കാസർകോട് -കാഞ്ഞങ്ങാട് ചന്ദ്രഗിരി റൂട്ടിൽ വഴിവിളക്കുകൾ കണ്ണടച്ചു. ജനം ദുരിതത്തിൽ.
കാഞ്ഞങ്ങാട് : കോടിക്കണക്കിന് രൂപ ചെലവിട്ട് നവീകരിച്ച് ഒരുവർഷം പിന്നിടുേന്പാഴേക്കും കാഞ്ഞങ്ങാട്-കാസർകോട് സംസ്ഥാനപാതയിലെ വിളക്കുകൾ കണ്ണടച്ചു.
55 ഇരുകൈവിളക്കുകളും 344 ഒറ്റക്കൈവിളക്കുകളുമാണ് 28 കിലോമീറ്റർ ദൈർഘ്യമുള്ള പാതയിലുള്ളത്. അതിൽ 90 ശതമാനവും ഇപ്പോൾ കത്തുന്നില്ല.
ഇതേ അവസ്ഥയാണ് ട്രാഫിക് നിയന്ത്രണത്തിനായി സ്ഥാപിച്ച സിഗ്നൽവിളക്കുകൾക്കും സംഭവിച്ചത്. വിരലെണ്ണാവുന്നവ മാത്രമാണ് ഇപ്പോൾ കത്തുന്നത്.
സൗരോർജത്തിൽ പാനലും ബറ്ററികളും ഉപയോഗിച്ച് ഓട്ടോമറ്റിക്കായി പ്രവർത്തിക്കുന്നവയാണ് വിളക്കുകളെല്ലാം. തെരുവുവിളക്കുകൾ കൃത്യമായ പരിപാലനമില്ലാത്തതിനാലാണ് അകാലചരമം പ്രാപിച്ചത്. തൂണുകളും ബറ്ററിപ്പെട്ടികളുമടക്കം തുരുമ്പെടുത്തുകൊണ്ടിരിക്കുകയാണ്.
സിഗ്നൽവിളക്കുകളാകട്ടെ വാഹനങ്ങൾ ഇടിച്ചും മറ്റുമാണ് തകർന്നത്. 136 കോടി അടങ്കലുള്ള റോഡ് നിർമാണത്തിൽ വിളക്കുകൾ സ്ഥാപിക്കാൻ മാത്രം ലക്ഷങ്ങൾ ചെലവഴിച്ചിട്ടുണ്ട്.
മുൻപ് റോഡ് കടന്നുപോകുന്ന വഴിയിൽ തദ്ദേശസ്ഥാപനങ്ങൾ ഒരുക്കിയിരുന്ന തെരുവുവിളക്കുകൾ നവീകരണത്തോടെ സൗരോർജവിളക്കുകൾക്ക് വഴിമാറിക്കൊടുക്കുകയായിരുന്നു. ഇപ്പോൾ പലയിടത്തും രണ്ടും ഇല്ലാത്ത അവസ്ഥയാണ്. ആകെയുള്ളത് എം.എൽ.എ. പദ്ധതികളിലും മറ്റും പ്രധാന കവലകളിൽ സ്ഥാപിച്ച ഹൈമാസ്റ്റ് ലൈറ്റുകളാണ്.
നവീകരണത്തോടെ ദേശീയപാത വഴി സഞ്ചരിച്ചിരുന്ന അന്യസംസ്ഥാനത്തുനിന്നുമുള്ള വാഹനങ്ങൾ മിക്കവയും ചന്ദ്രഗിരിപ്പാത വഴിയാണ് കടന്നുപോകുന്നത്. ഇങ്ങനെ രാപകൽ ഭേദമില്ലാതെ വാഹനതിരക്കേറിയ പാതയിലാണ് സിഗ്നൽവിളക്കുകളടക്കം ഭൂരിഭാഗം വിളക്കുകളും കണ്ണുചിമ്മിയത്.
അമിതവേഗം കാരണം വാഹനാപകടം കൂടിയ ചന്ദ്രഗിരിപ്പാതയിൽ വിളക്കുകൾ ഇല്ലാത്തത് ദുരന്തം ക്ഷണിച്ചുവരുത്തുന്നതിന് തുല്യമാണ്.