അന്വേഷണറിപ്പോർട്ടിൽ എല്ലാം പുറത്തുവരും; കരിപ്പൂരിൽ റൺവേയ്ക്ക് തകരാറില്ലെന്ന് എയർപോർട്ട് ഡയറക്ടർ
അപകടം സംബന്ധിച്ച് അന്വേഷണം നടക്കുകയാണ്. അന്വേഷണറിപ്പോർട്ട് തയ്യാറാകുമ്പോൾ എല്ലാ വിവരവും പുറത്തുവരും. അപകടം നടന്നയുടൻ എയർപോർട്ട് ചെയ്യേണ്ടതെല്ലാം ചെയ്തിരുന്നു .
കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിലെ റൺവേയ്ക്ക് ഒരു തകരാറുമില്ലെന്ന് എയർപോർട്ട് ഡയറക്ടർ കെ ശ്രീനിവാസ റാവു പറഞ്ഞു. അപകടം സംബന്ധിച്ച് അന്വേഷണം നടക്കുകയാണ്. അന്വേഷണറിപ്പോർട്ട് തയ്യാറാകുമ്പോൾ എല്ലാ വിവരവും പുറത്തുവരും. അപകടം നടന്നയുടൻ എയർപോർട്ട് ചെയ്യേണ്ടതെല്ലാം ചെയ്തിരുന്നു എന്നും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. വിമാന അപകടത്തിന് ശേഷം ഇതാദ്യമായാണ് ഡയറക്ടർ കെ ശ്രീനീവാസ റാവു മാധ്യമങ്ങളോട് പ്രതികരിക്കുന്നത്.
അതേസമയം, കരിപ്പൂരില്‍ റണ്‍വേ വികസനത്തെച്ചൊല്ലി വീണ്ടും രാഷ്ട്രീയപ്പോര് തുടങ്ങി. ഭൂമി ഏറ്റെടുക്കുന്നതില്‍ മന്ത്രി കെ ടി ജലീല്‍ വീഴ്ച വരുത്തിയെന്ന് മുസ്ലിം ലീഗ് നേതാവ് എം കെ മുനീര്‍ ആരോപിച്ചു. അതേസമയം, റണ്‍വേയുടെ നീളം കൂട്ടാനുളള ഭൂമി എയര്‍പോര്‍ട്ട് അതോറിറ്റിയുടെ കൈവശമിരിക്കെ വീണ്ടും ഭൂമി ഏറ്റെടുക്കാനുളള നീക്കം തട്ടിപ്പെന്നാണ് ആക്ഷന്‍ കമ്മിറ്റിയുടെ വിമര്‍ശനം.
നിലവില്‍ 2860 മീറ്ററുളള കരിപ്പൂരിലെ റണ്‍വേയുടെ നീളം ആയിരം മീറ്റര്‍ കൂടി കൂട്ടുന്നതു സംബന്ധിച്ച ചര്‍ച്ചകള്‍ തുടങ്ങിയിട്ട് വർഷങ്ങളായി. റൺവേ വികസനത്തിന് 256 ഏക്കര്‍ ഭൂമി കൂടി കണ്ടെത്തേണ്ടി വരുമെന്നായിരുന്നു കണക്ക്. മുഖ്യമന്ത്രിയായിരിക്കെ ഉമ്മന്‍ ചാണ്ടി ഇതിനായി തിരുവനന്തപുരത്ത് പ്രത്യേക യോഗം വിളിച്ചിരുന്നു. അധികാരമേറ്റയുടന്‍ പിണറായി വിജയനും ഇതേ ശ്രമം നടത്തി. എന്നിട്ടും ഒരിഞ്ചുപോലും ഭൂമിയേറ്റെടുക്കാനായില്ല. ദുരന്തത്തിന്റെ പശ്ചാത്തലത്തിലാണ് വിഷയത്തില്‍ വീണ്ടും തര്‍ക്കം മുറുകുന്നത്. ഭൂവുടമകളുമായി ചര്‍ച്ച നടത്താന്‍ മന്ത്രി കെ ടി ജലീലിനെ സര്‍ക്കാര്‍ ചുമതലപ്പെടുത്തിയിരുന്നെങ്കിലും ജലീല്‍ ഇതില്‍ വീഴ്ച വരുത്തിയെന്നാണ് മുനീറിന്റെ ആരോപണം.