സംസ്ഥാനത്ത് ഇന്ന് നാല് കൊവിഡ് മരണം: കണ്ണൂർ, കോഴിക്കോട്, മലപ്പുറം, എറണാകുളം സ്വദേശികൾ മരിച്ചു
മലപ്പുറം,എറണാകുളം, കണ്ണൂർ, കോഴിക്കോട് സ്വദേശികളാണ് ഇന്ന് മരണപ്പെട്ടത്. ഇവരുടെ മരണം കൊവിഡ് മൂലമാണെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് നാല് പേർ കൊവിഡ് ബാധിച്ചു മരിച്ചു. മലപ്പുറം,എറണാകുളം, കണ്ണൂർ, കോഴിക്കോട് സ്വദേശികളാണ് ഇന്ന് മരണപ്പെട്ടത്. ഇവരുടെ മരണം കൊവിഡ് മൂലമാണെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
കണ്ണൂർ കൂത്തുപറമ്പ് സ്വദേശി സി.സി.രാഘവനാണ് കൊവിഡ് ബാധിച്ചു മരിച്ചവരിൽ ഒരാൾ. 71 വയസായിരുന്നു. വൃക്ക സംബന്ധമായ അസുഖത്തിന് പരിയാരത്ത് ചികിത്സയിലിരിക്കെയാണ് കൊവിഡ് ബാധിച്ചു മരിച്ചത്. ഇദ്ദേഹത്തിന്റെ ഭാര്യക്കും മകനും നേരത്തെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു.
മലപ്പുറം പള്ളിക്കൽ സ്വദേശിനി നഫീസയാണ് കൊവിഡ് ബാധിച്ചു മരിച്ച രണ്ടാമത്തെയാൾ. 52 വയസായിരുന്നു. ഇന്ന് രാവിലെ മഞ്ചേരി മെഡിക്കൽ കോളേജിൽ വച്ചാണ് ഇവർ മരണപ്പെട്ടത്. കോഴിക്കോട് ജില്ലയിലും ഇന്നൊരു കൊവിഡ് മരണം റിപ്പോർട്ട് ചെയ്തു. കൊയിലാണ്ടി സ്വദേശി അബൂബക്കാറാണ് മരിച്ചത്.
കളമശ്ശേരി മെഡിക്കൽ കോളേജിൽ ചികിത്സയിലുണ്ടായിരുന്ന മറ്റൊരു കൊവിഡ് രോഗിയും ഇന്ന് മരണപ്പെട്ടിട്ടുണ്ട്. കൊവിഡ് പൊസീറ്റീവായി ചികിത്സയിലായിരുന്ന പള്ളുരുത്തി വെളി ചെറുപറമ്പ് സ്വദേശി ഗോപിയാണ് മരിച്ചത്. 68 വയസായിരുന്നു. മരണം കോവിഡ് മൂലമാണെന്ന് സ്ഥിരീകരിക്കുന്നതിനായി സ്രവം ആലപ്പുഴയിലെ എൻഐവി ലാബിലേക്ക് അയച്ചിട്ടുണ്ട്. ഇദ്ദേഹത്തിന് നേരത്തെ കരൾ, വൃക്ക രോഗങ്ങൾ കൂടിയുണ്ടായിരുന്നുവെന്നാണ് വിവരം