മഴ ശക്തി പ്രാപിക്കുന്നു; പുഴകള്‍ കരകവിഞ്ഞൊഴുകുന്നു, വ്യാപക നാശനഷ്ടം, കാസര്‍കോട് ജില്ലയില്‍ 514 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു
ആറു ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു.
കാസർകോട് : ജില്ലയില്‍ മഴ ശക്തി പ്രാപിക്കുന്നു. മഴക്കെടുതിയുടെ ഭാഗമായി ഇതുവരെ ജില്ലയില്‍ 514 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. കാര്യങ്കോട് പുഴ കരകവിഞ്ഞൊഴുകിയ ഹൊസ്ദുര്‍ഗ് താലൂക്കിലാണ് ഏറ്റവും കൂടുതല്‍ ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് എത്തിക്കേണ്ടി വന്നത്. ഈ മേഖലയില്‍ നിന്ന് മാത്രം 381 കുടുംബങ്ങളെയാണ് മാറ്റിപ്പാര്‍പ്പിച്ചത്. ഏറെ പേരും ബന്ധുവീടുകളിലേക്കാണ് മാറിയത്. കയ്യൂര്‍ മേഖലയില്‍ രണ്ട് ക്യാമ്പുകള്‍ ആരംഭിച്ചിട്ടുണ്ട്. ജിഎച്ച്എസ്എസ് കയ്യൂരില്‍ തുറന്ന ക്യാമ്പില്‍ 18 കുടുംബങ്ങളും ചെറിയാക്കര ജിഎല്‍പിഎസിലെ ക്യാമ്പില്‍ ആറു കുടുംബങ്ങളുമാണുള്ളത്.
വെള്ളരിക്കുണ്ടില്‍ പതിനൊന്നോളം വീടുകള്‍ ഭാഗികമായി തകര്‍ന്നിട്ടുണ്ട്. ഇതുവരെ 82 കുടുംബങ്ങളെയാണ് വെള്ളരിക്കുണ്ടില്‍ മാറ്റിത്താമസിപ്പിച്ചിട്ടുള്ളത്. മൂന്ന് ക്യാമ്പുകള്‍ തുടങ്ങിയിട്ടുണ്ട്. ജിഎച്ച്എസ്എസ് മാലോത്ത് കസബയില്‍ അഞ്ച് കുടുംബങ്ങളും ജിഎല്‍പിഎസ് കിനാനൂരില്‍ 3 കുടുംബങ്ങളും ജിഎല്‍പിഎസ് പുലിയന്നൂരില്‍ 4 കുടുംബങ്ങളുമാണ് നിലവിലുള്ളത്.
കാസര്‍കോട് താലൂക്കിലെ തളങ്കര വില്ലേജില്‍ ചന്ദ്രഗിരി പുഴ കരകവിഞ്ഞൊഴികയതിനെ തുടര്‍ന്ന് 30 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. ഇവരില്‍ ഇരുപത് പേര് തളങ്കര ജിഎല്‍പിഎസിലെ ക്യാമ്പില്‍ കഴിയുകയാണ്. ചെങ്കള വില്ലേജിലെ ചേരൂറില് നാല് കുടുംബങ്ങളും ബന്ധുവീടുകളിലേക്ക് മാറിയിട്ടുണ്ട്.
മഞ്ചേശ്വരം താലൂക്കിലെ പൈവളികെയില്‍ മണ്ണിടിച്ചലുണ്ടായതിനെ തുടര്‍ന്ന് ഒമ്പത് കുടുംബങ്ങള്‍ ബന്ധുവീടുകളിലേക്ക് പോയി. ഉപ്പള മുസോടിയില്‍ കടലേറ്റ ഭീഷണിയില്‍ എട്ട് കുടുംബങ്ങളും ബന്ധുവീടുകളിലേക്ക് മാറിയിട്ടുണ്ട്.
