യോഗ്യത ചൂണ്ടിക്കാട്ടി പരിഹാസമേറി; പ്ലസ് വണ്‍ പഠനത്തിന് അപേക്ഷ നല്കി ഝാര്‍ഖണ്ഡ് വിദ്യാഭ്യാസ മന്ത്രി
റാഞ്ചി: വിദ്യാഭ്യാസ യോഗ്യത ചൂണ്ടിക്കാണിച്ച് പരിഹാസം ഏറിയതോടെ പതിനൊന്നാം ക്ലാസിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ നല്കി ഝാര്‍ഖണ്ഡിലെ വിദ്യാഭ്യാസ മന്ത്രി ജഗര്‍നാഥ് മഹ്തോ. പഠിക്കാന്‍ പ്രായമൊരു വെല്ലുവിളിയല്ലെന്ന് വ്യക്തമാക്കിയാണ് നടപടി. ബൊകാറോ ജില്ലയിലെ ദേവി മഹ്തോ ഇന്റര്‍ കോളേജിലാണ് മന്ത്രി പതിനൊന്നാം ക്ലാസിലേക്കുള്ള അപേക്ഷ നല്‍കിയിരിക്കുന്നത്. ആദ്യമായി എംഎല്‍എ ആയി തെരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ 2006ല്‍ മന്ത്രി തന്നെ മുന്‍കൈ എടുത്ത് സ്ഥാപിച്ചതാണ് ഈ സ്കൂള്‍.
1995ല്‍ ബൊകാറോയിലെ ടെലോയിലുള്ള നെഹ്റു ഹൈസ്കൂളില്‍ നിന്നാണ് ജഗര്‍നാഥ് മഹ്തോ പത്താം ക്ലാസ് പാസായത്. എന്നാല്‍ അന്ന് തുടര്‍ന്നുപഠിക്കാന്‍ സാധിച്ചിരുന്നില്ല. ക്യാബിനറ്റ് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെ വിദ്യാഭ്യാസ യോഗ്യതയില്ലാത്ത മന്ത്രിയാണെന്ന് വിവിധ തലങ്ങളില്‍ പരിഹാസം കേട്ടിരുന്നു. ഇതോടെയാണ് തുടര്‍ന്ന് പഠിക്കാന്‍ തീരുമാനിച്ചതെന്ന് മന്ത്രി ന്യൂ ഇന്ത്യന്‍ എക്സ്പ്രസിന് നല്കിയ അഭിമുഖത്തില്‍ പറയുന്നു.