തൃശൂര്‍: ജില്ലയില്‍ കനത്ത മഴയോടൊപ്പം ആഞ്ഞു വീശിയ ചുഴലിക്കാറ്റില്‍ വ്യാപക നാശം. ചാലക്കുടി, ഗുരുവായൂര്‍, ആമ്ബല്ലൂര്‍ മേഖലകളില്‍ മരങ്ങള്‍ വീണ് വീടുകള്‍ തകര്‍ന്നു. വിവിധ പ്രദേശങ്ങളില്‍ കൃഷിയ്ക്കും നാശനഷ്ടമുണ്ടായി. ചാലക്കുടി മേഖലയിലുണ്ടായ ചുഴലിക്കാറ്റില്‍ ഏകദേശം ഒരു കോടിയിലധികം രൂപയുടെ നഷ്ടം കണക്കാക്കുന്നു. മേഖലയില്‍ വ്യാപക കൃഷിനാശമുണ്ടായിട്ടുണ്ട്. മോതിരക്കണ്ണിയില്‍ മൂന്ന് മിനിറ്റ് നീണ്ടു നിന്ന ചുഴലിക്കാറ്റാണുണ്ടായത്. നിരവധി വൈദ്യുതി പോസ്റ്റുകളും മരങ്ങളും കടപുഴകി വീണു.
ഇതേ തുടര്‍ന്ന് വൈദ്യുതി വിതരണവും തടസപ്പെട്ടു. ചാലക്കുടി മോതിരക്കണ്ണി, കുറ്റിക്കാട് മേഖലകളില്‍ കനത്ത നാശം. പരിയാരം പഞ്ചായത്തിലെ വിവിധയിടങ്ങളില്‍ ശക്തമായ കാറ്റില്‍ വൈദ്യുതി പോസ്റ്റുകളും മരങ്ങളും കട പുഴകി വീണു. മരങ്ങള്‍ വീണ് നിരവധി വീടുകള്‍ തകര്‍ന്നു. മോതിരക്കണ്ണിയില്‍ തട്ടാശ്ശേരി ഷാജിയുടെ വീടിന് മുന്നില്‍ പാര്‍ക്ക് ചെയ്തിരുന്ന കാറിലും ആവീട്ടി വീട്ടില്‍ അശോകന്റെ സ്കൂട്ടിന് മുകളിലേക്കും മരങ്ങള്‍ വീണിട്ടുണ്ട്. ഗുരുവായൂര്‍ കരുവാന്‍പടിയില്‍ റെയില്‍വേഗേറ്റിന് സമീപം തയ്യില്‍ ദിനേശിന്റെ വീടിന് മുകളില്‍ മരം വീണ് തകര്‍ന്നു. ഓട് വീണ് ദിനേശിന് പരിക്കേറ്റു. കര്ണ്ണങ്കോട്ട് പുലിമാന്തിപ്പറമ്ബില് സന്തോഷിന്റെ വീടും മരം വീണ് തകര്‍ന്നു. ആമ്ബല്ലൂര്‍ വരാക്കരയില്‍ ചേലൂക്കാരന്‍ സന്തോഷിന്റെ വീടിന് മുകളില്‍ മാവ് കടപുഴകി വീണ് മുന്‍ഭാഗം തകര്‍ന്നു.
ചാലക്കുടി. ചാലക്കുടിയുടെ കിഴക്കന്‍ മലയോര മേഖലയില്‍ ചുഴലിക്കാറ്റില്‍ വ്യാപക കൃഷി നാശമുണ്ടായി. കൊന്നക്കുഴി ചക്രപാണി എച്ചിപ്പാറിയില് ഇലഞ്ഞിക്കല്‍ ഷാജുവിന്റെ ഓട് വീടിന് മുകളില്‍ സമീപത്തെ പറമ്ബിലെ തെങ്ങ് ഒടിഞ്ഞ് വീണ് വീടു തകര്‍ന്നു. വീട്ടിലുണ്ടായിരുന്ന ഷാജുവിനും (53) മകന് ഷെറി
നും പരിക്കേറ്റു.
ഇവരെ ചാലക്കുടി സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വീട്ടിലുണ്ടായിരുന്ന ഷാജുവിന്റെ ഭാര്യ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ഇന്നലെ രാവിലെ ഒന്പതോടെയായിരുന്നു ചുഴലിക്കാറ്റ് ഉണ്ടായത്. ചക്കാലക്കല്‍ ദേവസിക്കുട്ടിയുടെ വാഴകൃഷി നശിച്ചു. ഓണത്തിന് വിളവെടുക്കുവാന്‍ പാകമാകുന്ന 450 നേന്ത്രവാഴയാണ് ഒടിഞ്ഞു പോയത്. മോതിരക്കണ്ണി ജങ്ഷന് കേന്ദ്രീകരിച്ചാണ് കൂടുതല്‍ നാശം. ജങ്ഷനില്‍ തന്നെ പത്ത് ഇലക്ട്രിക് പോസ്റ്റുകള്‍ ഒടിഞ്ഞു. മോതിരക്കണ്ണി പള്ളിയുടെ ഭാഗത്തും പോസ്റ്റുകള്‍ ഒടിഞ്ഞിട്ടുണ്ട്.