വെള്ളരിക്കുണ്ടില്‍ ക്യാമ്പ് മാനേജര്‍മാരെയും ചാര്‍ജ് ഓഫീസര്‍മാരെയും നിയമിച്ചു
മണ്‍സൂണ്‍ കാലവര്‍ഷം ശക്തമായ സാഹചര്യത്തില്‍ മുന്നൊരുക്കത്തിന്റെ ഭാഗമായി വെള്ളരിക്കുണ്ട് താലൂക്കില്‍ ക്യാമ്പ് മാനേജര്‍മാരെയും ചാര്‍ജ് ഓഫീസര്‍മാരെയും നിയമിച്ചു. ഇതുമായി ബന്ധപ്പെട്ട നടപടിക്രമം പൂര്‍ത്തിയാക്കി വെള്ളരിക്കൂണ്ട് തഹസില്‍ദാര്‍ പി കുഞ്ഞിക്കണ്ണന് അറിയിച്ചു. മുന്നൊരുക്കത്തിന്റെ ഭാഗമായി താലൂക്ക് പരിധിയില്‍ കാലവര്‍ഷക്കെടുതി അനുഭവിക്കുന്നവരെ യഥാസമയം ക്യാമ്പിലേക്ക് മാറ്റി താമസിപ്പിക്കുന്നതിനും അടിയന്തര ഘട്ടങ്ങളില്‍ ആവശ്യമായ സഹായം നല്‍കുന്നതിനും ഇവര്‍ നേതൃത്വം നല്‍കും. ഒരു വില്ലേജില്‍ ഒന്നിലധികം ക്യാമ്പുകള്‍ ഉണ്ടെങ്കില്‍ അതിന്റെ മാനേജര്‍ അതേ വില്ലേജ് ഓഫീസര്‍മാരായിരിക്കും. ക്യാമ്പുകളുടെ മേല്‍നോട്ട ചുമതല വഹിക്കുന്നതിന് വില്ലേജ് ഓഫീസിലെ മറ്റു ജീവനക്കാരുടെ സേവനം വില്ലേജ് ഓഫീസര്‍മാര്‍ ഉപയോഗപ്പെടുത്തും. ചാര്‍ജ് ഓഫീസര്‍മാര്‍ ക്യാമ്പുകള്‍ നേരിട്ട് പരിശോധിച്ച് ക്യാമ്പുകളുടെ സുഗമമായ പ്രവര്‍ത്തനത്തിന് ആവശ്യമായ മാര്‍ഗ നിര്‍ദേശം നല്‍കും. ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാനായ ജില്ലാ കളക്ടര്‍ ഡോ. ഡി സജിത്ത് ബാബുവിന്റെ അധ്യക്ഷതയില്‍ നേരത്തേ നടത്തിയിരുന്ന യോഗതീരുമാന പ്രകാരമാണ് മാനേജര്‍മാരെയും ചാര്‍ജ് ഓഫീസര്‍മാരെയും നിയമിച്ചത്.
വെള്ളരിക്കുണ്ട് താലൂക്കില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു
മാലോം വില്ലേജില്‍ കൊന്നക്കാട് മണ്ണിടിച്ചില്‍ ഉണ്ടായതിനെ തുടര്‍ന്ന് മാലോത്ത് കസബ ഹയര്‍ സെക്കണ്ടറി സ്കൂളിലും, തേജസ്വിനി പുഴയില്‍ നിന്ന് വെള്ളം കയറിയതിനെ തുടര്‍ന്ന് കിനാനൂര്‍ വില്ലേജിലെ പുതിയവളപ്പിലെ ആളുകള്ക്കിയി കിനാനൂര്‍ എല്‍ പി സ്കൂളിലും കരിന്തളം വില്ലേജില്‍ പുലിയന്നൂര്‍ ഭാഗത്തെ ആളുകള്‍ക്കായി പുലിയന്നൂര്‍ എല്‍ പി സ്കൂളിലുമാണ് ക്യാമ്പുകള്‍ ആരംഭിച്ചത്. മാലോത്ത് കസബ സ്കൂളില്‍ 11 പേരും കിനാനൂര്‍ ജി.എല്‍.പി. സ്കൂളില്‍ മൂന്ന് കുടുംബങ്ങളിലായി 10 പേരും പുലിയന്നൂര്‍ ജി.എല്‍.പി. സ്കൂളില്‍ നാല് കുടുംബങ്ങളിലായി 12പേരുമുണ്ട്.
മലയോരത്ത് വെള്ളപ്പൊക്കം
പെരുമ്പട്ട ടൗണില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് പെരുമ്പട്ട റേഷന്‍ കടയിലെ സാധനങ്ങള്‍ മാറ്റി. തുടര്‍ന്ന് സ്ഥിതിഗതികള്‍ പരിശോധിക്കാന്‍ വെള്ളരിക്കുണ്ട് തഹസില്‍ദാര്‍ പി കുഞ്ഞിക്കണ്ണന് സ്ഥലം സന്ദര്‍ശിച്ചു. കള്ളാര്‍ വില്ലേജില്‍ കൊട്ടോടി ടൗണിലും വെള്ളം കയറി. ചിറ്റാരിക്കാല്‍ വില്ലേജില്‍ കാര്യങ്കോട് പുഴയില്‍ നിന്ന് വെള്ളം കയറിയതിനെ തുടര്‍ന്ന് ആയന്നൂര്‍ ആയന്നൂര്‍ ഭാഗത്തെ തളിയില്‍ പുതിയവീട്ടില്‍ മനോജിനെയും കുടുംബത്തെയും ആയന്നൂര്‍ ശിവക്ഷേത്രത്തിനു സമീപമുള്ള ഓഡിറ്റോറിയത്തിലേക്ക് മാറ്റി താമസിപ്പിച്ചു. പാലാവയല് വില്ലേജില്‍ അത്തിയടുക്കം ഭാഗത്ത് ഉരുള്‍പൊട്ടല്‍ ഉണ്ടായതിനെ തുടര്‍ന്ന് ആറു വീട്ടുകാരെ ബന്ധുവീടുകളിലേക്ക് മാറ്റിതാമസിപ്പിച്ചു. ഈ ഭാഗത്തെ കൃഷിയും വ്യാപകമായി നശിച്ചിട്ടുണ്ട്. കനത്ത മഴയെ തുടര്‍ന്ന് വെള്ളരിക്കുണ്ട് താലൂക്കില്‍ നിരവധിയിടങ്ങളില്‍ മണ്ണിടിച്ചിലും മഴവെള്ളപ്പാച്ചിലും ഉണ്ടായതിനെത്തുടര്‍ന്ന് നിരവധി നാശനഷ്ടങ്ങള്‍ ഉണ്ടായിട്ടുണ്ട്.
