അടച്ചുമൂടിയ ലോറിയിൽ മതഗ്രന്ഥമെന്ന പേരിൽ മലപ്പുറത്തെത്തിച്ച 32 പാക്കറ്റിൽ എന്തായിരുന്നു? മന്ത്രി ജലീലിനെ ചോദ്യം ചെയ്യാനൊരുങ്ങി കസ്റ്റംസ്
കൊച്ചി: മന്ത്രി കെ.ടി.ജലീൽ ചെയർമാനായ സിആപ്റ്റിന്റെ അടച്ചുമൂടിയ ലോറിയിൽ ഡിപ്ലോമാറ്റിക് കാർഗോയെന്ന് രേഖപ്പെടുത്തി, 250 പാക്കറ്റുകളിലായി മതഗ്രന്ഥമെന്ന പേരിൽ 4479 കിലോ കാർഗോ മാർച്ച് 4ന് യു.എ.ഇ കോൺസുലേറ്റ് ജനറലിന്റെ പേരിൽ തിരുവനന്തപുരത്തെത്തിയതായി കസ്റ്റംസ് കണ്ടെത്തിയിരുന്നു. ഇതിൽ 32 പാക്കറ്റാണ് മലപ്പുറത്തെത്തിച്ചത്. ഇത് ദുരൂഹമാണെന്നാണ് കസ്റ്റംസ് കരുതുന്നത്. ഇതിൽ വ്യക്തത വരുത്താൻ ജലീലിനെ ചോദ്യം ചെയ്യുമെന്നാണ് സൂചന. ഇതിനായി കസ്റ്റംസ് കേന്ദ്രാനുമതി തേടിയിട്ടുണ്ട്. കോൺസുലേറ്റയച്ച പാഴ്സലുകൾ മലപ്പുറത്തുണ്ടെന്ന് ജലീൽ വെളിപ്പെടുത്തിയിരുന്നു. പാഴ്സൽ കടത്തിയ സമയത്ത് സിആപ്റ്റ് ഡയറക്ടറായിരുന്ന എം.അബ്ദുൽ റഹ്മാനെയും ചോദ്യം ചെയ്യും.കാർഗോ മാർച്ചിലാണ് എത്തിച്ചതെങ്കിലും ജൂൺ 18നാണ് രണ്ട് കോൺസുലേറ്റ് വാഹനങ്ങളിൽ പാക്കറ്റുകൾ സിആപ്റ്റിലെത്തിച്ചത്. പാഴ്സലുകൾ അടച്ചുമൂടിയ ലോറിയിൽ മലപ്പുറത്ത് എത്തിച്ചതിനു പിന്നാലെ, മറ്റൊരു വാഹനം കർണാടക, തമിഴ്നാട് സംസ്ഥാനങ്ങളിലക്ക് പോയി. സിആപ്റ്റിലെ ഡ്രൈവറെ ഒഴിവാക്കി പുറമെ നിന്നുള്ള ഡ്രൈവറെയാണ് ഈ യാത്രയ്ക്ക് നിയോഗിച്ചത്. ഇക്കാലയളവിൽ സ്വപ്നയുമായുള്ള ജലീലിന്റെ ഫോൺ വിളികളും അന്വേഷിക്കും. പാഴ്സൽ കടത്തിയതിനു പിന്നാലെ, സിആപ്റ്റ് ഡയറക്ടറായിരുന്ന എം.അബ്ദുൽ റഹ്മാനെ എൽ.ബി.എസ് ഡയറക്ടറായി മാറ്റിനിയമിച്ചതും സംശയത്തിലാണ്.