മഴക്കെടുതി: പ്രധാനമന്ത്രി വിളിച്ച യോഗം ഇന്ന്, പങ്കെടുക്കുന്നത് കേരളം ഉൾപ്പടെ ആറ് സംസ്ഥാനങ്ങൾ
ന്യൂഡൽഹി: മഴക്കെടുതിയെക്കുറിച്ച് ചർച്ച ചെയ്യാൻ പ്രധാനമന്ത്രി നരേന്ദ്രമോദി വിളിച്ച കേരളം ഉൾപ്പെടെയുളള ആറുസംസ്ഥാനങ്ങളുടെ യോഗം ഇന്ന് നടക്കും. വീഡിയോ കോൺഫറൻസ് വഴി നടക്കുന്ന യോഗത്തിൽ മുഖ്യമന്ത്രി, ചീഫ് സെക്രട്ടറി, ഉന്നത ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുക്കും. നഷ്ടപരിഹാരം അടക്കമുളള കാര്യങ്ങളെക്കുറിച്ച് ഈ യോഗത്തിൽ തീരുമാനമാകുമെന്നാണ് കരുതുന്നത്. പ്രധാനമന്ത്രി ദുരന്തബാധിത പ്രദേശങ്ങൾ സന്ദർശിക്കുന്ന കാര്യത്തിലും തീരുമാനമുണ്ടാകും.ഇന്നലെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിൽ രാജ്യത്തെ മഴക്കെടുതികളെക്കുറിച്ച് പ്രധാനമന്ത്രി വിലയിരുത്തിയിരുന്നു. ഇതിന്റെ തുടർച്ചയാണ് ഇന്നത്തെ യോഗം.അതേസമയം, കേരളത്തിലെ പലയിടങ്ങളിലും ഇപ്പോഴും മഴ തുടരുകയാണ്. ഇന്നും ശക്തായ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിക്കുന്നത്. കേരള തീരത്ത് ശക്തമായ കാറ്റിന് സാദ്ധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.