മഴക്കെടുതി; പ്രത്യേക സാമ്പത്തിക പാക്കേജ് അനുവദിക്കണമെന്ന് സംസ്ഥാനം, സഹായം നൽകാമെന്ന് പ്രധാനമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് മഴക്കെടുതി മൂലമുള്ള നാശനഷ്ടം മറികടക്കാൻ പ്രത്യേക സാമ്പത്തിക പാക്കേജ് അനുവദിക്കണമെന്ന് പ്രധാനമന്ത്രിയോട് സംസ്ഥാനസർക്കാർ ആവശ്യപ്പെട്ടു. കാലവർഷത്തിൽ ഇതുവരെ സംഭവിച്ച നാശനഷ്ടങ്ങളും രക്ഷാ പ്രവർത്തനങ്ങളും പുനരധിവാസവും മുഖ്യമന്ത്രി വിശദീകരിച്ചു. വിശദമായ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സഹായം നൽകാമെന്നായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം.പ്രളയ സാഹചര്യം അവലോകനം ചെയ്യാൻ രൂക്ഷമായ മഴക്കെടുതി നേരിട്ട സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി വിളിച്ച യോഗത്തിലാണ് പിണറായി വിജയൻ ഈ ആവശ്യം ഉന്നയിച്ചത്. റവന്യൂമന്ത്രി ഇ.ചന്ദ്രശേഖരനും, ആരോഗ്യ മന്ത്രി കെ.കെ ശൈലജയും ചീഫ് സെക്രട്ടറി ബിശ്വാസ് മേത്തയും യോഗത്തിൽ പങ്കെടുത്തു. കേരളത്തിന് പുറമെ കർണാടക, മഹാരാഷ്ട്ര, ഉത്തർ പ്രദേശ്, ബിഹാർ, അസം സംസ്ഥാനങ്ങളും യോഗത്തിൽ പങ്കെടുത്തു.