ന്യൂഡൽഹി: കൊവിഡ് ഭീതി രാജ്യത്തു നിന്നും ഇതുവരെ വിട്ടുമാറിയിട്ടില്ല. നിരവധി ഡോക്ടർമാരും, നഴ്സുമാരും ,ആരോഗ്യപ്രവർത്തകരുമടക്കം കൊവിഡിനെ പിടിച്ചുകെട്ടാനുള്ള മുൻനിര പോരാട്ടത്തിലാണ്. കൊവിഡിനെതിരെ പോരാടുമ്പോൾ രാജ്യത്തിന് ഇതുവരെ നഷ്ടമായത് 196 ഡോക്ടർമാരെയാണെന്ന് ഐ എം എ(ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ)റിപ്പോർട്ടിൽ പറയുന്നു. കൊവിഡ് ബാധിച്ച് മരിച്ച ഈ 196 ഡോക്ടർമാരിൽ ഭൂരിഭാഗവും ജനറൽ പ്രാക്ടീഷണർ ആണ്. ഇക്കാര്യം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ശ്രദ്ധയിൽപ്പെടുത്തുകയാണ് ഐ എം എ.
കൊവിഡിന്റെ തുടക്കത്തിൽ കാണുന്ന പനിയും അനുബന്ധ ലക്ഷണങ്ങളും തോന്നിത്തുടങ്ങുമ്പോള്‍ തന്നെ രോഗം തിരിച്ചറിയാതെ എത്തുന്ന കൊവിഡ് രോഗികളിൽ നിന്നാണ് ജനറൽ പ്രാക്ടീഷണർമാരിലേക്ക് രോഗമെത്തുന്നതെന്നാണ് ഐ എം എ പറയുന്നത്. ഐ എം എയുടെ കണക്കുകൾ പ്രകാരം രാജ്യത്ത് കൊവിഡ് ബാധിച്ചു മരിച്ച 170 ഡോക്ടര്‍മാരും 50 വയസിനു മുകളിൽ പ്രായമുള്ളവരാണ്. ഇതിൽ 40 ശതമാനവും ജനറൽ പ്രാക്ടീഷണർമാരാണ്. ഡോക്ടർമാരുടെ സുരക്ഷയെ കുറിച്ച് ഐ എം എ ആശങ്ക പ്രകടിപ്പിച്ചു.