കാര്യങ്കോട് പുഴയില്‍ വെള്ളമുയരാന്‍ സാധ്യത; സമീപവാസികള്‍ മാറിത്താമസിക്കണം: ജില്ലാ കളക്ടര്‍
കാര്യങ്കോട് പുഴയുടെ കരയില്‍ താമസിക്കുന്ന ചില വീട്ടുകാര്‍ റവന്യു അധികൃതരുടെ നിര്‍ദേശം അവഗണിച്ച് കൊണ്ട് ആ പ്രദേശങ്ങളില്‍ തുടരുന്നതായും ഇവര്‍ എത്രയും പെട്ടെന്ന് മാറിത്താമസിക്കണമെന്നും ജില്ലാ കളക്ടര്‍ ഡോ. ഡി സജിത്ത് ബാബു അറിയിച്ചു. ഇന്നും നാളെയും (ആഗസ്റ്റ് 8,9) ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ള ജില്ലയില്‍ രാത്രി കാലങ്ങളില്‍ മഴ ശക്തി പ്രാപിച്ചേക്കാം. ഈ സാഹചര്യത്തില്‍ കാര്യങ്കോട് പുഴയില്‍ വെള്ളം ഉയരാന്‍ സാധ്യതയുണ്ട്. ഈ മേഖലകളില്‍ താമസിക്കുന്നവര്‍ അധികൃതരുടെ നിര്‍ദേശമനുസരിച്ച് ആ ഭാഗങ്ങളില്‍ നിന്ന് മാറിത്താമസിക്കണമെന്ന് കളക്ടര്‍ അഭ്യര്‍ത്ഥിച്ചു. കോവിഡ് ജാഗ്രത പാലിച്ച് ക്രമീകരണങ്ങള്‍ നടത്താന്‍ റവന്യു വകുപ്പിന് എല്ലാ ഉത്തരവുകളും നല്‍കിയിട്ടുണ്ട്. ആവശ്യക്കാര്‍ക്ക് ബന്ധുവീടുകളിലേക്കും മാറിത്താമസിക്കാം.
ജാഗ്രത പാലിക്കേണ്ട മേഖലകള്‍
മഴ ഇനിയും ശക്തി പ്രാപിച്ചേക്കാമെന്നതില്‍ കാര്യങ്കോട് പുഴയുടെ കരയില്‍ താമസിക്കുന്ന ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണം. നീലേശ്വരം നഗരസഭയിലെ ചെമ്മാക്കര, മുണ്ടേമ്മാട്, കോയാമ്പുറം, ഉച്ചൂളിക്കുതിര്, ആനച്ചാല്‍, കടിഞ്ഞിമൂല, ഓര്‍ച്ച, പുറത്തെക്കൈ, പടിഞ്ഞാറ്റംകൊഴുവയല്‍, നാഗച്ചേരി, പേരോല്‍ വില്ലേജിലെ പാലായി, പൊടോതുരുത്തി, കാര്യങ്കോട്, ചാത്തമത്ത് എന്നീ പ്രദേശങ്ങള്‍ ചെറുവത്തൂര്‍ പഞ്ചായത്ത് തുരുത്തി വില്ലേജിലെ അച്ചാംതുരുത്തി, കുറ്റിവയല്‍, മയിച്ച, കയ്യൂര്ചീമേനിയിലെ കൂക്കോട്ട്, പൊതാവൂര്‍, ചെറിയാക്കര, കയ്യൂര്‍, മയ്യല്, ക്ലായിക്കോട്, വില്ലേജിലെ വെള്ളാട്ട്, ക്ലായിക്കോട്, ചീമേനി വില്ലേജിലെ മന്ദച്ചം വയല്‍, പെരിയ കിനാനൂര്‍ കരിന്തളം പഞ്ചായത്തിലെ കിനാനൂര്‍ കരിന്തളം ഗ്രാമപഞ്ചായത്തിലെ അണ്ടോള്‍ ,കീഴ്മാല ,പാറക്കോല്‍ ,കിനാനൂര്‍ മേഖലയില്‍ രൂക്ഷമായി വെള്ളം കയറാന്‍ സാധ്യതയുള്ള പ്രദേശങ്ങളാണ്