രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 64,399 പേർക്ക് രോഗം പിടിപെട്ടു. രോബാധിതരുടെ എണ്ണം 21 ലക്ഷം കടന്നതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം .

ന്യൂഡൽഹി: രാജ്യത്ത് ദിനംപ്രതി കൊവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 64,399 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതുവരെയുള്ളതിൽവച്ച് ഏറ്റവും ഉയർന്ന പ്രതിദിന കണക്കാണിത്. ഇതോടെ ആകെ രോബാധിതരുടെ എണ്ണം 21 ലക്ഷം കടന്നതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.
21,50,000 പേർക്കാണ് ഇന്ത്യയിൽ കൊവിഡ് സ്ഥിരീകരിച്ചത്. ഇതുവരെ 14.8 ലക്ഷത്തിലധികം രോഗികൾ സുഖം പ്രാപിച്ചു. നിലവില്‍ 6,28,747 സജീവ കേസുകളാണ് രാജ്യത്തുള്ളത്. തുടർച്ചയായ മൂന്നാം ദിനമാണ് പ്രതിദിന രോഗികളുടെ എണ്ണം 60,000 കടക്കുന്നത്.
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 861 മരണങ്ങളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. ഇതോടെ ആകെ മരണസംഖ്യ 43,379 ആയി ഉയർന്നു.
2.01 ആണ് രാജ്യത്തെ കൊവിഡ് മരണനിരക്ക്.ഇന്നലെ മാത്രം 7,19,364 സാമ്പിളുകള്‍ പരിശോധിച്ചെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ മെഡിക്കല്‍ റിസര്‍ച്ച് അറിയിച്ചു.