അഞ്ചുതെങ്ങില്‍ അതിതീവ്ര വ്യാപനം; പുതുതായി 125 പേര്‍ക്ക് കൊവിഡ്
തിരുവനന്തപുരം : തിരുവനന്തപുരം ജില്ലയിലെ ലാര്‍ജ് ക്ലസ്റ്ററായ അഞ്ചുതെങ്ങില്‍ അതിതീവ്രകൊവിഡ് വ്യാപനം. പഞ്ചായത്ത് പ്രസിഡന്റ് അടക്കം 125 പേര്‍ക്കാണ് ഇവിടെ കൊവിഡ് ബാധിച്ചതായി സ്ഥിരീകരിച്ചത്.
476 പേരെ പരിശോധിച്ചപ്പോഴാണ് അഞ്ചുതെങ്ങില്‍ 125 പേര് കോവിഡ് ബാധിതരാണെന്ന് സ്ഥിരീകരിച്ചത്. ഇതോടെ മൂന്നു ദിവസങ്ങളിലായി 302 പേര്‍ക്കാണ് അഞ്ചുതെങ്ങില്‍ രോഗബാധ സ്ഥിരീകരിച്ചത്.
മാമ്പള്ളി, അഞ്ചുതെങ്ങ് ജങ്ഷന്, പൂത്തുറ തുടങ്ങിയ കേന്ദ്രങ്ങളില്‍ നടത്തിയ പരിശോധനയിലാണ് 26 ശതമാനത്തോളം പേരില്‍ രോഗം സ്ഥിരീകരിച്ചത്. അഞ്ചുതെങ്ങ് പ്രദേശത്ത് വലിയ ക്ലസ്റ്റര്‍ രൂപപ്പെട്ടതായും അതിതീവ്ര വ്യാപനം നടന്നതായും നേരത്തെ സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു.
ഇതുവരെ ആയിരത്തില്‍ അധികം പേര്‍ക്ക് അഞ്ചുതെങ്ങില്‍ മാത്രം കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം 1251 പേര്‍ക്കാണ് കേരളത്തില്‍ പുതുതായി കൊവിഡ് സ്ഥിരീകരിച്ചത്.