എസ്.ഐയുടെ ഭാര്യ പാമ്പുകടിയേറ്റ് മരിച്ചത് ചികിത്സാ പിഴവുമൂലം. മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കുംബന്ധുക്കൾ പരാതി നൽകി. ആന്റിവെനം നല്‍കിയത് മൂന്നരമണിക്കൂറിന് ശേഷം
കാസര്‍കോട്: കാസര്‍കോട് ഡിസ്ട്രിക്ട് ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോ എസ്.ഐ കെ. ലതീഷിന്റെ ഭാര്യ നീലേശ്വരം പള്ളിക്കരയിലെ എം.വി അര്‍ച്ചന(40) പാമ്പുകടിയേറ്റ് മരിച്ച സംഭവത്തില്‍ ചികിത്സാപിഴവ് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും പരാതി നല്കി. ലതീഷിന്റെ സഹോദരന് പുതുക്കൈ ചൈതന്യയിലെ കെ. സനീഷാണ് പരാതി നല്‍കിയത്. അണലിയുടെ കടിയേറ്റ് അഞ്ച് ആസ്പത്രികളില്‍ ചികിത്സ തേടിയിട്ടും അര്‍ച്ചന മരിക്കാനിടയായതിന് കാരണം ഗുരുതരമായ അനാസ്ഥയും പിഴവുമാണെന്നാണ് പരാതിയില്‍ പറയുന്നത്. ജൂലൈ 21ന് വൈകിട്ട് 6.30 മണിയോടെയാണ് അര്‍ച്ചനക്ക് വീട്ടുപറമ്പില്‍ നിന്ന് പാമ്പിന്റെ കടിയേറ്റത്. ഡ്യൂട്ടി കഴിഞ്ഞെത്തി വീട്ടിലുണ്ടായിരുന്ന ലതീഷ് അര്‍ച്ചനയെ 20 മിനുട്ടിനകം അയല്‍വാസികളെയും കൂട്ടി കാറില്‍ ജില്ലാ ആസ്പത്രിയിലെത്തിച്ചിരുന്നു. എന്നാല്‍ രക്തപരിശോധന നടത്താതെ വിഷബാധ സ്ഥിരീകരിക്കാനാകില്ലെന്നുപറഞ്ഞ ഡ്യൂട്ടിഡോക്ടര്‍ യുവതിയെ അരമണിക്കൂറോളം അത്യാഹിതവിഭാഗത്തില്‍ കിടത്തി. പാമ്പുകടിയേറ്റതായി അര്‍ച്ചനയും ഭര്‍ത്താവും ആവര്‍ത്തിച്ചുപറഞ്ഞെങ്കിലും പാമ്പിനെ നേരിട്ടോ ഫോട്ടോയോ കാണാതെ ഉറപ്പിക്കാനാകില്ലെന്ന് പറഞ്ഞ് ഡോക്ടര്‍ കയര്ത്തുസംസാരിച്ചതായി പരാതിയില്‍ വ്യക്തമാക്കി. അര്‍ച്ചനയെ പിന്നീട് തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റുകയായിരുന്നു. എന്നാല്‍ പാമ്പുവിഷത്തെ പ്രതിരോധിക്കുന്നതിനുള്ള ആദ്യഡോസ് ആന്റിവെനം നല്കാന് മൂന്നരമണിക്കൂര്‍ വൈകിയെന്നും പരാതിയില്‍ കുറ്റപ്പെടുത്തി. പിറ്റേദിവസം വിഷം ശരീരത്തില്‍ വ്യാപിച്ചുവെന്നും വൃക്കയുടെ പ്രവര്‍ത്തനത്തെ ബാധിച്ചുവെന്നും ചൂണ്ടിക്കാട്ടി അര്‍ച്ചനയെ പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകാന്‍ ജില്ലാ ആസ്പത്രിയില്‍ നിന്ന് നിര്‍ദ്ദേശം നല്കി. ഇവിടെ ഐ.സി.യുവില്‍ പ്രവേശിപ്പിച്ച ശേഷം ഡയാലിസിസ് നടത്തി. ഇവിടെ ചികിത്സയില്‍ കഴിയുന്ന കോവിഡ് രോഗികളുടെ എണ്ണം പെരുകിയതോടെ യുവതിയെ 25ന് കണ്ണൂര്‍ എ.കെ.ജി ആസ്പത്രിയിലേക്ക് മാറ്റി. 30ന് ഉച്ചക്ക് നില ഗുരുതരമായതോടെ 30ന് കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി. ഇവിടെയും കോവിഡ് ബാധിതര്‍ നിറഞ്ഞതോടെ ആസ്റ്റര്‍ മിംസിലേക്ക് മാറ്റി. ഇവിടെ ചികിത്സയിലായതിന് ശേഷം അര്‍ച്ചനയുടെ പാമ്പുകടിയേറ്റ കാല് ആദ്യം മുട്ടിന് മുകളിലേക്കും പിന്നീട് പൂര്‍ണമായും മുറിച്ചുമാറ്റി. അപ്പോഴേക്കും വൃക്കയുടെ പ്രവര്‍ത്തനം പൂര്‍ണ്ണമായി നിലച്ചിരുന്നു. 13 ദിവസത്തെ ദുരിതത്തിന് ശേഷം ആഗസ്ത് രണ്ടിന് രാത്രി അര്‍ച്ചന മരണപ്പെട്ടു. ജില്ലാ ആസ്പത്രിയിലെ ഡോക്ടറുടെ അനാസ്ഥയും ചികിത്സ നല്കാന് വൈകിയതുമാണ് മരണകാരണമെന്നും സംഭവത്തെക്കുറിച്ച് അന്വേഷിച്ച് ഡോക്ടര്‍ക്കെതിരെ നടപടിയെടുക്കണമെന്നുമാണ് പരാതിയിലെ ആവശ്യം.