മടിക്കൈയില്‍ ജനപ്രതിനിധിക്ക് പിറകെ സി.പി.എം ബ്രാഞ്ച് സെക്രട്ടറിക്കും കോവിഡ്; ഏരിയാസെക്രട്ടറിയുള്പ്പെടെ 54 പേര് നിരീക്ഷണത്തില്‍
കാഞ്ഞങ്ങാട്: മടിക്കൈയില്‍ ജനപ്രതിനിധിക്ക് പിറകെ സി.പി. എം ബ്രാഞ്ച് സെക്രട്ടറിക്കും കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ കൂടുതല്‍ സി.പി.എം നേതാക്കള്‍ നിരീക്ഷണത്തില്‍ പോയി. മടിക്കൈ കാലിച്ചാംപൊതി സ്വദേശിയായ ബ്രാഞ്ച് സെക്രട്ടറിക്കാണ് വ്യാഴാഴ്ച കോവിഡ് പോസിറ്റീവായത്. മെഡിക്കല്‍ റെപ്രസന്റേറ്റീവും ബാങ്ക് വാച്ചുമാനും കൂടിയായ ബ്രാഞ്ച് സെക്രട്ടറി കാസര്‍കോട് ജില്ലയില്‍ ഉടനീളം സഞ്ചരിക്കുന്നയാളാണ്. നേരത്തെ മടിക്കൈ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷനായ സി.പി.എം നേതാവിന് രോഗബാധ സ്ഥിരീകരിച്ചിരുന്നു. ജനപ്രതിനിധിയുടെ സമ്പര്‍ക്കത്തില്‍ വന്ന നീലേശ്വരം ഏരിയാസെക്രട്ടറി ടി.കെ രവി നീലേശ്വരം താലൂക്ക് ആസ്പത്രിയില്‍ ആര്.ടി.പി.സി.ആര് പരിശോധനയ്ക്ക് സ്രവം നല്‍കിയിട്ടുണ്ട്. നീലേശ്വരത്ത് നടത്തിയ മൂന്ന് റാപ്പിഡ് ടെസ്റ്റില്‍ മരക്കാപ്പ് കടപ്പുറം സ്വദേശിയായ കാഞ്ഞങ്ങാട് നഗരസഭാ മുന്‍ കൗണ്‍സിലര്‍ക്ക് കോവിഡ് പോസിറ്റീവാണെന്ന് കണ്ടെത്തി. നീലേശ്വരം ഏരിയാസെക്രട്ടറിയടക്കം 54 പേരും പിന്നീട് സ്രവം നല്‍കുകയായിരുന്നു. ഇവരെല്ലാം നിരീക്ഷണത്തില്‍ പോയിട്ടുണ്ട്. കാസര്‍കോട്ടെ ജ്വല്ലറി ജീവനക്കാരനായ തട്ടാച്ചേരി സ്വദേശി, ശ്രീനഗറില്‍ നിന്നെത്തിയ കരുവാച്ചേരി സ്വദേശി എന്നിവരും കോവിഡ് പോസിറ്റീവാണ്.