ജങ്ഷന് സമീപത്തുള്ള ബാബു പെരുമ്ബുള്ളിക്കാടന്റെ വീട്ടിലുള്ള പത്ത് വലിയ കായ്ക്കുന്ന ജാതി കടപുഴക്കി മറിയുകയും അഞ്ച് അടക്കാമരം ഒടിഞ്ഞ് വീഴുകയും ചെയ്തു. ജാതി മരം വീടിന്റെ മുന്‍വശത്തേക്ക് വീണ് വീടിന് കേടുപാടുകള്‍ സംഭവിച്ചു. ഇവരുടെ ഓട് വീടിനും ജാതി മരം വീണ് കേടുപാടുകളുണ്ടായി. മാളിയേക്കല്‍ ജെയ്സന്റെ വീടിന് സമീപത്തെ തേക്ക് മരം വീടിന്റെ മുകളിലേക്ക് വീണ് വീടിന് പൊട്ടല്‍ വീണു. വീടിന്റെ ഉള്ളിലും കേടുപാടുകള്‍ സംഭവിച്ചു. സമീപത്തെ മാളിയേക്കല്‍ അമ്മിണിയുടെ വീടിന്റെ മുകളിലേക്കും മരം ഒടിഞ്ഞ് വീണു. തോട്ട്യാന്‍ തോമാസിന്റെ തേക്ക് മരം ഒടിഞ്ഞ് വീണു.
താഴുങ്ങ ഫ്രാന്‍സീസിന്റെ റബ്ബര്‍ മരങ്ങള്‍ ഒടിഞ്ഞു. കരിപ്പായി ഡേവീസന്റെ മാവും പ്ലാവും ഒടിഞ്ഞു വീണു. തട്ടാശ്ശേരി ഷാജി, പോട്ടശ്ശേരി മുകന്ദന് ഇവരുടെ വീട്ടിലെ ജാതിയും നിരവധി മരങ്ങളും വീണു. മോതിരക്കണ്ണി പള്ളിയുടെ പാരിഷ് ഹാളിന്റെ മതില് സമീപത്ത് നിന്ന് മാവ് ഒടിഞ്ഞ് വീണ് കേടുപാടുകള്‍ സംഭവിക്കുകുയം ഇലക്ട്രീക് പോസ്റ്റ് ഒടിയുകയും ചെയ്തു.
എലിഞ്ഞിപ്ര കടുങ്ങാടില്‍ നടന് തിലകന്റെ മകന് പാലപുരത്തു ഷാജി തിലകന്റെ വീടിന് മുകളിലേക്ക് തെങ്ങ് വീണു. മേഖലയില്‍ ഇന്നലെ ഉച്ചതിരിഞ്ഞുണ്ടായ ശക്തമായ കാറ്റിലും മഴയിലുമാണ് തെങ്ങു ഒടിഞ്ഞു വീണത്. വീടിന് സാരമായി കേടുപാടുകള്‍ സംഭവിച്ചു. തിലകന്റെ ഭാര്യയും മകന് ഷാജിയുടെ ഭാര്യയും മകളും മാത്രമേവീട്ടില്‍ ഉണ്ടായിരുന്നുള്ളു. ഇവര്‍ പരിക്കേല്ക്കില്ലാതെ രക്ഷപ്പെട്ടു.
പുതുക്കാട് : പുതുക്കാട്, ആമ്ബല്ലൂര്‍ മേഖലകളിലും വ്യാപക നാശനഷ്ടം. പുതുക്കാട് പോലീസ് സ്റ്റേഷന് സമീപം സ്വകാര്യ വ്യക്തിയുടെ പറമ്ബിലെ തേക്ക് വീണ് ട്രാന്‍സ്ഫോമര്‍ മറിഞ്ഞു. പുതുക്കാട് പോലീസ് സ്റ്റേഷന്റെ വാഹന പാര്‍ക്കിങ് ഷെഡിന് മുകളിലേക്ക് തേക്ക് മരം വീണ് ഷെഡിന് കേടുപാടുകള്‍ സംഭവിച്ചു. സമീപത്തെ ഇലക്ട്രിക് പോസ്റ്റുകളും ഒടിഞ്ഞു വീണു. വരാക്കര പുളിഞ്ചോടില്‍ മാവ് വീണ് വീട് തകര്‍ന്നു.
ചേലൂക്കാരന്‍ സലേഷിന്റെ ഓടിട്ട വീടാണ് പൂര്‍ണ്ണമായും തകര്‍ന്നത്. സംഭവ സമയത്ത് വീടിന്റെ മുന്നില്‍ നില്‍ക്കുകയായിരുന്ന സലേഷും അമ്മയും രണ്ട് കുട്ടികളും മരം വീഴുന്നത് കണ്ട് ഓടി രക്ഷപ്പെടുകയായിരുന്നു. ആമ്ബല്ലൂര്‍ കല്ലൂര്‍ റോഡിലേയ്ക്ക് മരം വീണ് ഗതാഗതം
പൂര്‍ണ്ണമായും തടസ്സപ്പെട്ടു.
