവഴിച്ചു. ക്വാറന്റൈനില്‍ കഴിയുന്നവര്‍ വീട്ടുമുറ്റത്തും നിസാര്‍ റോഡിലുമായിരുന്നു. ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ ഔദ്യോഗിക പരിപാടിയാണിതെന്ന വാദം തള്ളിയ പൊലീസ് വിഷയത്തില്‍ അന്വേഷണം തുടങ്ങി.
പൊലീസുകാരനെതിരെ നടപടി വരുമെന്ന പ്രതീതി പരന്നു. സല്യൂട്ടിന് സോഷ്യല്‍ മീഡിയയിലടക്കം വലിയ സ്വീകാര്യത ലഭിച്ചതോടെ അന്വേഷണ നടപടികള്‍ പൊലീസ് രഹസ്യമാക്കി. കരിപ്പൂര്‍ സ്റ്റേഷനില്‍ നിന്ന് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടെങ്കിലും ഇക്കാര്യം സ്റ്റേഷന് ഹൗസ് ഓഫീസര്‍ നിഷേധിച്ചു.
പൊലീസുകാരനെതിരെ നടപടിയെടുത്താല്‍ വലിയ പ്രതിഷേധം നേരിട്ടേക്കാമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍ സംഭവത്തില്‍ ജില്ലാ കളക്ടര്‍ ഇടപെട്ട് തുടര്‍നടപടികള്‍ വേണ്ടെന്ന നിര്‍ദ്ദേശം ജില്ലാ പൊലീസ് മേധാവിക്ക് നല്‍കിയതായാണ് വിവരം. ക്വാറന്റൈന് കാലാവധിക്ക് ശേഷം ഇവരെ ആദരിക്കാനും കളക്ടര്‍ക്ക് പദ്ധതിയുണ്ട്.