രാജ്യത്തെ സ്കൂളുകളും കോളേജുകളും അടുത്ത മാസം മുതൽ തുറന്നേക്കും: ആദ്യഘട്ടത്തിൽ 10,11,12 ക്ലാസുകൾ മാത്രം
ന്യൂഡൽഹി: കൊവിഡിന്റെ പശ്ചാത്തലത്തിൽ അടച്ചിട്ടിരിക്കുന്ന രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടുത്തമാസം ഒന്നു മുതൽ തുറക്കാൻ കേന്ദ്ര സർക്കാർ അനുമതി നൽകിയേക്കുമെന്ന് റിപ്പോർട്ട്. ഇതുസംബന്ധിച്ച മാർഗരേഖ ഈമാസം അവസാനം കേന്ദ്രസർക്കാർ പുറത്തിറക്കിയേക്കും. സെപ്തംബർ ഒന്നിനും നവംബർ 14 നും ഇടയിൽ ഘട്ടം ഘട്ടമായാകും സ്കൂളുകൾ തുറക്കുക. ഇതുസംബന്ധിച്ച് കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയത്തിന്റെ നിർദേശം കഴിഞ്ഞ ദിവസം കേന്ദ്ര ആരോഗ്യമന്ത്രി ഹർഷ് വർദ്ധന്റെ അദ്ധ്യക്ഷതയിൽ ചേർന്ന വിവിധ കേന്ദ്ര മന്ത്രാലയങ്ങളുടെ സെക്രട്ടറിമാർ അടങ്ങുന്ന സമിതി ചർച്ച ചെയ്തിരുന്നു. തുടർന്നാണ് ഇക്കാര്യത്തിൽ തീരുമാനമെടുത്തതെന്നാണ് റിപ്പോർട്ട്.ആദ്യ പതിനഞ്ച് ദിവസം 10,11,12 ക്ലാസുകളാകും തുടങ്ങുക. പിന്നീട് 6 മുതൽ 9 വരെയുള്ള ക്ലാസുകളും ആരംഭിക്കും. പ്രൈമറി, പ്രീ പ്രൈമറി ക്ലാസുകൾ ഉടൻ തുടങ്ങില്ലെന്നാണ് ലഭിക്കുന്ന സൂചന. അതേസമയം രോഗ വ്യാപന സാദ്ധ്യത കണക്കിലെടുത്ത് സ്കൂളുകൾ എപ്പോൾ തുറക്കണമെന്ന് തീരുമാനിക്കാനുളള അധികാരം സംസ്ഥാനങ്ങൾക്ക് നൽകിയേക്കും എന്നും കേൾക്കുന്നുണ്ട്. സ്കൂളുകൾ തുറക്കാൻ അനുവദിക്കണമെന്ന് കൊവിഡ് വ്യാപനം കുറഞ്ഞ സംസ്ഥാനങ്ങൾ കേന്ദ്ര സർക്കാരിനോട് അഭ്യർത്ഥിച്ചിരുന്നു. സെപ്തംബർ മുതൽ സ്കൂളുകളും കോളേജുകളും തുറക്കാൻ അനുവദിക്കണമെന്നാണ് കേരളം ആവശ്യപ്പെട്ടിരിക്കുന്നത്.സാമൂഹിക അകലം പാലിച്ചായിരിക്കും കുട്ടികളെ ഇരുത്തുന്നത്. രണ്ട് കുട്ടികൾ തമ്മിൽ ആറടി അകലം കർശനമാക്കും. അതിനാൽ നിലവിലെ ക്ളാസ് മുറികൾ മതിയാകില്ല. ഈ പ്രശ്നം പരിഹരിക്കാൻ ഷിഫ്റ്റ് സംബ്രദായം ഏർപ്പെടുത്തും. രാവിലെ 8 മുതൽ 11 വരെയും, 12 മുതൽ മൂന്ന് വരെയുമാകും ഷിഫ്റ്റ്. ഇടവേള ആയി ലഭിക്കുന്ന ഒരു മണിക്കൂർ ക്ളാസ് റൂമുകൾ ഉൾപ്പെടെ സാനിറ്റൈസ് ചെയ്യാൻ അനുവദിക്കും. അദ്ധ്യാപകരുൾപ്പടെ 33 ശതമാനത്തെ മാത്രമാകും ഒരു സമയം സ്കൂളിൽ അനുവദിക്കുക.അസംബ്ലി, പി.ടി പീരീഡ്, കായിക മത്സരങ്ങൾ എന്നിവ അനുവദിക്കില്ല.