നടുക്കം വിട്ടുമാറാതെ കരിപ്പൂർ: വിമാനാപകടത്തിൽ പൈലറ്റും സഹപൈലറ്റും അടക്കം മരിച്ചത് 18 പേർ
കോഴിക്കോട് : കരിപ്പൂരിൽ വിമാനം റൺവെയിൽ നിന്ന് തെന്നിമാറി തകർന്ന അപകടത്തിൽ 18 പേരുടെ മരണം സ്ഥിരീകരിച്ചു. വിമാനത്തിൽ 184 യാത്രക്കാരും 6 വിമാനജീവനക്കാരുമാണ് ഉണ്ടായിരുന്നത്. വിമാനത്തിന്റെ പൈലറ്റ് ക്യാപ്റ്റന്‍ ദീപക് വസന്ത് സാഠേ(60),സഹപൈലറ്റ് അഖിലേഷ് കുമാര്എന്നിവരടക്കം 18പേരാണ് മരിച്ചത്.
മുഹമ്മദ് റിയാസ് വി പി (24‐ പാലക്കാട്), ഷഹീർ സൈദ്(38‐ മലപ്പുറം), ലൈലാബി കെ വി (51‐ മലപ്പുറം), രാജീവൻ ചെരക്കാപറമ്പിൽ (61 കോഴിക്കോട്),മനാൽ അഹമ്മദ്(25 കോഴിക്കോട്), ഷഹഫുദ്ദീൻ(35 കോഴിക്കോട്). ജാനകി കുന്നോത്ത്(55 കോഴിക്കോട്), അസം മുഹമ്മദ് ചെമ്പായിൽ (1 കോഴിക്കോട്). ശാന്ത മരയ്ക്കാട്ടിൽ (59 മലപ്പുറം). സുധീർ വാരിയത്ത്(45മലപ്പുറം) , ഷെസ ഫാത്തി( 2 മലപ്പുറം),രമ്യ മുരളീധരൻ (32 കോഴിക്കോട്), ആയിഷ ദുഅ ( 2 പാലക്കാട്), ശിവാത്മിക(5 കോഴിക്കോട്). ഷെനോബിയ( 40 കോഴിക്കോട്), ഷാഹിഹ ബാനു( 29 കോഴിക്കോട്)എന്നിവരാണ് മരിച്ചത്. മറ്റുള്ളവർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്.
വെള്ളിയാഴ്ച രാത്രി കരിപ്പൂരിലിറങ്ങിയ ഐ.എക്സ്. 344 ദുബായ് – കോഴിക്കോട് വിമാനമാണ് 7.52-ന് അപകടത്തില്‍പ്പെട്ടത്.കോക്പിറ്റ് ഉള്‍പ്പെടുന്ന ഭാഗം മതിലില്‍ ഇടിച്ചാണ് നിന്നത്. 184 യാത്രക്കാരുമായി 30 അടി ഉയരത്തിൽനിന്ന് വീണ വിമാനം രണ്ടായി പിളർന്ന് സുരക്ഷാവേലി തകർത്ത് റൺവേയുടെ പുറത്തേക്ക് തെറിച്ചു. 122 യാത്രക്കാർക്ക് പരിക്കേറ്റു. ഇതിൽ 15 പേരുടെ നില ഗുരുതരമാണ്. മഹാരാഷ്ട്ര സ്വദേശിയായ പൈലറ്റ് ക്യാപ്റ്റൻ ദീപക് വസന്ത്, സഹ പൈലറ്റ് അഖിലേഷ് അടക്കം 17 പേരാണ് മരിച്ചത്. ഇറങ്ങുമ്പോൾ റൺവേയിലൂടെ മുന്നിലേക്ക് തെന്നിയ വിമാനം വീണ്ടും പറന്നുയരാൻ ശ്രമിക്കുന്നതിനിടെയാണ് അപകടം. കൊണ്ടോട്ടി- കുന്നുംപുറം റോഡിൽ മേലങ്ങാടിവഴിയുള്ള സുരക്ഷാവേലി തകർത്താണ് വീണത്. കോക്പിറ്റുമുതൽ മുൻ വാതിൽവരെയുള്ള ഭാഗം തകർന്നു. മുൻവാതിലിന്റെ ഭാഗത്താണ് വിമാനം രണ്ടായി മുറിഞ്ഞത്. തീപിടിക്കാത്തതിനാൽ വൻ ദുരന്തമൊഴിവായി.
അപകടത്തിനു പിന്നാലെ നാട്ടുകാരുടെ സഹകരണത്തോടെയാണ് രക്ഷാപ്രവർത്തനം ആരംഭിച്ചത്. സ്ഥലത്തെത്തിയ ആംബുലൻസിൽ പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കൽ കോളേജ്, മിംസ് ആശുപത്രി, ബേബി മെമ്മോറിയൽ ആശുപത്രി, കൊണ്ടോട്ടി റിലീഫ് ആശുപത്രി എന്നിവിടങ്ങളിൽ പ്രവേശിപ്പിച്ചു.