അദ്ധ്യായന വർഷം ഉപേക്ഷിക്കില്ല; ഡിസംബറോടെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കാൻ കഴിയുമെന്ന പ്രതീക്ഷയിൽ കേന്ദ്രം
ന്യൂഡൽഹി: രാജ്യത്തെ കോളേജുകളും സ്കൂളുകളും തുറക്കാനായി നിശ്ചിത സമയം തീരുമാനിച്ചിട്ടില്ലെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം. സ്ഥിതി മെച്ചമാക്കുമ്പോൾ വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കാം എന്നാണ് കേന്ദ്രസർക്കാർ ആലോചന. നവംബർ ഡിസംബർ മാസത്തോടെ സ്ഥിതി മെച്ചമാകുമെന്നും തുടർന്ന് ഡിസംബറോടെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കാനാകും എന്നാണ് സർക്കാർ കണക്കുകൂട്ടുന്നത്.ഒന്ന് മുതൽ പന്ത്രണ്ടാം ക്ളാസ് വരെ പഠിക്കുന്ന വിദ്യാർത്ഥികളിൽ അറുപത് ശതമാനം പേർക്കും ഓൺലൈൻ ക്ളാസുകളിലൂടെ പഠിക്കാൻ കഴിയുന്നു എന്ന സർവേ റിപ്പോർട്ട് മാനവ വിഭവശേഷി വകുപ്പ് സെക്രട്ടറി അമിത് ഖരെ സ്റ്റാൻഡിംഗ് കമ്മിറ്റി യോഗത്തിൽ അവതരിപ്പിച്ചു. സി.ബി.എസ്.ഇയിൽ അഫിലിയേറ്റ് ചെയ്തിരിക്കുന്ന കേന്ദ്രിയ വിദ്യാലയങ്ങളും നവോദയ വിദ്യാലയങ്ങളും ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ആണ് സർവേ നടത്തിയത്.മുപ്പത് ശതമാനത്തോളം വിദ്യാർത്ഥികൾക്ക് ഓൺലൈൻ ക്ളാസുകളിൽ പങ്കെടുക്കാൻ റേഡിയോ, ടി.വി തുടങ്ങിയ പരിമിതമായ സൗകര്യങ്ങളെ ഉള്ളു. പത്ത് ശതമാനം കുട്ടികൾക്ക് ഓൺലൈൻ ക്ളാസുകളിൽ പങ്കെടുക്കാൻ കഴിയുന്നില്ല എന്ന സർവേയുടെ കണ്ടെത്തലും അമിത് ഖരെ സ്റ്റാൻഡിംഗ് കമ്മിറ്റി യോഗത്തിൽ ചൂണ്ടിക്കാട്ടി. ഇക്കാര്യങ്ങൾ പരീക്ഷ നടത്തുമ്പോൾ കണക്കിലെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ 2020-21 അദ്ധ്യയന വർഷം ഉപേക്ഷിക്കിക്കാൻ കേന്ദ്രസർക്കാർ ഇതുവരെ ആലോചിച്ചിട്ടില്ല. കോളേജുകളിലെയും സ്കൂളുകളിലെയും വാർഷിക പരീക്ഷ നടത്താൻ കഴിയും എന്നാണ് പ്രതീക്ഷ എന്നും കേന്ദ്ര മാനവവിഭശേഷി സെക്രട്ടറി അമിത് ഖരെ പ്രതീക്ഷ പ്രകടിപ്പിച്ചു. മാനവ വിഭവശേഷി വകുപ്പിന്റെ പാർലമെന്ററി സ്റ്റാന്റിംഗ് കമ്മിറ്റി യോഗത്തിലാണ് അദ്ധ്യയന വർഷത്തെ സംബന്ധിച്ച വിശദമായ ചർച്ചകൾ നടന്നത്.