മരം വീണ് ഇലക്ട്രിക് പോസ്റ്റ് ഒടിഞ്ഞു. പുതുക്കാട് ഫയര്‍ഫോഴ്സാണ് മരം മുറിച്ചു മാറ്റി ഗതാഗതം പുനഃസ്ഥാപിച്ചത്. കണ്ണംപത്തൂര്‍ ഓട്ടുകമ്ബനിക്ക് സമീപവും ചെങ്ങാലൂര്‍ എല്ലുപൊടി കമ്ബനിക്ക് സമീപവും ഞെള്ളൂര്‍ അമ്ബലത്തിന് സമീപവും മരം വീണ് ഇലക്ട്രിക് പോസ്റ്റുകള്‍ തകര്‍ന്നു.
അന്തിക്കാട്: താന്ന്യം ഗ്രാമ പഞ്ചായത്ത് കിഴക്കുംമുറി 6ാം വാര്‍ഡില്‍ സോമശേഖരക്ഷേത്രപരിസരത്ത് പുളിമരം വീണ് വലിയപറമ്ബില്‍ രാജുവിന്റെ വീടിന് വിള്ളലും ബാത്ത് റൂമിന് സാരമായ കേടുപാടുകളുമുണ്ടായി. പെരിങ്ങോട്ടുകര ലൂണാ ബസ്സ് സ്റ്റോപ്പില്‍ തെങ്ങ് കട
പുഴകി വൈദ്യുതി ലൈനില്‍ വീണ് വാഹന ഗതാഗതം തടസപ്പെട്ടു. കെഎസ്ഇബി ജീവനക്കാരെത്തി തെങ്ങ് മുറിച്ചു മാറ്റിയാണ് ഗതാഗതം പുന:സ്ഥാപിച്ചത്. കിഴുപ്പിള്ളിക്കരയില്‍ മ മഴയിലും കാറ്റിലും നാലോളം വീടുകള്‍ക്ക് നാശമുണ്ടായി കണിയാംപറമ്ബില്‍ സഫീര്‍ ,കരിപ്പാക്കുളം സലീം, വൈക്കത്ത് ശിവദാസമേനോന് ,മേല്‍ വീട്ടില്‍ ചന്ദ്രന് എന്നിവരുടെ വീടുകള്‍ക്കാണ് നാശം സംഭവിച്ചത്. പ്രദേശത്തെ വൈദ്യുതി ബന്ധവും നിലച്ചു.
മണ്ണുത്തി: ശക്തമായ കാറ്റില്‍ ഒല്ലൂര്‍ പടവരാടില് സബ്സ്റ്റേഷന് സമീപം മരം കടപുഴകി വീണു. തുടര്‍ന്ന് ഗതാഗതം തടസപ്പെട്ടു. മേഖലയില്‍ നിരവധി ഇലക്ട്രിക് പോസ്റ്റുകള്‍ ഒടിഞ്ഞു വീണിട്ടുണ്ട
നടത്തറ ഇലിഞ്ഞികുളം അയ്യരുകുന്നില് കനത്ത കാറ്റിലും മഴയിലും മരങ്ങള്‍ വീണ് ഗതാഗതം തടസ്സപ്പെട്ടു. മദിരാശി മരവും തെങ്ങും ശക്തമായ കാറ്റിലും മഴയിലും റോഡിലേക്ക് മറിഞ്ഞു വീഴുകയായിരുന്നു.
പുത്തുര്‍ – മാന്ദാമംഗലം ഭാഗങ്ങളിലും നിരവധി മരങ്ങള്‍ നിലംപതിച്ചു. മേഖലയിലെ വിവിധ സ്ഥലങ്ങളില്‍ ജാതി മരം, തേക്ക് ഏന്നിവയും മറിഞ്ഞു വീണു. ചിറക്കാക്കോട് കട്ടിലപുവ്വം കച്ചിതോട് മേഖലകളിലും ശക്തമായ കാറ്റ് മൂലം കൃഷിക്ക് നാശനഷ്ടങ്ങള്‍ ഉണ്ടായി. പാണഞ്ചേരിയിലും ശക്തമായ കാറ്റിലും മഴയിലും കൃഷിയിടങ്ങളില്‍ കവുങ്ങ്, ജാതി തൈകള്‍ മറിഞ്ഞു വീണു. റോഡുകളില്‍ വെള്ളം കയറി ഗതാഗതയോഗ്യമല്ലാതായി.
മാള : മാളയില്‍ കാറ്റില്‍ നിരവധി മരങ്ങളും വാഴകളും ഒടിഞ്ഞു വീണു. പുത്തന്‍ചിറ കുന്നത്തേരിയില്‍ പുത്തന്‍ചിറ പഞ്ചായത്ത് വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയര്മാന് പി.ഐ നിസാറിന്റെ പറമ്ബിലെ നൂറോളം വാഴകളാണ് കാറ്റത്ത് വീണത്. അമ്ബതിനായിരം രൂപയുടെ നഷ്ടം കണക്കാക്കുന്നു.