കോഴിക്കോട് : ദുബായ് ∙ ‘ബാക് ടു ഹോം’ എന്ന ക്യാപ്ഷനോടെ വിമാനത്തിലിരിക്കുന്ന പടം തന്റെ ഫെയ്സ് ബുക്ക് പേജിൽ പോസ്റ്റ് ചെയ്യുമ്പോേൾ കോഴിക്കോട് കുന്ദമംഗലം സ്വദേശി ഷറഫു പിലാശ്ശേരി കരുതിയിരിക്കില്ല, ഇത് അവസാനത്തെ യാത്രയായിരിക്കുമെന്ന്. കോഴിക്കോട് വിമാനാപകടത്തിൽ മരിച്ച ഇൗ യുവാവ് ഭാര്യക്കും ഏക മകൾക്കും ഒപ്പമാണ് യാത്ര തിരിച്ചത്. എന്നാൽ, പരുക്കേറ്റ ഭാര്യയും മകളും ഏത് ആശുപത്രിയിലാണ് ഉള്ളതെന്ന് ഇതുവരെ ബന്ധുക്കൾക്ക് വിവരം ലഭ്യമായിട്ടില്ല. ഇവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് ബന്ധുക്കളും ദുബായിലെ സുഹൃത്തുക്കളും.
വർഷങ്ങളായി യുഎഇയിലുള്ള ഷറഫു ദുബായിലെ നാദകിലാണ് ജോലി ചെയ്തിരുന്നത്. നല്ലൊരു സൗഹൃദ വലത്തിനുടമയായ ഇദ്ദേഹത്തെ പുഞ്ചിരിച്ച മുഖത്തോടെയല്ലാതെ സുഹൃത്തുക്കൾ കണ്ടിരുന്നില്ല. സാമൂഹിക രംഗത്തും സജീവമായിരുന്ന ഷറഫു സമൂഹ മാധ്യമങ്ങളിലും നിറസാന്നിധ്യമായിരുന്നു.
വിമാന അപകടമുണ്ടായ ഉടൻ തന്നെ ഷറഫുവിന്റെ യുഎഇയിലെ ബന്ധുക്കളും സുഹൃത്തുക്കളും ഞെട്ടലിലായിരുന്നു. മിക്കവരും നാട്ടിലേയ്ക്ക് വിളിച്ച് അപകട വിവരം ആരായുമ്പോഴും തങ്ങളുടെ പ്രിയ സുഹൃത്തിന് അപകടമൊന്നും പറ്റരുതേ എന്ന പ്രാർഥനയിലായിരുന്നു.
എന്നാൽ എല്ലാവരെയും അതീവ ദുഃഖത്തിലാഴ്ത്തി മരിച്ചവരുടെ പട്ടികയിൽ ആദ്യം തന്നെ ഷറഫുവിന്റെ പേര് തെളിഞ്ഞു. ഇതോടെ സുഹൃത്തുക്കൾ പരസ്പരം ഫോൺ വിളിച്ച് സങ്കടം പങ്കുവച്ചു. അതോടൊപ്പം ഷറഫുവിന്റെ പ്രിയതമയെയും പൊന്നുമോളെയും കുറിച്ച് അന്വേഷണവും ആരംഭിച്ചു. അവർക്ക് അപകടമൊന്നും സംഭവിച്ചിട്ടുണ്ടാകരുതേ എന്ന പ്രാർഥനയിലാണ് എല്ലാവരും..അതേസമയം വിമാനാപകടത്തിൽ മരണം 19 ആയി