ബെയ്റുട്ട്:ലോകത്തെ നടുക്കിയ ബെയ്റുട്ട് സ്ഫോടനത്തെ തുടര്‍ന്ന് ലെബനന് സര്‍ക്കാര്‍ രാജിവച്ചു. തിങ്കളാഴ്ച പ്രാദേശിക സമയം രാത്രി ഏഴര മണിക്ക് രാജ്യത്തെ അഭിസംബോധന ചെയ്ത് കൊണ്ട് പ്രധാനമന്ത്രി രാജി അറിയിക്കുകയായിരുന്നു. “സര്‍ക്കാരിന്റെ രാജി ഞാന്‍ പ്രഖ്യാപിക്കുന്നു. ദൈവം ലെബനനെ രക്ഷിക്കട്ടെ” അദ്ദേഹം പറഞ്ഞു.
കഴിഞ്ഞയാഴ്ച ബെയ്റുട്ട് തുറമുഖത്തുണ്ടായ സ്ഫോടനത്തെത്തുടര്‍ന്ന് ജനങ്ങളില്‍ നിന്നും ശക്തമായ പ്രതിഷേധമുണ്ടായ സാഹചര്യത്തിലാണ് മന്ത്രിസഭ രാജിവച്ചത്. എല്ലാ മന്ത്രിമാരുടെയും രാജി അറിയിച്ചുള്ള കത്ത് പ്രധാനമന്ത്രി ഹസ്സന് ദിയാബ് രാഷ്ട്രപതിയുടെ ഔദ്യോഗിക വസതിയിലെത്തി കൈമാറി. പുതിയ സര്‍ക്കാര്‍ രൂപീകരിക്കും വരെ ഇനി കാവല്‍ ഭരണമായിരിക്കും ലെബനനില്‍ തുടരുക. ആഗസ്റ്റ് 4ലെ സ്ഫോടനത്തെത്തുടര്‍ന്ന് സര്‍ക്കാരിനെതിരെ വന്‍ പ്രക്ഷോഭമാണ് പൊട്ടിപ്പുറപ്പെട്ടത്. ഇതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം പൊലീസും സമരക്കാരും തെരുവില്‍ ഏറ്റുമുട്ടിയിരുന്നു. ഏകദേശം 2750 ടണ്‍ വരുന്ന അമോണിയം നൈട്രേറ്റാണ് ബെയ്റുട്ട് തുറമുഖത്ത് പൊട്ടിത്തെറിച്ചത്. പൊട്ടിത്തെറിയില്‍ 160 പേര് മരണപ്പെടുകയും 6000ല്‍ ഏറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.