മരിച്ചവരുടെ കുടുംബങ്ങൾക്ക് പത്തു ലക്ഷം നൽകും ,വിമാനദുരന്തത്തിൽ സംസ്ഥാനവും ധനസഹായം പ്രഖ്യാപിച്ചു, ചികിത്സാ ചെലവും സർക്കാർ വഹിക്കുമെന്ന് മുഖ്യമന്ത്രി
കോഴിക്കോട് : കരിപ്പൂർ വിമാനദുരന്തം അത്യന്തം നിർഭാഗ്യകരമായ സംഭവമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അപകടത്തെ സംബന്ധിച്ച് വിശദമായ പരിശോധന നടക്കുന്നുണ്ട്. അപകടത്തിൽ മരിച്ചവരുടെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം സർക്കാർ നൽകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ചികിത്സയിൽ കഴിയുന്നവരുടെ മുഴുവൻ ചെലവും സർക്കാർ വഹിക്കും. അപകടത്തിൽപ്പെട്ട് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്നവരെ സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
14 മുതിർന്നവരും നാല് കുട്ടികളും ഉൾപ്പെടെ 18 പേരാണ് അപകടത്തിൽ ഇതുവരെ മരിച്ചത്. മരണപ്പെട്ടവരെയെല്ലാം തിരിച്ചറിയാനായി. 149 പേർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. ഇതിൽ 23 പേർ ഗുരുതരാവസ്ഥയിലാണ്. 16 ആശുപത്രികളിലായാണ് രോഗികൾ ചികിത്സയിലുള്ളത്. പൈലറ്റിന്റെയും കോപൈലറ്റിന്റെയും മൃതദേഹം എയർ ഇന്ത്യ കൊണ്ടുപോകും. മരിച്ചവരിൽ ഒരാൾക്ക് കോവിഡ് 19 രോഗബാധ സ്ഥിരീകരിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
രക്ഷാപ്രവർത്തനത്തിൽ അതിശയകരമായ മികവാണ് നാട്ടുകാരും ഉദ്യോഗസ്ഥരും കാണിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, സ്പീക്കർ പി ശ്രീരാമകൃഷ്ണൻ, മന്ത്രിമാരായ ഇ പി ജയരാജൻ, കെ കെ ശൈലജ , രാമചന്ദ്രൻ കടന്നപ്പള്ളി, എകെ ശശീന്ദ്രൻ, ടി പി രാമകൃഷ്ണൻ, ചീഫ് സെക്രട്ടറി ഡോ. വിശ്വാസ് മേത്ത, സംസ്ഥാന പൊലീസ് മേധാവി ലോക് നാഥ് ബെഹ്റ എന്നിവരാണ് സംഘത്തിലുള്ളത്.
അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം രൂപ ധനസഹായം കേന്ദ്ര വ്യോമയാനമന്ത്രി ഹർദിപ് സിങ് പുരി പ്രഖ്യാപിച്ചിരുന്നു. സാരമായ പരുക്കേറ്റവർക്ക് രണ്ടുലക്ഷം, നിസാരപരുക്കുള്ളവർക്ക് 50000 രൂപ നൽകുമെന്നും കരിപ്പൂരിലെത്തിയ അദ്ദേഹം പറഞ്ഞു.