ദുബായ്: ആഗോള റീട്ടെയ്ല്‍ മേഖലയിലെ മുന്‍നിര കമ്ബനികളുടെ പട്ടികയില്‍ യു.എ.ഇ.യില്നിന്ന് ലുലു ഹൈപ്പര്‍മാര്‍ക്കറ്റും മാജിദ് അല്‍ ഫുത്തൈം ഗ്രൂപ്പിന്റെ ക്യാരിഫോറും ഇടം പിടിച്ചു. പ്രമുഖ ഓഡിറ്റ് സ്ഥാപനമായ ഡിലോയിറ്റാണ് പട്ടിക പ്രസിദ്ധീകരിച്ചത്.
അമേരിക്കന്‍ കമ്ബനിയായ വാള്‍മാര്‍ട്ടാണ് പട്ടികയില്‍ മുന്നില്‍. ഇന്ത്യയിലെ റിലയന്‍സ് റീട്ടെയ്്ലും പട്ടികയിലുണ്ട്.
പട്ടികയില്‍ ഇടംപിടിച്ച മലയാളി ഉടമസ്ഥതയിലുള്ള ഏക സ്ഥാപനവും ലുലുവാണ്. അബുദാബി ആസ്ഥാനമായ ലുലു ഗ്രൂപ്പ് വിവിധ രാജ്യങ്ങളിലായി കൂടുതല്‍ ഹൈപ്പര്‍മാര്‍ക്കറ്റുകള്‍ ആരംഭിക്കാനുള്ള പ്രവര്‍ത്തനങ്ങളിലാണ്. കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളില്‍ മൂന്ന് ഹൈപ്പര്‍മാര്‍ക്കറ്റുകളാണ് വിവിധ രാജ്യങ്ങളിലായി ലുലു ആരംഭിച്ചത്.
അബുദാബി, ഈജിപ്തിലെ കയ്റോ, ഇന്‍ഡൊനീഷ്യയിലെ ജക്കാര്‍ത്ത എന്നിവിടങ്ങളിലാണിത്. യു.എ.ഇ.യില്‍ മാത്രം ഒരു വര്‍ഷത്തിനുള്ളില്‍ എട്ടു മുതല്‍ 12 വരെ ഹൈപ്പര്‍മാര്‍ക്കറ്റ് ആരംഭിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളാണ് ഇപ്പോള്‍ നടക്കുന്നതെന്ന് ലുലു ഗ്രൂപ്പ് ചെയര്മാന് എം.എ. യൂസഫലി പറഞ്ഞു. ഇതുകൂടാതെ മറ്റ് ജി.സി.സി. രാജ്യങ്ങള്‍, ഈജിപ്ത്, ഇന്‍ഡൊനീഷ്യ, മലേഷ്യ എന്നിവിടങ്ങളിലും ഹൈപ്പര്‍മാര്‍ക്കറ്റുകള്‍ തുടങ്ങും.
കോവിഡിന്റെ വ്യാപനം വെല്ലുവിളികള്‍ ഉയര്‍ത്തിയിട്ടുണ്ടെങ്കിലും കൂടുതല്‍ ഹൈപ്പര്‍മാര്‍ക്കറ്റുകള്‍ ആരംഭിച്ചു കൊണ്ട് പ്രവര്‍ത്തനം വിപുലീകരിക്കുവാനാണ് ഉദ്ദേശിക്കുന്നതെന്ന് യൂസഫലി പറഞ്ഞു.
കേരളത്തിലെ വിവിധ ജില്ലകളിലും ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് ആരംഭിക്കാന്‍ ഉദ്ദേശിക്കുന്നുണ്ട്. തൃശ്ശൂര്‍, കോട്ടയം, കാസര്‍കോട്, പെരിന്തല്‍മണ്ണ, പാലക്കാട്, കോഴിക്കോട് എന്നിവിടങ്ങളിലാണ് ആദ്യഘട്ടത്തില്‍ പദ്ധതിയിടുന്നത്. ഇതുമായി ബന്ധപ്പെട്ട പ്രാരംഭ നടപടികള്‍ ആരംഭിച്ചെന്നും അദ്ദേഹം അറിയിച്ചു.അതേസമയം ലുലുവിനെ പോലുള്ള ഭീമന്മാരുടെ കടന്നുവരവ് ചെറുകിട വ്യാപാരി സമൂഹത്തെ ആശങ്കയിലാഴ്ത്തുന്നുണ്ട്.